
ഹൈദരാബാദ്: വീട്ടുമുറ്റത്തെ ഗേറ്റിൽ തെളിച്ചുവച്ച മൺവിളക്ക് ഒരു യുവതിയുടെ ജീവനെടുക്കുന്ന അപകടമായി മാറി. വിളക്കിൽനിന്ന് സാരിയിലേക്ക് തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ തെലങ്കാന സ്വദേശിനി സായ് വെങ്കട സിന്ധു (18) മരിച്ചു. 16 ദിവസത്തോളം ആശുപത്രിയിൽ മരണത്തോട് മല്ലിട്ട ശേഷമാണ് യുവതി വിടപറഞ്ഞത്.
നവംബർ 12നായിരുന്നു നാടിനെ നടുക്കിയ അപകടം. അഡഗുട്ട വെസ്റ്റേൺ ഹിൽസിൽ താമസിച്ചിരുന്ന സിന്ധു, അഡഗുട്ടയിലെ സ്വന്തം വസ്ത്രശാല അടച്ചശേഷം രാത്രി വീട്ടിലെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. വീടിന്റെ ഗേറ്റിൽ കത്തിച്ചുവച്ചിരുന്ന മൺവിളക്കിൽനിന്ന് സിന്ധു ധരിച്ചിരുന്ന സാരിയിലേക്ക് തീ പടരുകയായിരുന്നു. തീ ശരീരത്തിലേക്ക് പടർന്നതോടെ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കും ജീവൻ രക്ഷിക്കാനായില്ല. ചെറുപ്രായത്തിൽ തന്നെ സ്വന്തമായി വസ്ത്രവ്യാപാരം ആരംഭിച്ച് ശ്രദ്ധ നേടിയ സിന്ധി നാട്ടുകാർക്കിടയിൽ ഏറെ പ്രിയപ്പെട്ടവളായിരുന്നു. യുവതിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്.










