
ദോഹ: സ്വന്തം നാട്ടിൽ നടക്കുന്ന നാലാമത് ജി.സി.സി ഗെയിംസിൽ (Doha 2026) മെഡൽ കൊയ്ത്ത് തുടർന്ന് ഖത്തർ. സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഞായറാഴ്ച സമാപിച്ച അത്‌ലറ്റിക്സ് മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഖത്തറിന്റെ ആകെ മെഡൽ നേട്ടം 100 കടന്നു.
നിലവിൽ 39 സ്വർണവും 38 വെള്ളിയും 32 വെങ്കലവുമടക്കം ആകെ 109 മെഡലുകളുമായി പോയിന്റ് പട്ടികയിൽ ബഹുദൂരം മുന്നിലാണ് ഖത്തർ. 61 മെഡലുകളുമായി (24 സ്വർണം, 19 വെള്ളി, 18 വെങ്കലം) സൗദി അറേബ്യ രണ്ടാം സ്ഥാനത്തും, 54 മെഡലുകളോടെ (22 സ്വർണം, 20 വെള്ളി, 12 വെങ്കലം) ബഹ്റൈൻ മൂന്നാം സ്ഥാനത്തുമാണ്.
ഗെയിംസിലെ അത്‌ലറ്റിക്സ് പോരാട്ടങ്ങളിൽ 12 സ്വർണവും 13 വെള്ളിയും 9 വെങ്കലവുമടക്കം 34 മെഡലുകൾ വാരിക്കൂട്ടിയാണ് ഖത്തർ ഒന്നാമതെത്തിയത്. മത്സരങ്ങളുടെ അവസാന ദിനത്തിൽ മാത്രം രണ്ട് സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവുമടക്കം 9 മെഡലുകൾ ഖത്തർ അത്‌ലറ്റുകൾ സ്വന്തമാക്കി.
അത്‌ലറ്റിക്സിൽ 22 മെഡലുകളുമായി ബഹ്റൈൻ രണ്ടാമതും 11 മെഡലുകളുമായി ഒമാൻ മൂന്നാമതുമെത്തി.
പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ ഖത്തറിന്റെ മുബാറക് സയീദ് സ്വർണം നേടി. ഖത്തറിന്റെ തന്നെ സകരിയ അൽ അലാമി വെള്ളിയും കുവൈത്തിന്റെ ബദർ അൽ സുവൈദ് വെങ്കലവും നേടി.4x400 മീറ്റർ റിലേയിൽ മുഹമ്മദ് അബ്ദുൽറഹ്മാൻ, മുബാറക് മൂസ, സമീർ ഹസ്സൻ, ബാസിം ഹുമൈദ എന്നിവരടങ്ങിയ ഖത്തർ ടീം സ്വർണം നിലനിർത്തി.
പുരുഷന്മാരുടെ മാസ്റ്റേഴ്സ് വിഭാഗം ബൗളിംഗിൽ ഖത്തറിന്റെ ജാസിം അൽ മരീഖി വെങ്കല മെഡൽ സ്വന്തമാക്കി. ഈ ഇനത്തിൽ കുവൈത്തിന്റെ ഫൈസൽ സലീം സ്വർണവും മുസ്തഫ അൽ മൂസവി വെള്ളിയും നേടി.
ഖത്തർ അത്‌ലറ്റിക്സ് ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് അൽ ഫദാല അത്‌ലറ്റുകൾക്കൊപ്പം ചരിത്ര വിജയം സ്റ്റേഡിയത്തിൽ ആഘോഷിച്ചു. രാജ്യത്തെ കായികതാരങ്ങളുടെ ഈ മികച്ച പ്രകടനം ഖത്തറിന്റെ കായിക ചരിത്രത്തിലെ സുവർണ്ണ അധ്യായമാണെന്ന് അധികൃതർ വിലയിരുത്തി.











