08:59pm 06 November 2026
NEWS
ഗോഡൗണുകൾ ആധുനികവല്‍ക്കരിക്കും.ആവശ്യമുള്ള എണ്ണം മാത്രം നിലനിര്‍ത്തും മറ്റുള്ളവ ഒഴിവാക്കും മന്ത്രി അനൂപ് ജേക്കബ്
06/11/2026  05:03 PM IST
സണ്ണി ലുക്കോസ്
ഗോഡൗണുകൾ ആധുനികവല്‍ക്കരിക്കും.ആവശ്യമുള്ള എണ്ണം മാത്രം നിലനിര്‍ത്തും മറ്റുള്ളവ ഒഴിവാക്കും മന്ത്രി അനൂപ് ജേക്കബ്

ഭക്ഷ്യവകുപ്പിനും സപ്‌ളൈകോയ്ക്കും കീഴിലുള്ള ഗോഡൗണുകളില്‍ ആവശ്യമായവ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്. നിലവില്‍ 177 എന്‍.എഫ്.എസ്.എ ഗോഡൗണുകളും 56 സപ്ലൈകോ ഗോഡൗണുകളുമാണുള്ളത്. ഇത്രയധികം ഗോഡൗണുകള്‍ ആവശ്യമില്ലെന്ന് വകുപ്പുതല പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണു പുനഃക്രമീകരണ നടപടികള്‍ സ്വീകരിക്കുന്നത്. നിലവിലുള്ള ഗോഡൗണുകളില്‍ ഭൂരിഭാഗവും ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിക്കാത്തവയും പലതും കാലപ്പഴക്കം ചെന്നവയുമാണ്. 177 എന്‍.എഫ്.എസ്.എ ഗോഡൗണുകള്‍ ആവശ്യമില്ലെന്നാണു ഭക്ഷ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇതുസംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിതരണ കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

2019 കാലത്ത് കൃത്യമായ മാനദണ്ഡങ്ങളും ആവശ്യകതയും പരിശോധിക്കാതെ ഗോഡൗണുകള്‍ അനുവദിച്ചതാണു നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ആവശ്യത്തിന് സംഭരണശേഷിയില്ലാത്തതും അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായതുമായ കെട്ടിടങ്ങള്‍ പോലും ഗോഡൗണുകളായി ഉപയോഗിക്കുന്നതായി പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുമൂലം ഭക്ഷ്യധാന്യം  നശിച്ചുപോകുന്നതിനൊപ്പം വാടകയിനത്തില്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുമുണ്ടാകുന്നുണ്ട്. വീടുകള്‍ പോലും വാടകയ്‌ക്കെടുത്ത് ഗോഡൗണുകളാക്കിയതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ക്രമക്കേടുകളും അശാസ്ത്രീയ സംവിധാനങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യം.

സപ്ലൈകോ ഡിപ്പോ മാനേജര്‍മാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന സംഘം ഓരോ ജില്ലയിലെയും താലൂക്കുകളിലെയും ഗോഡൗണുകള്‍ അടിയന്തരമായി പരിശോധിക്കും. കാലഹരണപ്പെട്ടതും ആവശ്യകതയില്ലാത്തതുമായ ഗോഡൗണുകള്‍ ഒഴിവാക്കി, പകരം ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ ഗോഡൗണുകള്‍ കണ്ടെത്താന്‍ താല്‍പര്യപത്രം ക്ഷണിക്കും. മൂന്നുമാസത്തിനകം ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.

കൊല്ലം താലൂക്കില്‍ മാത്രം നിലവില്‍ ഒന്‍പത് ഗോഡൗണുകളുണ്ടെങ്കിലും മൂന്നെണ്ണമേ ആവശ്യമുള്ളൂവെന്നാണു വകുപ്പിന്റെ വിലയിരുത്തല്‍. സമാനമായ രീതിയില്‍ എല്ലാ താലൂക്കിലെയും ഗോഡൗണുകളുടെ ആവശ്യകത യുക്തിസഹമായി പരിശോധിച്ച് അനാവശ്യമായവ ഒഴിവാക്കും.

ഗോഡൗണുകളുടെ അശാസ്ത്രീയമായ നിര്‍മ്മാണവും സംഭരണ രീതികളുമാണു ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോകാന്‍ പ്രധാന കാരണങ്ങളിലൊന്ന്. പല ഗോഡൗണിലും ഒരേയൊരു വാതില്‍ മാത്രമാണുള്ളത്. ഇതുമൂലം അകത്തേക്ക് ആദ്യം സംഭരിക്കുന്ന ധാന്യങ്ങള്‍ ദീര്‍ഘകാലം അവിടെത്തന്നെ കെട്ടിക്കിടക്കുകയും കാലപ്പഴക്കത്താല്‍ ഉപയോഗശൂന്യമാകുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇത്തരത്തില്‍ ഗുണനിലവാരം നഷ്ടപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ വിതരണത്തിനെത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

നാലുവശത്തും പ്രവേശന സൗകര്യവും സുഗമമായ ഗതാഗത സംവിധാനവും ഉറപ്പാക്കുന്ന തരത്തിലുള്ള ശാസ്ത്രീയ ഗോഡൗണുകളാണ് ഇനി പരിഗണിക്കുക. ഇത്തരം ഗോഡൗണുകള്‍ ബില്‍ഡ് ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ (ബി.ഒ.ടി) അടിസ്ഥാനത്തിലോ വാടകയ്‌ക്കെടുത്തോ സജ്ജീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും സംഭരണനഷ്ടം കുറയ്ക്കുന്നതിനും പൊതുവിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പുതിയ പരിഷ്‌കാരം സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img