
ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകൾ സ്ഥിരീകരിച്ചതോടെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിക്കുന്നു. കേസിൽ ഇ.സി.ഐ.ആർ (Enforcement Case Information Report) തയ്യാറാക്കിയ ഇ.ഡി, ഇന്ന് തന്നെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെയാണ് കൊച്ചി യൂണിറ്റ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
അന്വേഷണ നിഴലിൽ രാഷ്ട്രീയ ഉന്നതർ
നിലവിൽ പ്രത്യേക അന്വേഷണ സംഘം (SIT) പ്രതിചേർത്തവരിലേക്ക് മാത്രമല്ല, തട്ടിപ്പ് നടന്ന കാലയളവിലെ ദേവസ്വം ബോർഡ് ഭാരവാഹികളിലേക്കും രാഷ്ട്രീയ നേതൃത്വത്തിലേക്കും അന്വേഷണം നീളും. അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കിനെക്കുറിച്ച് ഇ.ഡി വിശദമായി പരിശോധിക്കും. ഇവർക്ക് പണം ലഭിച്ചിട്ടുണ്ടോ എന്നും ആസൂത്രണത്തിൽ പങ്കുണ്ടോ എന്നും കണ്ടെത്തുകയാണ് ലക്ഷ്യം.
പ്രതികൾക്ക് ജാമ്യം ലഭിക്കില്ല
എസ്.ഐ.ടി കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു തുടങ്ങിയവർക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാഹചര്യം നിലനിന്നിരുന്നു. എന്നാൽ ഇ.ഡി കേസ് രജിസ്റ്റർ ചെയ്യുന്നതോടെ പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്യും. പി.എം.എൽ.എ (PMLA) നിയമപ്രകാരം കേസ് എടുക്കുന്നതോടെ അടുത്ത മൂന്ന് മുതൽ ആറ് മാസം വരെ ഇവർക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത മങ്ങും.
കണ്ടുകെട്ടൽ നടപടികളിലേക്ക്
പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, എ. പത്മകുമാർ, മുരാരി ബാബു, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവരുടെ സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി പ്രാഥമിക പരിശോധന പൂർത്തിയാക്കി. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ഇ.ഡി ഉടൻ ആരംഭിക്കുമെന്നാണ് സൂചന.
ഇ.ഡി സ്റ്റൈൽ വേറെ: സിവിൽ കോടതിയുടെ അധികാരമുള്ള ഇ.ഡി ഉദ്യോഗസ്ഥർക്ക് ആരെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്താം. ഈ മൊഴികൾ കോടതിയിൽ തെളിവായി സ്വീകരിക്കും എന്നത് കേസിൽ ഉന്നതർക്ക് വലിയ ഭീഷണിയാകും.
കേന്ദ്ര ഏജൻസിയുടെ കടന്നുവരവോടെ ശബരിമല സ്വർണ്ണക്കൊള്ള കേസ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിതുറക്കുമെന്ന് ഉറപ്പായി.











