11:32am 06 November 2026
NEWS
കേരളത്തിലെ ബീഡിതെറുപ്പിൽനിന്ന് അമേരിക്കൻ ജഡ്ജിക്കസേരയിലേക്ക്; വീണ്ടും വിജയിയായി സുരേന്ദ്രൻ കെ. പട്ടേൽ
06/11/2026  09:03 AM IST
nila
കേരളത്തിലെ ബീഡിതെറുപ്പിൽനിന്ന് അമേരിക്കൻ ജഡ്ജിക്കസേരയിലേക്ക്; വീണ്ടും വിജയിയായി സുരേന്ദ്രൻ കെ. പട്ടേൽ

 

വെള്ളരിക്കുണ്ട്: ജീവിതത്തിലെ പ്രതിസന്ധികളോട് പൊരുതി സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയ ബളാൽ സ്വദേശി സുരേന്ദ്രൻ കെ. പട്ടേലിന് അമേരിക്കയിൽ വീണ്ടും വിജയം. ടെക്‌സാസ് സംസ്ഥാനത്തെ 240-ാമത് ജുഡീഷ്യൽ ഡിസ്ട്രിക്ട് ജഡ്ജിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ പ്രവാസി മലയാളികൾക്കും അഭിമാനമായി മാറിയിരിക്കുകയാണ് ഈ മുൻ ബീഡിതെറുപ്പുകാരൻ.

ദാരിദ്ര്യം കാരണം പഠനം മുടങ്ങുമെന്ന ഘട്ടത്തിൽ കുടുംബത്തെ സഹായിക്കാൻ ബീഡിതെറുപ്പുകാരനായി ജോലി ചെയ്താണ് സുരേന്ദ്രൻ ജീവിതപ്പോരാട്ടം ആരംഭിച്ചത്. എന്നാൽ അഭിഭാഷകനാകണമെന്ന ആഗ്രഹത്തിന് മുന്നിൽ പ്രതിസന്ധികളൊന്നും തടസ്സമായില്ല. എളേരിത്തട്ട് ഗവ. കോളേജിൽ പ്രീഡിഗ്രിയും പയ്യന്നൂർ കോളേജിൽ ബിരുദവും പൂർത്തിയാക്കി. കോഴിക്കോട് ഗവ. ലോ കോളേജിലെ നിയമപഠനത്തിനിടെ ചെലവുകൾ കണ്ടെത്താൻ ഹോട്ടലിൽ ശുചീകരണത്തൊഴിലാളിയായും ജോലി ചെയ്തു.

നിയമപഠനം പൂർത്തിയാക്കിയ ശേഷം അഡ്വ. പി. അപ്പുക്കുട്ടന്റെ ജൂനിയറായി കാഞ്ഞങ്ങാട്ട് അഭിഭാഷകവൃത്തി തുടങ്ങി. പിന്നീട് ഡൽഹിയിലെത്തി പ്രാക്ടീസ് തുടർന്ന അദ്ദേഹം സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു.

ഭാര്യ ശുഭയ്ക്ക് അമേരിക്കയിൽ ജോലി ലഭിച്ചതോടെയാണ് സുരേന്ദ്രൻ അമേരിക്കയിലേക്ക് ചേക്കേറിയത്. അവിടെ അഭിഭാഷക ലൈസൻസ് നേടിയതിനൊപ്പം എൽഎൽ.എം. ബിരുദവും കരസ്ഥമാക്കി. 2020-ൽ ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. എന്നാൽ പിന്മാറാതെ വീണ്ടും മത്സരിച്ച അദ്ദേഹം 2022-ൽ വിജയം നേടി.

ഇത്തവണ ഹൂസ്റ്റണിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായാണ് സുരേന്ദ്രൻ ജനവിധി തേടിയത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ആശ റെഡ്ഡിയെ പരാജയപ്പെടുത്തി വീണ്ടും ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ബീഡിതെറുപ്പുകാരനിൽനിന്ന് അമേരിക്കൻ നീതിന്യായ സംവിധാനത്തിലെ ഉന്നത പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര വീണ്ടും ശ്രദ്ധേയമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img