10:49pm 14 November 2026
NEWS
പ്രത്യേക പൂജയിലൂടെ കോടികൾ ലഭിക്കുമെന്ന് വാഗ്ദാനം; പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു; ആൾദൈവം ഉൾപ്പെടെ 11 പേർ പിടിയിൽ
14/11/2026  08:57 PM IST
nila
പ്രത്യേക പൂജയിലൂടെ കോടികൾ ലഭിക്കുമെന്ന് വാഗ്ദാനം; പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു; ആൾദൈവം ഉൾപ്പെടെ 11 പേർ പിടിയിൽ

 

ബെംഗളൂരു: കോടിക്കണക്കിന് രൂപ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളെ ചൂഷണം ചെയ്ത സംഭവത്തിൽ ആൾദൈവം ഉൾപ്പെടെ 11 പേർ അറസ്റ്റിൽ. പൂജയുടെ പേരിൽ പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും പിന്നീട് ലൈംഗികവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തതായാണ് കേസ്. കർണാടകയിലെ ബല്ലാരിയിലാണ് സംഭവം.

അവിവാഹിതരായ പെൺകുട്ടികളുള്ള സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം. ആൾദൈവത്തിന്റെ അനുയായികൾ ആദ്യം ഇത്തരം വീടുകൾ കണ്ടെത്തും. പ്രത്യേക പൂജ നടത്തിയാൽ കുടുംബത്തിന് കോടികൾ ലഭിക്കുമെന്ന് രക്ഷിതാക്കളെ വിശ്വസിപ്പിക്കും. പണം വർഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന വിഡിയോ കാണിച്ചും ഇവർ കുടുംബങ്ങളുടെ വിശ്വാസം നേടിയെടുത്തിരുന്നു.

പെൺകുട്ടികളെ തിരഞ്ഞെടുക്കുന്നതിലും സംഘം പ്രത്യേക നിബന്ധനകൾ മുന്നോട്ടുവച്ചിരുന്നു. അഞ്ചടി ആറിഞ്ച് ഉയരം, വെളുത്ത നിറം, ശരീരത്തിൽ പാടുകളില്ലാത്ത അവസ്ഥ എന്നിവയായിരുന്നു മാനദണ്ഡങ്ങൾ. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന പെൺകുട്ടികളെ പിന്നീട് ആൾദൈവത്തിന്റെ അടുത്തെത്തിക്കും. പൂജയുടെ പേരിൽ ചടങ്ങുകൾ നടത്തിയശേഷം ഇയാൾ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇതിനുശേഷം പെൺകുട്ടികളെ ലൈംഗികവൃത്തിയിലേക്ക് തള്ളിവിടുകയും അതിലൂടെ പണം സമ്പാദിക്കുകയും ചെയ്തിരുന്നു. ലൈംഗികവൃത്തിയിലേർപ്പെടുന്ന യുവതികളിൽനിന്ന് ആൾദൈവത്തിനും പെൺകുട്ടികളെ എത്തിച്ച ഇടനിലക്കാർക്കും കമ്മീഷൻ ലഭിക്കുന്ന രീതിയിലായിരുന്നു സംഘത്തിന്റെ പ്രവർത്തനം.

സംഘത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതോടെയാണ് ബല്ലാരി പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതികളെ കുടുക്കാൻ പൊലീസ് ഉദ്യോഗസ്ഥർ വേഷം മാറി സാമ്പത്തിക പ്രതിസന്ധിയിലുള്ള കുടുംബമെന്ന വ്യാജേന സംഘത്തെ സമീപിച്ചു. രണ്ടുമാസത്തോളം നീണ്ട രഹസ്യനീക്കങ്ങൾക്കൊടുവിലാണ് തട്ടിപ്പുസംഘത്തെ പിടികൂടിയത്.

ചിക്കമംഗളൂരു, മൈസൂരു, ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ല എന്നിവിടങ്ങളിൽനിന്നാണ് സംഘം പെൺകുട്ടികളെ കണ്ടെത്തിയിരുന്നതെന്നാണ് വിവരം. സംഭവത്തിൽ അറസ്റ്റിലായ 11 പേരെ കേന്ദ്രീകരിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img