
കെയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിൽ തിരക്കേറിയ ദേശീയപാതയിൽ ഇന്ധന ടാങ്കർ മറിഞ്ഞുണ്ടായ വൻ തീപിടിത്തത്തിൽ 31 പേർ മരിച്ചു. 21 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് പരിസരത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളും കത്തിനശിച്ചു.
നഗരമധ്യത്തിൽനിന്ന് വടക്കുഭാഗത്തുള്ള വറാഖ് മേഖലയിൽ റിങ് റോഡിന്റെ ഒരു ഭാഗത്താണ് അപകടമുണ്ടായത്. തീപിടിത്തത്തിൽ പൊള്ളലേറ്റവരെയും പുക ശ്വസിച്ച് അവശനിലയിലായവരെയും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ആകാശത്തേക്ക് ഉയർന്ന കറുത്ത പുകയും ആളിപ്പടരുന്ന തീയും നിരവധി വാഹനങ്ങൾ കത്തുന്നതും വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ടാങ്കർ മറിഞ്ഞ് ഇന്ധനം റോഡിലേക്കും സമീപത്തെ വാഹനങ്ങളിലേക്കും ഒഴുകിയതാണ് തീ പടരാൻ കാരണമായതെന്നാണ് സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അപകടത്തിന്റെ കൃത്യമായ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ടാങ്കർ സഞ്ചരിച്ചിരുന്ന റോഡിന് കുറുകെ ഉയർന്ന വോൾട്ടേജിലുള്ള വൈദ്യുതി കേബിൾ പൊട്ടിവീണതാണ് അപകടത്തിന് തുടക്കമിട്ടത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ റോഡിന്റെ ഡിവൈഡർ മറികടന്ന് മറിഞ്ഞ് തീപിടിക്കുകയായിരുന്നു.
സ്വകാര്യ കരാറുകാരന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ടാങ്കർ. സംഭവത്തിൽ പ്രാദേശിക പബ്ലിക് പ്രോസിക്യൂട്ടർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിയുന്നതിനായി മൃതദേഹങ്ങളിൽനിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാനും അന്വേഷണസംഘം നിർദേശം നൽകി.
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി 39 ആംബുലൻസുകൾ വിന്യസിച്ചതായി ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവർക്ക് ആശുപത്രികളിൽ ലഭ്യമാക്കുന്ന ചികിത്സ ആരോഗ്യ മന്ത്രി നേരിട്ടെത്തി വിലയിരുത്തുകയും ചെയ്തു.
അപകടത്തെ തുടർന്ന് അടച്ചിട്ട ദേശീയപാത പിന്നീട് അഗ്നിരക്ഷാസേനയും മറ്റ് രക്ഷാപ്രവർത്തകരും ചേർന്ന് വൃത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തു. കത്തിനശിച്ച വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് നീക്കം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഈജിപ്തിൽ റോഡപകടങ്ങളും തീപിടിത്തങ്ങളും പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികളിലെ വീഴ്ചകളും ഗതാഗതനിയമങ്ങൾ വ്യാപകമായി ലംഘിക്കുന്നതുമാണ് റോഡപകടങ്ങൾക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം രാജ്യത്തെ റോഡപകടങ്ങളിൽ ഏകദേശം 6,000 പേർ മരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് മരണസംഖ്യയിൽ നൂറുകണക്കിന് വർധനവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു.










