05:58pm 21 September 2026
NEWS
ഈസ്റ്റ് ഇന്ത്യ കമ്പനി മുതൽ ആധുനിക നയതന്ത്രം വരെ: ഖത്തർ-ബ്രിട്ടീഷ് ചരിത്രത്തിലേക്ക് വെളിച്ചം വീശി വിദഗ്ദ്ധർ
21/09/2026  01:54 PM IST
nila
ഈസ്റ്റ് ഇന്ത്യ കമ്പനി മുതൽ ആധുനിക നയതന്ത്രം വരെ: ഖത്തർ-ബ്രിട്ടീഷ് ചരിത്രത്തിലേക്ക് വെളിച്ചം വീശി വിദഗ്ദ്ധർ

 


ദോഹ: ഖത്തറും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിൽ ആദ്യകാല സമുദ്ര വാണിജ്യ ശൃംഖലകൾ വഹിച്ച പങ്ക് പ്രമേയമാക്കി ഖത്തർ നാഷണൽ ലൈബ്രറിയിൽ (QNL) വിദഗ്ദ്ധ പാനൽ ചർച്ച സംഘടിപ്പിച്ചു. "നയതന്ത്രവും സ്വാധീനവും: ഗൾഫിലെ ബ്രിട്ടീഷ് സാന്നിധ്യത്തെക്കുറിച്ചുള്ള ഒരു വായന" എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ അക്കാദമിക് വിദഗ്ധരും ഗവേഷകരും വിദ്യാർത്ഥികളും പങ്കെടുത്തു.
​ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അറബിക്കടലിലെ വ്യാപാര പാതകളും ബ്രിട്ടീഷ്-ഇന്ത്യൻ വാണിജ്യ ശൃംഖലകളും ഗൾഫ് മേഖലയിലെ ബ്രിട്ടീഷ് നയതന്ത്ര സ്വാധീനം വർദ്ധിപ്പിക്കുന്നതിന് എങ്ങനെ അടിത്തറയിട്ടു എന്ന് ചർച്ച വിലയിരുത്തി. അന്നത്തെ സമുദ്ര ഉടമ്പടികളും വാണിജ്യ ഇടപാടുകളും വഴി നേടിയെടുത്ത ഭൗമരാഷ്ട്രീയ വിജ്ഞാനം ബ്രിട്ടന് മറ്റ് പ്രാദേശിക ശക്തികളെ മറികടന്ന് സ്വാധീനം ഉറപ്പിക്കാൻ സഹായിച്ചതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
​ഖത്തറും ബ്രിട്ടനും തമ്മിലുള്ള ചരിത്രപരമായ ആഴത്തിലുള്ള ബന്ധം മനസിലാക്കാൻ ലൈബ്രറിയിലെ അമൂല്യമായ പുരാതന ശേഖരങ്ങൾ സഹായിക്കുമെന്ന് ക്യു.എൻ.എൽ ഡിസ്റ്റിങ്റ്റീവ് കളക്ഷൻസ് മേധാവി മറിയം അൽ മുത്തവ പറഞ്ഞു.
​ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിൽ ഇരുപതാം നൂറ്റാണ്ടിലെ ഔദ്യോഗിക സന്ദർശനങ്ങൾ, വിരുന്നുകൾ, സമ്മാനങ്ങൾ, നയതന്ത്ര പ്രോട്ടോക്കോളുകൾ തുടങ്ങിയ 'സോഫ്റ്റ് പവർ' ഉപാധികൾ വലിയ പങ്കുവഹിച്ചതായി ഖത്തർ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഡീൻ ഡോ. ആയിഷ ഹാദി അൽ റാഷ്ദി വ്യക്തമാക്കി. ലൈബ്രറിയിലെ ഹെറിറ്റേജ് വിഭാഗം കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ഇഖ്‌ലാസ് അഹമ്മദാണ് ചർച്ച നയിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img