
ദോഹ:മോട്ടോർ സ്പോർട്സ് പ്രേമികൾക്കായി ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് നടത്തുന്ന ജനപ്രിയ സംരംഭമായ ഫോർമുല വൺ 'ഫാമിലി ഫ്രൈഡേ' (Family Friday) വീണ്ടുമെത്തുന്നു. നവംബർ 27 മുതൽ 29 വരെ നടക്കുന്ന ഖത്തർ എയർവേസ് ഫോർമുല വൺ ഗ്രാൻഡ് പ്രീയോടനുബന്ധിച്ചാണ് കുടുംബങ്ങൾക്കായി ഈ സവിശേഷ അവസരം ഒരുക്കിയിരിക്കുന്നത്.
കായിക വിനോദങ്ങളെ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കുന്നതിന്റെയും, കുടുംബങ്ങൾക്ക് ഒന്നിച്ചിരുന്ന് വേൾഡ് ക്ലാസ് റേസിംഗ് അനുഭവം ആസ്വദിക്കുന്നതിൻറെയും ഭാഗമായാണ് പദ്ധതി പുനരാരംഭിക്കുന്നത്. നവംബർ 27 വെള്ളിയാഴ്ച നടക്കുന്ന മത്സരങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
200 ഖത്തറി റിയാലിന്റെ ഒരു ജനറൽ അഡ്മിഷൻ ടിക്കറ്റ് (മുതിർന്നവർക്കുള്ളത്) എടുക്കുന്നവർക്ക് 12 വയസ്സിന് താഴെയുള്ള നാല് കുട്ടികളെ വരെ സൗജന്യമായി കൂടെ കൂട്ടാം. കുട്ടികൾക്കുള്ള സൗജന്യ ടിക്കറ്റുകൾ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്.
ലോകോത്തര ഡ്രൈവർമാരുടെ പ്രാക്ടീസ് സെഷനുകൾ നേരിട്ട് കാണാനുള്ള അവസരത്തിന് പുറമെ, ഫാൻ സോണിലെ വിവിധ സാംസ്കാരിക പരിപാടികൾ, കുട്ടികൾക്കായുള്ള പ്രത്യേക മേഖലകൾ, ഇന്ററാക്ടീവ് സിമുലേറ്ററുകൾ, തത്സമയ കലാപ്രകടനങ്ങൾ എന്നിവയും കാണികൾക്കായി കാത്തുവെച്ചിട്ടുണ്ട്. കൂടാതെ പ്രധാന സ്റ്റേജിൽ നടക്കുന്ന 'ചാമ്പ്യൻസ് മീറ്റിൽ' പ്രമുഖ താരങ്ങളെ കാണാനും ആരാധകർക്ക് സാധിക്കും.
ടിക്കറ്റ് ഉടമകൾക്ക് ലുസൈൽ ക്യു.എൻ.ബി (QNB) മെട്രോ സ്റ്റേഷനിൽ നിന്ന് സർക്യൂട്ടിലേക്ക് സൗജന്യ ബസ് സർവീസും പാർക്കിംഗ് സൗകര്യവും ലഭ്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.










