
മുംബൈ: ‘റം’ എന്ന പേരിൽ ഇനി ഓൾഡ് മങ്ക് വിൽക്കാനാകുമോ? ഉൽപ്പന്നത്തിൽ യഥാർഥ റമ്മിന്റെ അളവ് അഞ്ച് ശതമാനത്തിൽ താഴെയാണെന്നും ബാക്കി ഭൂരിഭാഗവും ന്യൂട്രൽ സ്പിരിറ്റാണെന്നും ചൂണ്ടിക്കാട്ടി ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ). അതിനാൽ ‘റം’ എന്നതിന് പകരം ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ എന്ന് മാത്രമേ ഉൽപ്പന്നത്തെ വിശേഷിപ്പിക്കാനാകൂവെന്ന് എഫ്എസ്എസ്എഐ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ഓൾഡ് മങ്കിന്റെ നിർമാതാക്കളായ മോഹൻ മീക്കിൻ സമർപ്പിച്ച ഹർജിയിലാണ് നിർണായക പരാമർശം. കൃത്രിമ ഫ്ലേവറുകൾ കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിൽ ഓൾഡ് മങ്കിന്റെ വിൽപ്പന തടഞ്ഞ എഫ്എസ്എസ്എഐ നടപടി ചോദ്യം ചെയ്തായിരുന്നു കമ്പനിയുടെ ഹർജി.
റം നിർമാണത്തിന് സാധാരണയായി കരിമ്പിൻ ജ്യൂസോ മൊളാസസോ പുളിപ്പിച്ച് വാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഓൾഡ് മങ്കിൽ ന്യൂട്രൽ സ്പിരിറ്റിലേക്ക് റം ഫ്ലേവർ ചേർത്താണ് ഉൽപ്പന്നം തയ്യാറാക്കുന്നതെന്നാണ് എഫ്എസ്എസ്എഐയുടെ വാദം. യഥാർഥ റമ്മിന്റെ അളവ് അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണെന്നും അതോറിറ്റി കോടതിയിൽ വ്യക്തമാക്കി.
ഇത്തരം ഉൽപ്പന്നത്തെ ‘റം’ എന്ന് വിശേഷിപ്പിക്കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി. കൃത്രിമ ഫ്ലേവറുകൾ ചേർത്തിട്ടുണ്ടെന്ന വിവരം കുപ്പിയുടെ ലേബലിൽ വളരെ ചെറിയ അക്ഷരങ്ങളിലാണ് നൽകിയിരിക്കുന്നതെന്നും അതോറിറ്റി കോടതിയെ അറിയിച്ചു.
‘ഏഴ് വർഷം പഴക്കം’ എന്ന അവകാശവാദത്തിലും സംശയം
ഓൾഡ് മങ്ക് കുപ്പികളിൽ രേഖപ്പെടുത്തിയിരിക്കുന്ന ‘7 Years Old Blended’ എന്ന വാചകത്തിലും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. ഇത് വായിക്കുന്ന സാധാരണ ഉപഭോക്താവ് കുപ്പിയിലുള്ള മദ്യം ഏഴ് വർഷം പഴക്കമുള്ളതാണെന്ന് കരുതാൻ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഫ്ലേവറുകൾ ചേർത്തിട്ടുണ്ടെന്ന വിവരം രേഖപ്പെടുത്തിയിരിക്കുന്ന അക്ഷരങ്ങൾ വളരെ ചെറുതാണെന്നും കോടതി വിമർശിച്ചു. ഭൂതക്കണ്ണാടി ഉപയോഗിച്ചുപോലും തനിക്ക് അത് വായിക്കാൻ കഴിയുന്നില്ലെന്നായിരുന്നു കോടതിയുടെ പരാമർശം.
ഇതോടെ എഫ്എസ്എസ്എഐ പുറപ്പെടുവിച്ച വിൽപ്പന നിരോധന ഉത്തരവിന് അടിയന്തരമായി സ്റ്റേ നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
പുതിയ ലേബൽ കൊണ്ടുവരാൻ കമ്പനി
മഹാരാഷ്ട്രയിലെ വിൽപ്പന തടഞ്ഞതോടെ പ്രതിദിനം ഏകദേശം ഒരു കോടി രൂപയുടെ നഷ്ടം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹൻ മീക്കിൻ കോടതിയെ സമീപിച്ചത്. കേസിനിടെ നിലവിലെ കുപ്പികളിൽനിന്ന് ‘7 Years Old Blended’ എന്ന വാചകം നീക്കം ചെയ്യാൻ കമ്പനി സന്നദ്ധത അറിയിച്ചു. കൃത്രിമ ഫ്ലേവറുകൾ അടങ്ങിയിട്ടുണ്ടെന്ന വിവരം കൂടുതൽ വ്യക്തമായി കാണുന്ന തരത്തിൽ അക്ഷരങ്ങളുടെ വലുപ്പം വർധിപ്പിക്കാനും കമ്പനി തയ്യാറാണെന്ന് അറിയിച്ചു. പരിഷ്കരിച്ച ലേബലിന്റെ മാതൃകയും കോടതിയിൽ സമർപ്പിച്ചു.
പുതിയ ലേബൽ പരിശോധിച്ച ശേഷം അന്തിമ തീരുമാനം എടുക്കുന്നതിനായി എഫ്എസ്എസ്എഐക്ക് കോടതി സമയം അനുവദിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് രവീന്ദ്ര വി. ഘൂഗെ, ജസ്റ്റിസ് ഗൗതം എ. അങ്കാഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സെപ്റ്റംബർ 11-ന് കേസ് വീണ്ടും പരിഗണിക്കും.
ഓൾഡ് മങ്കിന് പുറമെ മക്ഡൊവൽസ് No. 1, ബാഗ്‌പൈപ്പർ, ആന്റിക്വിറ്റി ബ്ലൂ, റോയൽ ചലഞ്ച് തുടങ്ങിയ പ്രമുഖ മദ്യബ്രാൻഡുകൾക്കെതിരെയും ലേബലിങ് ക്രമക്കേടുമായി ബന്ധപ്പെട്ട് എഫ്എസ്എസ്എഐ നടപടി സ്വീകരിച്ചിട്ടുണ്ട്.











