04:51pm 18 April 2026
NEWS
സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയിൽ കള്ളപ്പണം വെളുപ്പിച്ചെന്ന് മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ
22/01/2026  06:51 AM IST
nila
സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയിൽ കള്ളപ്പണം വെളുപ്പിച്ചെന്ന് മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ

ബത്തേരി: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയിൽ ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം നിക്ഷേപമായി സ്വീകരിച്ച് ബാങ്കിങ് വഴിയിലൂടെ വെളുപ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി മുൻ ജീവനക്കാരൻ രംഗത്തെത്തി. സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ബ്രഹ്മഗിരി മലബാർ മീറ്റ് ഫാക്ടറിയിലെ ജീവനക്കാരനായ എം. നൗഷാദാണ് ​ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പണത്തിന്റെ ചിത്രങ്ങളും ഇയാൾ പുറത്തുവിട്ടു.

സൊസൈറ്റിയിൽ നിക്ഷേപിച്ചിരുന്ന 22 ലക്ഷം രൂപ തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് നൗഷാദ്  ഈ വിവരങ്ങൾ പുറത്തുവിട്ടത്. 2021 ഡിസംബർ 2ന് കോഴിക്കോട് സ്വദേശിയായ ഒരാൾ 36 ലക്ഷം രൂപ ചാക്കിൽ കെട്ടി ബ്രഹ്മഗിരി ഓഫീസിൽ എത്തിച്ചതായും, ഈ തുക ബത്തേരിയിലെ ഒരു ദേശസാൽകൃത ബാങ്കിൽ എത്തിച്ച് 10 ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് വിഭജിച്ച് നിക്ഷേപിച്ചതിന് ശേഷം ബ്രഹ്മഗിരി സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും അദ്ദേഹം പറയുന്നു.

ഇതേ രീതിയിൽ മറ്റൊരു അവസരത്തിൽ ബത്തേരി സ്വദേശിയും വൻതുക പണമായി എത്തിച്ചതായും നൗഷാദ് ആരോപിച്ചു. അറ്റൻഡറായി ജോലി ചെയ്തിരുന്ന താൻ ഈ ഇടപാടുകൾക്ക് നേരിട്ട് സാക്ഷിയാണെന്നും, ബാങ്കിൽ പണം നിക്ഷേപിക്കാൻ പോയപ്പോഴാണ് നോട്ടുകളുടെ ചിത്രങ്ങൾ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഒന്നര പതിറ്റാണ്ട് മുൻപ് ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയുടെ കീഴിൽ ആരംഭിച്ച മലബാർ മീറ്റ് മാംസസംസ്‌കരണ ഫാക്ടറി കഴിഞ്ഞ രണ്ട് വർഷമായി അടഞ്ഞുകിടക്കുകയാണ്. വ്യക്തികളിലും സ്ഥാപനങ്ങളിലുമുൻനിന്ന് സ്വീകരിച്ച നിക്ഷേപങ്ങളും ജീവനക്കാരുടെ ശമ്പളക്കുടിശികയും ഉൾപ്പെടെ 100 കോടിയിലധികം രൂപയുടെ ബാധ്യത ഫാക്ടറിക്കുണ്ടെന്നാണ് വിവരം.

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ സർക്കാർ 10 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ഇതുവരെ തുക ലഭ്യമായിട്ടില്ല. ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനാൽ ഫാക്ടറി വീണ്ടും പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ മന്ദഗതിയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നഷ്ടത്തിലായ സ്ഥാപനത്തെ രക്ഷിക്കാനായി കടമായും നിക്ഷേപമായും സ്വീകരിച്ച തുകയാണിതെന്നും, അവയുടെ ഒരു ഭാഗമാണ് ബാങ്കിങ് വഴിയിലൂടെ നിക്ഷേപിച്ചതെന്നുമാണ് ലഭ്യമായ വിവരങ്ങൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img