
ദോഹ:അറബിക്കടലിൽ ഖത്തർ ഗ്യാസ് ട്രാൻസ്പോർട്ട് കമ്പനിയായ 'നാഖിലാത്തി'ന്റെ 'അൽ മാഇദ' എന്ന ദ്രവീകരിച്ച പ്രകൃതിവാതക (LNG) ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തെ ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) ശക്തമായി അപലപിച്ചു. ഊർജ്ജ കപ്പലുകളെ ലക്ഷ്യമിടുന്ന നീക്കം മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ജീവനും സ്വത്തിനും ആഗോള സാമ്പത്തിക വ്യവസ്ഥയുടെ ചലനാത്മകതയ്ക്കും കടുത്ത വെല്ലുവിളിയുയർത്തുന്ന അപകടകരമായ നടപടിയാണെന്നും ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പ്രസ്താവനയിൽ വ്യക്തമാക്കി.
കടൽപ്പാതകളും വാണിജ്യ നൗകകളും സുരക്ഷിതമായി തുടരണമെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, ഗ്യാസ് ടാങ്കറുകൾ ആക്രമിക്കപ്പെടുന്നത് വഴിയുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും ഊർജ്ജ വിതരണത്തിലുണ്ടാകുന്ന തടസ്സങ്ങളെക്കുറിച്ചും വിപണിയിലെ അനിശ്ചിതത്വങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകി. ഈ നീചമായ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തങ്ങളുടെ പ്രകൃതിവിഭവങ്ങളും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഖത്തർ ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ജി.സി.സിയുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും അദ്ദേഹം പ്രഖ്യാപിച്ചു.










