09:52am 14 October 2026
NEWS
ഫ്രിഡ്ജുകളും ഫ്രീസറുകളും ഹാക്ക് ചെയ്തു; കോടികളുടെ ഭക്ഷ്യവസ്തുക്കൾ കേടായി
14/10/2026  08:56 AM IST
nila
ഫ്രിഡ്ജുകളും ഫ്രീസറുകളും ഹാക്ക് ചെയ്തു; കോടികളുടെ ഭക്ഷ്യവസ്തുക്കൾ കേടായി

പാരീസ്: ഫ്രാൻസിലെ നൂറുകണക്കിന് സൂപ്പർമാർക്കറ്റുകളെ ബാധിച്ച സൈബർ ആക്രമണത്തിൽ ഫ്രിഡ്ജുകളും ഫ്രീസറുകളും ചൂടായതോടെ ദശലക്ഷക്കണക്കിന് യൂറോ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കൾ നശിച്ചതായി റിപ്പോർട്ട്. ശീതീകരണ സംവിധാനങ്ങളുടെ താപനില നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറിന്റെ നിയന്ത്രണം ഹാക്കർമാർ കൈക്കലാക്കിയതോടെയാണ് സംഭവം. ചില സൂപ്പർമാർക്കറ്റുകളിലെ ഫ്രീസറുകൾ രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് (120 ഡിഗ്രി ഫാരൻഹീറ്റ്) വരെ ചൂടായതായി ബന്ധപ്പെട്ട റീട്ടെയിൽ ശൃംഖല അറിയിച്ചു.

കോപ്പറേറ്റീവ് യു (Coopérative U) ഉൾപ്പെടെ ഫ്രാൻസിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളെയാണ് ആക്രമണം ബാധിച്ചത്. അതീവ ഗുരുതരവും അസാധാരണവുമായ ആക്രമണമാണിതെന്ന് കോപ്പറേറ്റീവ് യു ചീഫ് എക്സിക്യൂട്ടീവ് ഡൊമിനിക് ഷെൽഷർ പ്രതികരിച്ചു. ഈ ശൃംഖലയിലെ നൂറിലധികം സൂപ്പർമാർക്കറ്റുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ഇന്റർമാർഷെ (Intermarché), നെറ്റോ (Netto) എന്നീ ശൃംഖലകളിലെ 180 സ്റ്റോറുകളും ആക്രമണത്തിന് ഇരയായി. സമാനമായ ആക്രമണം ഒഴിവാക്കുന്നതിനായി മറ്റ് നൂറോളം സ്റ്റോറുകളിലെ ഇന്റർനെറ്റ് കണക്ഷൻ അടിയന്തരമായി വിച്ഛേദിച്ചതായി കമ്പനി വക്താവ് അറിയിച്ചു. കാരിഫോർ, മോണോപ്രി, ഇ. ലെക്ലർക്ക് തുടങ്ങിയ പ്രമുഖ റീട്ടെയിൽ ശൃംഖലകളെയും ആക്രമണം ബാധിച്ചു.

ഡാനിഷ് എൻജിനീയറിങ് കമ്പനിയായ ഡാൻഫോസ് (Danfoss) വികസിപ്പിച്ച സോഫ്റ്റ്‌വെയറാണ് ആക്രമണത്തിന് ഉപയോഗിക്കപ്പെട്ടത്. സൂപ്പർമാർക്കറ്റുകളിലെ ശീതീകരണ സംവിധാനങ്ങൾ വിദൂരത്തിരുന്ന് നിയന്ത്രിക്കാൻ ഈ സോഫ്റ്റ്‌വെയർ സഹായിക്കുന്നു.

സാധാരണയായി ഫ്രീസറുകളിൽ രാത്രിയിൽ മഞ്ഞ് നീക്കം ചെയ്യുന്ന പ്രക്രിയയുടെ ഭാഗമായി താപനിലയിൽ നേരിയ വർധനയുണ്ടാകാറുണ്ട്. എന്നാൽ, ഹാക്കർമാർ ശീതീകരണ യൂണിറ്റുകൾ ചൂടാകാനും ഉയർന്ന താപനിലയിൽ തുടരാനും നിർദേശങ്ങൾ നൽകിയതായാണ് റിപ്പോർട്ട്. ഇതോടെ ഭക്ഷ്യവസ്തുക്കൾ ഉപയോഗശൂന്യമായി.

ആക്രമണം ബാധിച്ച ശീതീകരണ യൂണിറ്റുകൾ പഴയ മോഡലുകളാണെന്നും അവയിലെ സുരക്ഷാ സോഫ്റ്റ്‌വെയർ പുതുക്കാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും ഡാൻഫോസ് വ്യക്തമാക്കി. സുരക്ഷാ ഭീഷണി നേരിടാൻ പിന്തുണ ലഭിക്കുന്ന സംവിധാനങ്ങൾ കാലാനുസൃതമായി പുതുക്കണമെന്ന് കമ്പനികൾക്ക് നേരത്തേ തന്നെ നിർദേശം നൽകിയിരുന്നതായും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ആക്രമണത്തിന്റെ പൂർണവ്യാപ്തി വ്യക്തമായിട്ടില്ലെങ്കിലും, വിവിധ സൂപ്പർമാർക്കറ്റ് ശൃംഖലകൾ നൽകിയ കണക്കുകൾ പ്രകാരം ഫ്രാൻസിലെ ആകെ 15,000-ത്തോളം സ്റ്റോറുകളിൽ ഏകദേശം 400 എണ്ണത്തെ ആക്രമണം ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ.

കാരിഫോറിന്റെ 6,000 സ്റ്റോറുകളിൽ 80 എണ്ണത്തിലെ ഫ്രിഡ്ജുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. 400-ലധികം സ്റ്റോറുകളുള്ള മോണോപ്രിയുടെ അഞ്ച് ശതമാനം സ്ഥാപനങ്ങളെയും ആക്രമണം ബാധിച്ചു. ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ അവ വിൽപ്പനയിൽനിന്ന് പിൻവലിച്ചതായി മോണോപ്രി അറിയിച്ചു.

ഇന്റർമാർഷെയും നെറ്റോയും ഉൾപ്പെടുന്ന മൗസ്കറ്റെയർസ് ഗ്രൂപ്പിന്റെ ചില സ്റ്റോറുകളിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞും ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ പ്രദർശിപ്പിക്കുന്ന യൂണിറ്റുകൾ പ്രവർത്തനരഹിതമായിരുന്നു. ഇത്തരം യൂണിറ്റുകളിലുണ്ടായിരുന്ന ഉൽപ്പന്നങ്ങൾ മുൻകരുതലിന്റെ ഭാഗമായി നീക്കം ചെയ്തതായും സാധനങ്ങൾ എത്രയും വേഗം വീണ്ടും സ്റ്റോക്ക് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഗ്രൂപ്പ് വ്യക്തമാക്കി.

തിങ്കളാഴ്ച പുലർച്ചെ അവസാനിച്ച രാത്രിയിൽ ഇന്റർമാർഷെയുടെ ചില ഫ്രീസറുകൾ ആറു മണിക്കൂറോളം 50 ഡിഗ്രി സെൽഷ്യസിൽ ചൂടായിരുന്നുവെന്നാണ് റിപ്പോർട്ട്. ആരോഗ്യസുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാൻ ബാധിക്കപ്പെട്ട ഭക്ഷ്യവസ്തുക്കളെല്ലാം നശിപ്പിച്ചുകളഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച രാവിലെ സ്റ്റോറുകളിലെത്തിയ ജീവനക്കാരെ ഫ്രീസറുകളിൽനിന്ന് പുറത്തുവന്ന ചൂടുവായുവാണ് വരവേറ്റത്. ചില സ്ഥലങ്ങളിൽ ചെറിയ തീപിടിത്തങ്ങളും റിപ്പോർട്ട് ചെയ്തു. ഐസ്ക്രീം വിൽക്കുന്ന ഭാഗത്തെ ഒരു ഫ്രീസറിൽ 26.5 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായി ഫ്രഞ്ച് വാർത്താ ചാനലായ ബിഎഫ്എംടിവി ചിത്രം സഹിതം റിപ്പോർട്ട് ചെയ്തു.

അൽസാസ് മേഖലയിലെ രണ്ട് സൂപ്പർമാർക്കറ്റുകൾക്കുണ്ടായ നഷ്ടം മാത്രം 2.7 ലക്ഷം യൂറോ (ഏകദേശം 2.28 ലക്ഷം പൗണ്ട്) വരുമെന്നാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തുടനീളമുള്ള സാമ്പത്തിക നഷ്ടം ദശലക്ഷക്കണക്കിന് യൂറോയിലേക്ക് ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.
സംഭവത്തിൽ ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ പ്രത്യേക സൈബർ കുറ്റകൃത്യ അന്വേഷണം ആരംഭിച്ചു. രാജ്യത്തെ നിരവധി പ്രമുഖ ഭക്ഷ്യവിൽപ്പന ശൃംഖലകളുടെ ശീതീകരണ സംവിധാനങ്ങളെ ബാധിച്ച വലിയ തോതിലുള്ള സൈബർ ആക്രമണമാണിതെന്ന് പാരിസ് പ്രോസിക്യൂട്ടർ ഓഫീസ് വ്യക്തമാക്കി.

ആക്രമണത്തെ യൂറോപ്യൻ യൂണിയൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർ ക്രിസ്റ്റോഫ് ഹാൻസൻ അപലപിച്ചു. ഭക്ഷ്യസുരക്ഷയ്ക്ക് എല്ലാ തലങ്ങളിലും കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്നും ഭക്ഷ്യവിതരണത്തെ ആയുധമാക്കുന്ന സാഹചര്യം യാഥാർഥ്യമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഫ്രാൻസിന്റെ ഭക്ഷ്യവിതരണത്തിന് നിർണായകമായ ഉപകരണങ്ങളെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്നും കോപ്പറേറ്റീവ് യു മേധാവി ഡൊമിനിക് ഷെൽഷർ പറഞ്ഞു. ശീതീകരണ സംവിധാനങ്ങളിലെ വിദഗ്ധരുമായി സഹകരിച്ച് പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ ജീവനക്കാർ സജീവമായി പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img