
ദോഹ: 2026 ലോകകപ്പ് യോഗ്യതയുടെ സന്തോഷം ആഘോഷിക്കുന്നതിനിടെഗസയിലെ സഹോദരങ്ങൾക്ക് കൈത്താങ്ങായി ഖത്തർ ദേശീയ ടീമിന്റെ ക്യാപ്റ്റൻ ഹസ്സൻ അൽ ഹെയ്ദോസ്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (X) പോസ്റ്റ് ചെയ്ത കുറിപ്പിൽ, സന്തോഷത്തിന്റെ നിമിഷങ്ങളിലും ലോകമെമ്പാടുമുള്ള സഹോദര സഹോദരിമാരുടെ ദു:ഖം മറക്കരുത്. വിജയം സഹായത്തിനും കരുണയ്ക്കും പ്രചോദനമാകണം” എന്ന് ഹെയ്ദോസ് എഴുതി.
പലസ്തീൻ കെഫിയേ ധരിച്ച തന്റെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു. അതോടൊപ്പം, ഗസയിലെ ഒരു സ്‌കൂളിന്റെയും ജിംനേഷ്യത്തിന്റെയും പുനർനിർമാണത്തിന് സാമ്പത്തിക സഹായം നൽകുമെന്നും ഹെയ്ദോസ് പ്രഖ്യാപിച്ചു. “ഗസയിലെ ജനജീവിതം പുനർനിർമിക്കാൻ വിദ്യാഭ്യാസവും കായികവുമാണ് അടിസ്ഥാനങ്ങൾ,” അദ്ദേഹം വ്യക്തമാക്കി.
സമാധാന ഉച്ചകോടിയുടെയും ഗസയിലെ യുദ്ധമോചന ഉടമ്പടിയുടെയും കാലയളവിൽ ലഭിച്ച ലോകകപ്പ് യോഗ്യത ഖത്തറിനും ഗസയ്ക്കും പ്രതീക്ഷയുടെ അടയാളമാണെന്നും, “ഇത് ഗസയിലെ കുട്ടികൾക്കും കുടുംബങ്ങൾക്കും സുരക്ഷിതവും സ്ഥിരതയുള്ള ജീവിതത്തിന്റെ തുടക്കം ആയിരിക്കട്ടെ” എന്നും ഹെയ്ദോസ് കൂട്ടിച്ചേർത്തു.











