08:17am 30 April 2026
NEWS
കാഞ്ചീപുരത്ത് നാലരക്കോടി രൂപ കവർന്ന സംഭവത്തിൽ അഞ്ച് മലയാളികൾ അറസ്റ്റിൽ
30/10/2025  09:06 AM IST
nila
കാഞ്ചീപുരത്ത് നാലരക്കോടി രൂപ കവർന്ന സംഭവത്തിൽ അഞ്ച് മലയാളികൾ അറസ്റ്റിൽ

കാഞ്ചീപുരത്ത് കുറിയർ കമ്പനി വാഹനത്തിൽ നിന്നു നാലരക്കോടിയോളം രൂപ കവർന്ന സംഭവത്തിൽ അഞ്ചു മലയാളികൾ അറസ്റ്റിൽ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നുള്ള സന്തോഷ്, ജയൻ, സുജിത്‌ലാൽ, മുരുകൻ, കുഞ്ഞുമുഹമ്മദ് എന്നിവരാണ് പിടിയിലായത്. കാഞ്ചീപുരം പൊലീസ് കേരളത്തിലെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മുംബൈ ബോർവാലി സ്വദേശിയും കുറിയർ സ്ഥാപന ഉടമയുമായ ജതിന്റെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. 2017 മുതൽ രാജ്യത്തുടനീളം പണവും വിലയേറിയ വസ്തുക്കളും കമ്മീഷൻ അടിസ്ഥാനത്തിൽ എത്തിച്ചു കൊടുക്കുന്ന ജതിന്റെ കമ്പനി, ഏകദേശം ഒന്നര മാസം മുമ്പ് ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലെ സൗക്കാർപെട്ടിലേക്കായി നാലരക്കോടി രൂപയുമായി രണ്ട് ഡ്രൈവർമാരെ അയച്ചിരുന്നു.

ചെന്നൈ–ബെംഗളൂരു ദേശീയപാതയിലൂടെ വാഹനം കാഞ്ചീപുരം മേഖലയിലെത്തിയപ്പോൾ, കേരളത്തിൽ നിന്നുള്ള 17 പേരടങ്ങുന്ന സംഘം മൂന്ന് കാറുകളിലെത്തി വാഹനം തടഞ്ഞു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഘം കാർ കയ്യടക്കി, പിന്നീട് ആർക്കോട്ട് ഭാഗത്തുവെച്ച് കാർയും ഡ്രൈവർമാരെയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

സംഭവത്തിൽ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച പൊലീസ്, അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചപ്പോൾ പ്രതികൾ ഇവിടെ ഒളിവിൽ കഴിയുന്നതായി കണ്ടെത്തി. തുടർന്ന് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ള 12 പേരെ പിടികൂടാനുള്ള തിരച്ചിൽ തുടരുകയാണ്. അറസ്റ്റിലായവരിൽ നിന്ന് പണം വീണ്ടെടുക്കാനും കൂട്ടാളികളെ പിടികൂടാനുമായി പൊലീസ് നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img