
തിരുവനന്തപുരം: വെളിച്ചെണ്ണ വില ലിറ്ററിന് 500 രൂപ കടന്നതോടെ വ്യാജ ഉത്പന്നങ്ങൾ വിപണിയിൽ വ്യാപകമാകുന്നു. ഓണം ലക്ഷ്യമിട്ട് 350 രൂപയ്ക്ക് വരെയാണ് വ്യാജ വെളിച്ചെണ്ണ എത്തുന്നത്. പാമോയിലും മറ്റ് വിലകുറഞ്ഞ എണ്ണകളും കലർത്തിയാണ് ഈ ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. ഇതേത്തുടർന്ന്, ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപ്പറേഷൻ നാളികേരം' എന്ന പേരിൽ പരിശോധന ശക്തമാക്കി.
വ്യാജന്മാരെ തിരിച്ചറിയാം
* കേരഫെഡിന്റെ 'കേരള വെളിച്ചെണ്ണ'യോട് സാമ്യമുള്ള പായ്ക്കറ്റുകളിലാണ് പലപ്പോഴും വ്യാജന്മാർ എത്തുന്നത്.
* 'കേരള നാട്', 'കേരള ശുദ്ധി', 'കേരള സുഗന്ധി' തുടങ്ങിയ പേരുകളിൽ 'കേരള' എന്ന വാക്ക് മാത്രം വലിയ അക്ഷരത്തിൽ എഴുതി ഉപഭോക്താക്കളെ കബളിപ്പിക്കാൻ ശ്രമിക്കുന്നു.
* പേരില്ലാത്ത കുപ്പികളിൽ നിറച്ചും വ്യാജ വെളിച്ചെണ്ണ വിൽക്കുന്നുണ്ട്.
'ഓപ്പറേഷൻ നാളികേരം'
രണ്ടാഴ്ച മുമ്പ് ആരംഭിച്ച പരിശോധനയിൽ 980 സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. 161 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 277 സർവൈലൻസ് സാമ്പിളുകളും ഗുണനിലവാരം പരിശോധിക്കുന്നതിനായി അയച്ചിട്ടുണ്ട്. 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 7 സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.
വിലനിലവാരം
നിലവിൽ കൊപ്രയുടെ വില കിലോയ്ക്ക് 280 രൂപയും തേങ്ങയ്ക്ക് കിലോയ്ക്ക് 90 രൂപയുമാണ്. അതിനാൽ വെളിച്ചെണ്ണയുടെ വില 500 രൂപയിൽ താഴെ വിൽക്കാൻ സാധിക്കില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. മില്ലുകളിൽ നിന്നുള്ള വെളിച്ചെണ്ണയ്ക്ക് തന്നെ 450 രൂപയോളം വിലയുണ്ട്.
മായം ചേർത്ത വെളിച്ചെണ്ണയ്‌ക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വെളിച്ചെണ്ണയുടെ ഗുണനിലവാരത്തെക്കുറിച്ച് സംശയമുണ്ടെങ്കിൽ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി അറിയിക്കാവുന്നതാണ്.











