
ദോഹ: നാല് പതിറ്റാണ്ടോളം നീണ്ട ഖത്തർ പ്രവാസജീവിതത്തോട് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി നേതാവ് ഹമീദ് വൈകിലിശ്ശേരിക്ക് കോഴിക്കോട് ജില്ലാ കെ.എം.സി.സി കമ്മിറ്റി യാത്രയയപ്പ് നൽകി.
ചെറുപ്പകാലത്ത് തന്നെ എം.എസ്.എഫ് പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്ന വ്യക്തിത്വമാണ് ഹമീദ്. വിദ്യാർഥി രാഷ്ട്രീയത്തോടുള്ള ആവേശംകൊണ്ട് എം.എസ്.എഫിന് ശക്തമായ വേരോട്ടമുള്ള സ്കൂളിൽ പഠിക്കണമെന്ന ആഗ്രഹവുമായി കിലോമീറ്ററുകൾ അകലെയുള്ള വടകര എം.യു.എം ഹൈസ്കൂളിൽ ചേർന്നത് അദ്ദേഹത്തിന്റെ ലീഗ് താൽപര്യത്തിന്റെ ആദ്യകാല ഉദാഹരണങ്ങളിലൊന്നാണ്.
ആത്മാർത്ഥതയും സമർപ്പണബോധവും സംഘടനാ പ്രവർത്തനത്തോടുള്ള പ്രതിബദ്ധതയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ മുഖമുദ്രയാണ്. പ്രകടനപരതകൾക്കപ്പുറം നിശ്ശബ്ദമായ പ്രവർത്തനങ്ങളിലൂടെ പ്രസ്ഥാനത്തെ ചേർത്തുപിടിക്കുന്ന ശൈലിയാണ് ഹമീദിന്റേത്.
മുസ്‌ലിം ലീഗ് രാഷ്ട്രീയത്തെ ഹൃദയത്തിൽ മാത്രമല്ല, പേരിനൊപ്പവും ചേർത്തുപിടിച്ച അദ്ദേഹം സംഘടനയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയിലൂടെയാണ് പ്രവർത്തകർക്കിടയിൽ ശ്രദ്ധേയനായത്. പാർട്ടിയോടും പ്രസ്ഥാനത്തോടുമുള്ള ആത്മാർത്ഥമായ സേവനവും സമർപ്പിത പ്രവർത്തനങ്ങളുമാണ് പേരിനൊപ്പം 'ലീഗ്' എന്ന വിശേഷണം കൂടി ചേർത്ത് പ്രവർത്തകർ അദ്ദേഹത്തെ സ്നേഹപൂർവം 'ലീഗ് ഹമീദ്' എന്ന് വിളിക്കാൻ കാരണമായത്.
സിറാജ് മാത്തോത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ അതീഖ് റഹ്മാൻ, അജ്മൽ തെങ്ങലക്കണ്ടി, നബീൽ നന്തി, നവാസ് കോട്ടക്കൽ, റൂബിനാസ് കോട്ടേടത്ത്, ഷബീർ മേമുണ്ട, ഫിർദൗസ് മണിയൂർ എന്നിവർ സംസാരിച്ചു. ഹമീദ് വൈകിലിശ്ശേരി സ്വീകരണത്തിന് നന്ദി അറിയിച്ചു.
നാല് പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിന് വിരാമമിടുമ്പോഴും പ്രസ്ഥാനത്തിനും സഹപ്രവർത്തകർക്കുമിടയിൽ അദ്ദേഹം സൃഷ്ടിച്ച സൗഹൃദങ്ങളും ഓർമ്മകളും സേവനങ്ങളും എന്നും നിലനിൽക്കും.









