
ദോഹ: വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോൾ അവയുടെ മുകളിലിരുന്നോ (Roof) ജനലുകളിലൂടെ പുറത്തേക്ക് ആഞ്ഞോ യാത്ര ചെയ്യുന്നത് കടുത്ത നിയമലംഘനമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾ യാത്രക്കാരുടെ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ട്രാഫിക് നിയമത്തിലെ 83-ാം വകുപ്പ് പ്രകാരം, ഇരിക്കാൻ നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിലല്ലാതെ ആളുകളെ കയറ്റി വാഹനം ഓടിക്കാൻ പാടുള്ളതല്ല. ലൈസൻസിംഗ് അതോറിറ്റിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ വാഹനത്തിന്റെ ഏണിയിലോ, പിന്നിലോ, മുകളിലോ ആരെയും ഇരുത്തി യാത്ര ചെയ്യാൻ പാടില്ലെന്നും നിയമം വ്യക്തമാക്കുന്നു.3,000 റിയാലിൽ കുറയാത്തതും 10,000 റിയാൽ വരെയാകാവുന്നതുമായ പിഴയോ ഒരു ആഴ്ച മുതൽ ഒരു വർഷം വരെതടവുമാണ് ശിക്ഷ.
സുരക്ഷിതമായ റോഡ് സംസ്കാരം വളർത്തുന്നതിനും ജീവൻ സംരക്ഷിക്കുന്നതിനും നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കാൻ മടിക്കില്ലെന്ന് മന്ത്രാലയം തങ്ങളുടെ 'X' (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. റോഡിലിറക്കുന്ന വാഹനങ്ങൾ യാത്രക്കാർക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും അപകടമുണ്ടാക്കാത്ത വിധം സുരക്ഷിതമായ അവസ്ഥയിലായിരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.











