
ദോഹ:ഈ വർഷത്തെ ഖത്തർ ദേശീയദിന മുദ്രാവാക്യമായ “നിങ്ങളോടൊപ്പം ഉയരും, നിങ്ങളിൽ നിന്നാണ് പ്രതീക്ഷ” എന്ന സന്ദേശത്തിന്റെഭാഗമായി
അധ്യാപകർക്ക് ഒരു വർഷത്തേക്ക് സൗജന്യ ‘റഫീഖ് പ്രോ’ (Rafeeq Pro) സബ്സ്ക്രിപ്ഷൻ നൽകുമെന്ന് വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഖത്തറിലെ പ്രമുഖ ഡെലിവറി സേവനദാതാക്കളായ ‘റഫീഖ്’ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.വിദ്യാഭ്യാസ പ്രവർത്തകരെ ശക്തിപ്പെടുത്താനും, അധ്യാപകന്റെ സാമൂഹിക സ്ഥാനവും മാന്യതയും കൂടുതൽ ഉയർത്തിപ്പിടിക്കാനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നടപടി.ദേശീയ വികസനത്തിന്റെ കേന്ദ്രബിന്ദുവായി അധ്യാപകർ വഹിക്കുന്ന പങ്ക്, ഖത്തർ ദേശീയദിനം ഉയർത്തിപ്പിടിക്കുന്ന ത്യാഗം, നിസ്വാർത്ഥ സേവനം, വിശ്വസ്തത എന്നീ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ മുന്നോട്ട് നയിക്കുന്ന തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ സംഭാവനകൾ അതുല്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.











