06:31am 13 November 2026
NEWS
സ്വർണത്തിന് കനത്ത തിരിച്ചടി; അന്താരാഷ്ട്ര വിപണിയിലെ ഇടിവ് കേരളത്തിലും
11/06/2026  11:13 AM IST
NILA
സ്വർണത്തിന് കനത്ത തിരിച്ചടി; അന്താരാഷ്ട്ര വിപണിയിലെ ഇടിവ് കേരളത്തിലും

ഇന്നലെ ആരംഭിച്ച സ്വർണവില ഇടിവ് ഇന്നും തുടർന്നു. ഇന്ന് രാവിലെ പവന് 1,560 രൂപ കൂടി കുറഞ്ഞതോടെ വില 1,06,800 രൂപയായി. രണ്ട് ദിവസത്തിനിടെ മാത്രം പവന് 5,520 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് ഇന്ന് 195 രൂപ കുറഞ്ഞ് 13,350 രൂപയിലെത്തി. നിലവിലെ പ്രവണത തുടർന്നാൽ വരും ദിവസങ്ങളിൽ പവൻവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താനുള്ള സാധ്യതയും വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


 ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവന്റെ എക്കാലത്തെയും ഉയർന്ന നിരക്ക്. അന്ന് ഗ്രാമിന് 16,395 രൂപയായിരുന്നു വില. തുടർന്ന് പശ്ചിമേഷ്യയിലെ സംഘർഷങ്ങളും എണ്ണവിലയിലെ ചാഞ്ചാട്ടങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും സ്വർണവിലയെ വലിയ തോതിൽ സ്വാധീനിച്ചു.

മാർച്ച് 23-ന് പവൻവില ഒരുവേള 99,480 രൂപയിലേക്ക് താഴ്ന്നിരുന്നെങ്കിലും അന്നുതന്നെ വൈകുന്നേരത്തോടെ 1,05,080 രൂപയായി തിരിച്ചുകയറിയിരുന്നു. എന്നാൽ ഇപ്പോൾ രാജ്യാന്തര വിപണിയിൽ സ്വർണം നേരിടുന്ന കനത്ത സമ്മർദമാണ് ആഭ്യന്തര വിലയെയും ബാധിക്കുന്നത്. ഔൺസിന് 200 ഡോളറിലധികം ഇടിഞ്ഞ് അന്താരാഷ്ട്ര വില ഇന്ന് ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയായ 4,025 ഡോളറിലെത്തി. പിന്നീട് 4,080 ഡോളറിലേക്ക് നേരിയ തിരിച്ചുവരവ് ഉണ്ടായതോടെ കേരളത്തിലെ വില ഇടിവ് കൂടുതൽ രൂക്ഷമാകുന്നത് ഒഴിവായി.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ശക്തമാകുകയും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തതോടെ ആഗോള വിപണിയിൽ അനിശ്ചിതത്വം വർധിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കയിലെ പണപ്പെരുപ്പം മൂന്ന് വർഷത്തിനിടയിലെ ഉയർന്ന നിലയിലെത്തിയെന്ന റിപ്പോർട്ടും സ്വർണത്തിന് തിരിച്ചടിയായി. ഇതോടെ ഡോളർ സൂചികയും ബോണ്ട് യീൽഡും ശക്തിപ്പെട്ടതും നിക്ഷേപകർ സ്വർണത്തിൽ നിന്ന് മാറിനിൽക്കാൻ കാരണമായി.

പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീക്ഷയും സ്വർണവിലയെ സമ്മർദത്തിലാക്കുന്നു. പലിശനിരക്ക് ഉയർന്നാൽ ബോണ്ടുകളിലും ബാങ്ക് നിക്ഷേപങ്ങളിലും കൂടുതൽ വരുമാനം ലഭിക്കുമെന്നതിനാൽ നിക്ഷേപകർ അവയിലേക്ക് തിരിയാൻ സാധ്യതയുണ്ട്. ഇത് ഡോളറിന്റെ ശക്തി വർധിപ്പിക്കുകയും സ്വർണത്തിന്റെ ആവശ്യകത കുറയുകയും ചെയ്യും.

രാജ്യാന്തര വിപണിയിൽ സ്വർണവില അടുത്ത മാസങ്ങളിൽ 3,500 ഡോളർ വരെ താഴാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻവില 90,000 രൂപയ്ക്ക് താഴെയെത്താൻ പോലും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഇന്നത്തെ നിരക്കുകൾ പ്രകാരം, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) 18 കാരറ്റ് സ്വർണവില ഗ്രാമിന് 160 രൂപ കുറച്ച് 11,030 രൂപയായി നിശ്ചയിച്ചു. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 250 രൂപയാണ്.

അതേസമയം, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) 18 കാരറ്റിന് ഗ്രാമിന് 10,975 രൂപയാണ് പ്രഖ്യാപിച്ചത്. ഇവിടെ വെള്ളിവില ഗ്രാമിന് 10 രൂപ ഉയർന്ന് 260 രൂപയായി. 14 കാരറ്റ് സ്വർണവില ഗ്രാമിന് 125 രൂപ കുറഞ്ഞ് 8,545 രൂപയിലെത്തി. വിപണിയിൽ കൂടുതൽ പ്രചാരം നേടുന്ന 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,510 രൂപയാണ് ഇന്നത്തെ വില. ഇതിൽ 80 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img