പരിശുദ്ധ പരുമല തിരുമേനി അസാധ്യകാര്യങ്ങളെ പ്രാർത്ഥനയാൽ സാധ്യമാക്കിയ വിശുദ്ധൻ : പരിശുദ്ധ കാതോലിക്കാ ബാവാ
പരുമല : പമ്പാതീരത്തെ പുണ്യവാനോടുള്ള അപേക്ഷകളും മധ്യസ്ഥപ്രാർത്ഥനകളും നിറഞ്ഞ അന്തരീക്ഷത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാളിന് കൊടിയിറങ്ങി. പ്രാർത്ഥനയിലൂടെ ആത്മീയവെളിച്ചം സമൂഹത്തിന് പകർന്ന വിശുദ്ധനായിരുന്നു പരുമല തിരുമേനിയെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. അസാധ്യകാര്യങ്ങളെ തിരുമേനി പ്രാർത്ഥനയാൽ സാധ്യമാക്കി. വെറും 54 വർഷം മാത്രം ഭൂമിയിൽ ജീവിച്ച ആ ഋഷിവര്യൻ സ്വർഗത്തിൽ വലിയ നിക്ഷേപമുണ്ടാക്കി. അതിനാലാണ് പരുമലയിലെ കബറിടത്തിലേക്ക് ജനലക്ഷങ്ങൾ പ്രവഹിക്കുന്നതെന്നും ബാവാ പറഞ്ഞു.
പ്രഭാതനമസ്ക്കാരത്തെ തുടർന്ന് പള്ളിയിൽ നടന്ന വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഡോ.യൂഹാനോൻ മാർ തേവോദോറോസ് എന്നിവർ സഹകാർമ്മികരായി. പുലർച്ചെ 3ന് പള്ളിയിൽ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായും, രാവിലെ 6.15ന് ചാപ്പലിൽ ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തായും വിശുദ്ധ കുർബാനയർപ്പിച്ചു. വിശുദ്ധ കുർബാനയിലും, പരിശുദ്ധന്റെ കബറിടത്തിൽ നടന്ന ധൂപപ്രാർത്ഥനയിലും, ശ്ലൈഹിക വാഴ്വിലും സഭയുടെ മെത്രാപ്പോലീത്താമാർ സംബന്ധിച്ചു.
ഉച്ചയ്ക്ക് നടന്ന ഭക്തിനിർഭരമായ പ്രദക്ഷിണത്തിൽ മുത്തുക്കുടകളും, മെഴുകുതിരികളുമേന്തി ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ,അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.യാക്കോബ് തോമസ് റമ്പാൻ, അസി.വികാരിമാരായ ഫാ.ജെ.മാത്തുക്കുട്ടി, ഫാ.ഗീവർഗീസ് മാത്യു, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്സാണ്ടർ ഏബ്രഹാം, വൈദികർ, പരുമല സെമിനാരി കൗൺസിൽ അംഗങ്ങൾ, എന്നിവർ നേതൃത്വം നൽകി.
പരിശുദ്ധ പരുമല തിരുമേനിയുടെ 125-ാം ഓർമ്മപ്പെരുന്നാൾ : ചരമ ശതോത്തര രജതജൂബിലി വർഷമായി പ്രഖ്യാപിച്ചു
പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ 125-ാം ഓർമ്മപ്പെരുന്നാൾ വിപുലമായി ആചരിക്കാൻ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. 2028 നവംബർ വരെ നീണ്ട് നിൽക്കുന്ന ചരമ ശതോത്തര രജതജൂബിലിയുടെ പ്രഖ്യാപനം മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നടത്തി. ജൂബിലി വർഷത്തിൽ നടപ്പാക്കേണ്ട പദ്ധതികൾ സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസും, സഭാ സമിതികളും കൂടിയാലോചിച്ച് തീരുമാനിക്കും.








