
ദോഹ: ഫ്രണ്ട്സ് ഓഫ് തിരുവല്ല (FOTA) ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം ദോഹയിലെ മോഡേൺ ആർട്ട് സെന്ററിൽ വിപുലമായി സംഘടിപ്പിച്ചു.
ഫ്രണ്ട്സ് ഓഫ് തിരുവല്ല ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ശ്രീ. തോമസ് കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ IMF പ്രസിഡന്റ് ശ്രീ. ഓ. കെ. പരുമല മുഖ്യാതിഥിയായി പങ്കെടുത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി.
സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗം സഹിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകൾ ഓരോ തലമുറയും നന്ദിയോടെ ഓർക്കണമെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു. പ്രത്യേകിച്ച് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നേതൃത്വവും അഹിംസയിലൂന്നിയ സ്വാതന്ത്ര്യസമരവും അദ്ദേഹം അനുസ്മരിച്ചു.
“രക്തവും മാംസവുമുള്ള ഒരു സാധാരണ മനുഷ്യന് അഹിംസയെ ആയുധമാക്കി ഒരു സാമ്രാജ്യത്തിനെതിരെ പോരാടി സ്വാതന്ത്ര്യം നേടാൻ കഴിയുമെന്ന് വരുംതലമുറകൾക്ക് വിശ്വസിക്കാൻ പോലും പ്രയാസമാകുന്ന തരത്തിലുള്ള മഹത്തായ ചരിത്രമാണ് ഗാന്ധിജി നമുക്ക് സമ്മാനിച്ചത്,” അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യം നേടിയെടുക്കാൻ മുൻതലമുറ നടത്തിയ ത്യാഗങ്ങളും പോരാട്ടങ്ങളും പുതുതലമുറയ്ക്ക് പകർന്നു നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിച്ചുകൊണ്ട് ഇന്ത്യയുടെ പുരോഗതിയിൽ ഓരോ പൗരനും പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ചടങ്ങിൽ ഫോട്ടാ ജനറല്‍സെക്രട്ടറി അനീഷ് ജോര്‍ജ് മാത്യു സ്വാഹതവും, ഉപദേശക കൌണ്‍സില്‍ ചെയര്‍മാന്‍ ജിജി ജോണ്‍ നന്ദിയും പറഞ്ഞു, രക്ഷാധികാരി ജോണ്‍ സി എബ്രഹാം ആശംസകള്‍ അറിയിച്ചു, സാമുവേല്‍ വര്‍ഗിസ്, ജോര്‍ജ് തോമസ്, നിതിന്‍ മാത്യു, എബിന്‍ പയ്യനാട്ടു, അനു എബ്രഹാം എന്നിവര്‍ പരിപാടികള്‍ക്ക് നേത്രുതം കൊടുത്തു. ആഘോഷങ്ങളുടെ ഭാഗമായി ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും കേക്ക് മുറിച്ച് സ്വാതന്ത്ര്യദിനാഘോഷം നടത്തുകയും ചെയ്തു. .
“സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ സ്മരിക്കാം; അവരുടെ സ്വപ്നങ്ങളിലെ ഇന്ത്യക്കായി ഒരുമിച്ച് മുന്നേറാം” എന്ന സന്ദേശത്തോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്










