
പര്യത്തുക്കാവിൽ ഏഴു കുടുംബങ്ങൾക്കായി നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം .ജോൺ നിർവഹിക്കുന്നു. ബെന്നി ബഹനാൻ എം .പി , വി.പി.സജീന്ദ്രൻ എം.എൽ.എ,ജില്ലാ കളക്ടർ ജി .പ്രിയങ്ക എന്നിവർ സമീപം
അമ്പതിലധികം വർഷങ്ങളായി പര്യത്തുക്കാവ് നിവാസികൾ നേരിട്ടിരുന്ന കുടിയൊഴിപ്പിക്കൽ ഭീഷണിക്ക് ശാശ്വത പരിഹാരം. പ്രദേശവാസികളായ ഏഴു കുടുംബങ്ങൾക്ക് സർക്കാർ നിർമ്മിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ നിർവഹിച്ചു.
പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേർത്തുപിടിക്കുകയെന്നതാണ് സതീശൻ സർക്കാരിന്റെ നയമെന്നും, ആ നയത്തിന്റെ വിജയമാണ് ഇവിടെ കാണുന്നതെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
ഇവിടെത്തന്നെ ഇവർക്ക് വീട് നിർമ്മിച്ചു നൽകുമെന്ന സർക്കാരിൻ്റെ വാക്കാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്. അഞ്ചര പതിറ്റാണ്ടോളം നീണ്ടുനിന്നതും കുടിയൊഴിപ്പിക്കലിന്റെ വക്കിലെത്തിയതുമായ കേസാണിത്. നിയമത്തിന്റെ സാങ്കേതികത്വങ്ങൾക്കപ്പുറം ജനകീയമായ ഒരു ജനാധിപത്യ സംവിധാനം ജനങ്ങളെ ചേർത്തുപിടിച്ചാൽ ഏത് പ്രതിസന്ധിക്കും പരിഹാരമുണ്ടാകും. അകൽച്ചയിലായിരുന്ന ഇരുവിഭാഗങ്ങളെയും ഒരുമിച്ചിരുത്തി അർദ്ധരാത്രിയോളം നീണ്ട ചർച്ചകളാണ് ഒടുവിൽ ഫലം കണ്ടത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, വിവിധ വകുപ്പ് മന്ത്രിമാർ, ജില്ലാ ഭരണകൂടം, അഡ്വക്കേറ്റ് ജനറലിന്റെ നേതൃത്വത്തിലുള്ള നിയമജ്ഞർ എന്നിവരുടെയെല്ലാം പ്രയത്നമാണ് വിജയത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.
പുതിയ വീടുകളുടെ നിർമാണം പൂർത്തിയായ ശേഷവും കുടുംബങ്ങൾക്കൊപ്പം സർക്കാർ ഉണ്ടാകും. കർക്കിടക മാസത്തിന് മുൻപായി ശിലാസ്ഥാപനം നടത്തണമെന്ന കുടുംബങ്ങളുടെ താല്പര്യം മാനിച്ചാണ് 11 മുതൽ 11.45 വരെയുള്ള മുഹൂർത്തത്തിൽ തറക്കല്ലീടൽ ചടങ്ങുകൾ പൂർത്തിയാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒരു കാരണവശാലും പര്യത്തുകാവ് നിവാസികളെ അനാഥരാക്കി വിടാൻ സർക്കാർ ഒരുക്കമല്ലെന്നതിന്റെ തെളിവാണ് ഇവിടെ കണ്ടതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കുന്നത്തുനാട് എം.എൽ.എ വി. പി. സജീന്ദ്രൻ പറഞ്ഞു. നിർമ്മാണ കരാറുകാരനുള്ള അഡ്വാൻസ് തുകയുടെ ചെക്ക് എം.എൽ.എ കൈമാറി.
കേരളത്തിന് തന്നെ മാതൃകയായ ഒരു ഭൂമി തർക്ക പരിഹാരമാണ് പര്യത്തുക്കാവിൽ നടപ്പിലായിരിക്കുന്നതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ ബെന്നി ബഹനാൻ എം.പി പറഞ്ഞു.
ഉന്നതി നിവാസികൾക്ക് അവർ താമസിക്കുന്ന അതേ വസ്തുവിൽ തന്നെയാണ് 1000 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള വീടുകൾ നിർമ്മിച്ചു നൽകുന്നത്. സർക്കാർ മേൽനോട്ടത്തിൽ സ്പോൺസർഷിപ്പ് അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കും. അറ്റാച്ച്ഡ് ബാത്ത്റൂമുകളോടു കൂടിയ മൂന്ന് കിടപ്പുമുറികൾ, ഡൈനിങ് ഹാൾ, ലിവിങ് റൂം, സിറ്റൗട്ട്, അടുക്കള എന്നിവ അടങ്ങുന്നതാണ് വീടുകൾ. താമസക്കാരായ ഏഴ് കുടുംബങ്ങൾക്കുമായി 5 സെന്റ് വീതമുള്ള ഭൂമിയും അതിലേക്കുള്ള വഴിയും ഇതിനോടകം അളന്നു തിരിച്ചു നൽകി.
ചടങ്ങിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക, റൂറൽ എസ്പി കെ.എസ് സുദർശൻ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലിസ്സി സെബാസ്റ്റ്യൻ, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ശാരദ, ജില്ലാ പഞ്ചായത്ത് അംഗം പി എ മുക്താർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹസീന ടീച്ചർ, വാഴക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷമീർ തൂലിൽ, അംഗം ടി എ മജീദ്, പെരുമ്പാവൂർ എഎസ്പി ഹർദ്ദിക് മീണ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്, മൂവാറ്റുപുഴ ആർഡിഒ വി ഇ അബ്ബാസ് തുടങ്ങിയവർ പങ്കെടുത്തു.
Photo Courtesy - Google










