
മധ്യപ്രദേശിലെ വനമേഖലകളിൽ സാൽ മരങ്ങളെ വ്യാപകമായി ബാധിച്ച കീടാക്രമണം തടയാൻ വൻതോതിലുള്ള നടപടികളുമായി വനംവകുപ്പ്. സാൽ ഹാർട്വുഡ് ബോറർ എന്ന വണ്ടിന്റെ ആക്രമണം രൂക്ഷമായതോടെ 1.56 ലക്ഷത്തിലേറെ മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി നൽകി. ഡിൻഡോരി, അനുപുർ ജില്ലകളിലാണ് കീടബാധ ഏറ്റവും കൂടുതൽ വ്യാപിച്ചിരിക്കുന്നത്.
ഡിൻഡോരി ജില്ലയിൽ 1,46,784 മരങ്ങളും അനുപുർ ജില്ലയിലെ അമർകണ്ഠക്കിൽ 9,535 മരങ്ങളുമാണ് മുറിച്ചുമാറ്റുന്നത്. മരങ്ങളുടെ തടിക്കുള്ളിലേക്ക് തുളച്ചുകയറി ഉൾഭാഗം നശിപ്പിക്കുന്നതാണ് സാൽ ഹാർട്വുഡ് ബോററിന്റെ രീതി. മഴക്കാലത്തിന്റെ തുടക്കത്തിൽ മരങ്ങളിൽനിന്ന് പുറത്തുവരുന്ന വണ്ടുകൾ അതിവേഗം പെരുകുന്നതും പ്രതിരോധ പ്രവർത്തനങ്ങൾ ദുഷ്കരമാക്കുന്നു.
കീടങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വണ്ടുകളെ ശേഖരിക്കുന്നവർക്കു പ്രതിഫലം നൽകുന്ന പദ്ധതിയും വനംവകുപ്പ് നടപ്പാക്കുന്നുണ്ട്. ശേഖരിക്കുന്ന ഓരോ വണ്ടിനും രണ്ടു രൂപ വീതമാണ് നൽകുന്നത്. സെപ്റ്റംബറോടെ ഏകദേശം 19 ലക്ഷം വണ്ടുകളെ ഇത്തരത്തിൽ ശേഖരിച്ചതായാണ് റിപ്പോർട്ട്. ഇതിനായി 38.5 ലക്ഷം രൂപ ചെലവഴിച്ചു. ഏകദേശം 30 വർഷത്തിലൊരിക്കൽ ആവർത്തിക്കുന്ന സ്വാഭാവിക പ്രതിഭാസമായാണ് വിദഗ്ധർ ഈ കീടബാധയെ വിലയിരുത്തുന്നത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട വൃക്ഷയിനങ്ങളിലൊന്നാണ് സാൽ. ഉത്തരേന്ത്യ, മധ്യ ഇന്ത്യ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ ഇലപൊഴിയും വനങ്ങളിൽ സാൽ മരങ്ങൾ വ്യാപകമായി കാണപ്പെടുന്നു. ഹിമാലയൻ താഴ്വരകൾ മുതൽ ജാർഖണ്ഡ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ വനങ്ങളിലും ഇവ ധാരാളമുണ്ട്. കേരളത്തിൽ കൈമരുത് എന്ന പേരിലാണ് സാൽ മരം അറിയപ്പെടുന്നത്.
30 മുതൽ 35 മീറ്റർ വരെ ഉയരത്തിൽ വളരുന്ന സാൽ മരങ്ങളുടെ തടിക്ക് മികച്ച ഉറപ്പും ഈടും ഉള്ളതിനാൽ നിർമാണമേഖലയിൽ വലിയ പ്രാധാന്യമുണ്ട്. വീടുകളുടെ തൂണുകൾ, പാലങ്ങൾ, ഫർണിച്ചറുകൾ, കപ്പലുകളുടെ വിവിധ ഭാഗങ്ങൾ എന്നിവ നിർമിക്കാൻ സാൽ തടി ഉപയോഗിക്കുന്നു. മഞ്ഞകലർന്ന വെള്ളനിറത്തിലുള്ള ചെറിയ പൂക്കളാണ് മരത്തിലുണ്ടാകുന്നത്. വേനൽക്കാലത്ത് ഇലകൾ പൊഴിയുകയും പിന്നീട് പുതിയ ഇലകൾ തളിർക്കുകയും ചെയ്യും.
സാൽ മരത്തിന്റെ വിത്തുകളിൽനിന്ന് ലഭിക്കുന്ന കൊഴുപ്പാണ് സാൽ ബട്ടർ എന്നറിയപ്പെടുന്നത്. ഭക്ഷ്യവസ്തുക്കൾ, സൗന്ദര്യവർധക ഉൽപന്നങ്ങൾ, വിവിധ വ്യാവസായിക ആവശ്യങ്ങൾ എന്നിവയ്ക്ക് ഇത് ഉപയോഗിക്കുന്നുണ്ട്. ആദിവാസി സമൂഹങ്ങളുടെ ജീവിതത്തിലും സാൽ മരങ്ങൾക്ക് നിർണായക സ്ഥാനമുണ്ട്. മരത്തിന്റെ ഇലകൾ ഭക്ഷണം പൊതിയാനും പരമ്പരാഗത പാത്രങ്ങൾ നിർമിക്കാനും ഉപയോഗിച്ചുവരുന്നു. അതുകൊണ്ടുതന്നെ സാൽ മരങ്ങൾക്കുണ്ടാകുന്ന വ്യാപകമായ നാശം വനമേഖലയെയും അതിനെ ആശ്രയിച്ചുകഴിയുന്ന സമൂഹങ്ങളെയും ഒരുപോലെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.










