
കൊച്ചി: ശബരിമല സ്വർണ കവർച്ച ക്കേസിൽ നിലവിലെ ദേവസ്വം പ്രസിഡന്റും തിരുവാഭരണം കമ്മിഷണറുമടക്കം കുരുങ്ങുമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. 2019ലെ സ്വർണമോഷണം മറച്ചുവെക്കാനാണ് 2025ലും ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാൻ ദേവസ്വം ബോർഡ് ഉത്സാഹം കാട്ടിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിൽ, ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ നിലവിലെ സ്ഥാനത്തിന് ഭീഷണിയുണ്ടായേക്കുമെന്നാണ് സൂചന.
ശബരിമല സ്വർണക്കൊള്ളയ്ക്കു പിന്നിലെ വിപുലമായ ഗൂഢാലോചന കണ്ടെത്തണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി. നിലവിൽ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തും തിരുവാഭരണം കമ്മിഷണർ റജിലാലുമാണ്.
കവർച്ചയിൽ പങ്കുള്ള ഓരോ ദേവസ്വം ഉദ്യോഗസ്ഥനെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്തുനിന്ന് താഴേക്ക് പങ്കുള്ള ഓരോരുത്തരിലേക്കും അന്വേഷണം എത്തണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. ദേവസ്വം ബോർഡ് മിനിട്ട്സ് പിടിച്ചെടുക്കാനും ഉത്തരവിട്ടു.
സംശയം ബലപ്പെടുന്നു
1998-99ൽ ശ്രീകോവിലിലടക്കം പൊതിഞ്ഞത് 30.291 കിലോ സ്വർണമായിരുന്നു. 2019ൽ ചെമ്പുപാളികൾ എന്ന വ്യാജേന അത് പോറ്റിക്ക് കൈമാറി. ഉദ്യോഗസ്ഥർ അനുഗമിച്ചില്ല. തിരിച്ചെത്തിച്ചപ്പോൾ തൂക്കമടക്കം രേഖപ്പെടുത്തിയില്ല. 474.9 ഗ്രാം സ്വർണമാണ് അന്ന് കുറവുവന്നത്. പോറ്റിയുടെ ഇ-മെയിലിൽ സൂചനയുണ്ടായിട്ടും വീണ്ടെടുക്കാൻ ആരും ശ്രമിക്കാത്തത് ബോധപൂർവമാണ്.
വലിയ ഗൂഢാലോചന നടന്നുവെന്നു വേണം കരുതാൻ. മറ്റുള്ളവരെ പഴിപറഞ്ഞ് തലയൂരാൻ ആർക്കും ആവില്ലെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
പ്രസിഡന്റിന്റെ ഇടപെടൽ
2025ലെ ഇടപാടിന് തിരുവാഭരണം കമ്മിഷണർ റജിലാൽ ആദ്യം വിയോജിപ്പ് അറിയിച്ചിരുന്നു. സന്നിധാനത്തുവച്ച് പരമ്പരാഗത രീതിയിൽ അറ്റകുറ്റപ്പണി നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ, പിന്നീട് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം അദ്ദേഹം ഉണ്ണികൃഷ്ണൻ പോറ്റിയുമായി സംസാരിക്കുകയും പാളികൾ കൈമാറാൻ കൂട്ടുനിൽക്കുകയുമായിരുന്നു. ടെൻഡർ വിളിക്കാതെയും വിദഗ്ദ്ധാഭിപ്രായം തേടാതെയും പോറ്റിയെത്തന്നെ 2025ൽ അറ്റകുറ്റപ്പണി ഏൽപിച്ചത് മുൻ സ്വർണമോഷണം മറച്ചുവയ്ക്കാനുള്ള ശ്രമമായാണ് കോടതി വിലയിരുത്തുന്നത്.
ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണം
2019ൽ സ്വർണം കാണാതായ സംഭവത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്വേഷണ വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിറുത്താൻ അടച്ചിട്ട കോടതി മുറിയിലാണ് ഇന്നലെ വാദം നടന്നത്. നവംബർ 5ന് ഹർജി വീണ്ടും പരിഗണിക്കുമ്പോൾ അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കവർച്ചയിൽ പങ്കുള്ള ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുന്നതോടെ നിലവിലെ ബോർഡ് തലപ്പത്ത് നിന്ന് മാറ്റമുണ്ടാകാനുള്ള സാധ്യത വർധിച്ചു.











