
ദോഹ: ലോക ആരോഗ്യ സംഘടനയുടെ (WHO) അടുത്ത ഡയറക്ടർ ജനറൽ പദവിയിലേക്ക് ഖത്തറിന്റെ മുൻ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി നാമനിർദേശം ചെയ്യപ്പെട്ടു. ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിലും പൊതുജനാരോഗ്യ രംഗത്തും ഉള്ള ഡോ. ഹനാന്റെ ദീർഘകാല പരിചയസമ്പത്ത് കണക്കിലെടുത്താണ് ഈ അപൂർവ നേട്ടമെന്ന് ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസ് അറിയിച്ചു.വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ഏറ്റവും ഉയർന്ന സാങ്കേതിക-ഭരണനിർവഹണ ചുമതലയുള്ള ഈ പദവിയിലേക്ക് നിലവിൽ ഡോ. ഹനാൻ അൽ കുവാരി (ഖത്തർ)
ഡോ. ഹനാൻ ബൽഖി (സൗദി അറേബ്യ)
ഡോ. ഹാൻസ് ഹെൻറി പി. ക്ലൂജ് (ബെൽജിയം)
ബുഡി ഗുനാഡി സാദിക്കിൻ (ഇന്തോനേഷ്യ)എന്നിവരാണ് സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.നിലവിലെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനോം ഗെബ്രിയേസസിന്റെ കാലാവധി 2027 ഓഗസ്റ്റ് 15-ന് പൂർത്തിയാകും. അംഗരാജ്യങ്ങളിൽ നിന്ന് നാമനിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 സെപ്റ്റംബർ 24 ആണ്.
തുടർന്ന്, 2027 ജനുവരിയിൽ ചേരുന്ന ഡബ്ല്യു.എച്ച്.ഒ എക്സിക്യൂട്ടീവ് ബോർഡ് തിരഞ്ഞെടുക്കുന്ന സ്ഥാനാർത്ഥികളിൽ നിന്ന് 2027 മേയിൽ നടക്കുന്ന 80-ാമത് വേൾഡ് ഹെൽത്ത് അസംബ്ലിയിലാണ് പുതിയ ഡയറക്ടർ ജനറലിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുക.











