
ചെങ്ങന്നൂർ: പാണ്ടനാട് മിത്രപുഴ കടവിൽ പമ്പയാറ്റിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട വീട്ടമ്മയ്ക്ക് രക്ഷകനായി അഗ്നിരക്ഷാ സേനാംഗം. തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.കെ. ശ്രീനിവാസാണ് സ്വന്തം ജീവൻ പണയപ്പെടുത്തി വീട്ടമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പാണ്ടനാട് മാവി
ലത്തു വടക്കേതിൽ രഘുനാഥൻ നായരുടെ ഭാര്യ ശ്രീകലയാണ് ( 50 ) അപകടത്തിൽപ്പെട്ടത്.
ഞായറാഴ്ച
ഉച്ചയ്ക്ക് ശേഷം മിത്രപുഴ കടവിൽ തുണി കഴുകുന്നതിനിടെ ശ്രീകല കാൽവഴുതി ആറ്റിലേക്ക് വീഴുകയായിരുന്നു. മൺറോ തുരുത്തിൽ കുടുംബത്തോടൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു ശ്രീനിവാസ്. മിത്രമഠo പാലത്തിന് മുകളിൽ ജനക്കൂട്ടം കണ്ട് കാർ നിർത്തി കാര്യം അന്വേഷിച്ച അദ്ദേഹം, വീട്ടമ്മ ഒഴുക്കിൽപ്പെട്ട വിവരം അറിഞ്ഞ ഉടൻ ആറ്റിലേക്ക് ചാടുകയായിരുന്നു.
ശക്തമായ ഒഴുക്കിനെ വകഞ്ഞുമാറ്റി നീന്തിയ ശ്രീനിവാസ് ശ്രീകലയുടെ അരികിലെത്തി. ഈ സമയം പാലത്തിന് മുകളിൽ നിന്ന യാത്രക്കാർ ഇട്ടുകൊടുത്ത വടം വീട്ടമ്മയുടെ അരയിൽ ബന്ധിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇവരെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയായിരുന്നു. ഉടൻ തന്നെ പ്രഥമ ശുശ്രൂഷ നൽകിയതിനാൽ വലിയ അപകടം ഒഴിവായി.
മിനിറ്റുകൾ വൈകിയിരുന്നെങ്കിൽ വീട്ടമ്മയുടെ ജീവൻ നഷ്ടപ്പെടുമായിരുന്നുവെന്ന് ശ്രീനിവാസ് പറഞ്ഞു. അവധിയിലായിരുന്നിട്ടും അപകടം കണ്ടപ്പോൾ മടിച്ചുനിൽക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ച ഉദ്യോഗസ്ഥനെ നാട്ടുകാർ അഭിനന്ദിച്ചു. വിവരം അറിഞ്ഞെത്തിയ കുടുംബക്കാർ ശ്രീകലയെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയി











