
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുൻ മന്ത്രിയും ഡപ്യൂട്ടി സ്പീക്കറും തൃണമൂൽ കോൺഗ്രസ് നേതാവുമായ ആശിഷ് ബാനർജിയെ മരിച്ച നിലയിൽ കണ്ടെത്തി. ബീർഭൂം ജില്ലയിലെ രാംപുർഹട്ടിലുള്ള വീടിന് സമീപത്തെ തൃണമൂൽ കോൺഗ്രസ് ഓഫിസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. രാംപുർഹട്ട് മണ്ഡലത്തിൽനിന്ന് തുടർച്ചയായി അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആശിഷ് ബാനർജി തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു. വിദ്യാഭ്യാസ, കാർഷിക വകുപ്പുകളുടെ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ധ്രുവ സാഹയോട് ആശിഷ് ബാനർജി പരാജയപ്പെട്ടിരുന്നു. രാംപുർഹട്ടിലെ ഹട്ടാലപാറ മേഖലയിലായിരുന്നു താമസം. ആശിഷ് ബാനർജിയെ പാർട്ടി ഓഫിസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതോടെ പ്രദേശത്ത് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.











