
ബംഗളുരു അന്തർദ്ദേശീയ ചലച്ചിത്രോത്സവത്തിന്റെ ആദ്യ പ്രദർശന ദിവസം ശ്രദ്ധിക്കപ്പെട്ടത് ദി ഗ്രേറ്റ് യോൺ ഓഫ് ഹിസ്റ്ററി( ഇറാൻ-സംവിധാനം: അലിയർ റാസ്തി), മിസ്റികോർഡിയ ( ഫ്രാൻസ്- അലെൻ ഗിരാഡെ), ഫോർ മദേർസ്- അയർലാൻഡ്: ഡാറൻ ടോൺടൻ), ഫെമിനിച്ചി ഫാത്തിമ- മലയാളം: ഫാസിൽ മുഹമ്മദ്), ബ്ലാക്ക് ഡോഗ്- ചൈന: ഗുവാൻ ഹു) എന്നീ ചിത്രങ്ങളാണ്. ഏഷ്യൻ മത്സരവിഭാഗത്തിൽ ഇടം നേടിയ ഫെമിനിച്ചി ഫാത്തിമ നിറഞ്ഞ സദസ്സിന് മുന്നിലാണ് പ്രദർശിപ്പിച്ചത്. ഒരു സാധാരണ മുസ്ലിം കുടുംബത്തിലെ വീട്ടമ്മയുടെ അധ്വാനഭാരവും വേവലാതികളും സ്വാതന്ത്ര്യമില്ലായ്മയും തികഞ്ഞ കയ്യടക്കത്തോടെ അങ്ങേയറ്റത്തെ മിതത്വം പാലിച്ചുകൊണ്ടാണ് ഫാസിൽ മുഹമ്മദ് മികവോടെ അവതരിപ്പിക്കുന്നത്. ഒരു കിടക്കയെ പ്രതീകമാക്കിയാണ് വീട്ടമ്മയായ ഫാത്തിമയുടെ ജീവിതഭാരങ്ങളും സ്വപ്നങ്ങളും സംവിധായകൻ പ്രേക്ഷകർക്ക് പകർന്നുകൊടുക്കുന്നത്. ഫമിനിസം എന്താണെന്നൊന്നും ഫാത്തിമയ്ക്ക് അറിഞ്ഞുകൂടാ. എന്നാൽ അവൾ സ്വന്തമായി ചില തീരുമാനങ്ങൾ എടുത്തുതുടങ്ങിയത് ഉറച്ച ദൈവവിശ്വാസിയും നാട്ടു ചികിത്സകനും മദ്രസ അദ്ധ്യാപകനുമായ ഭർത്താവിൽ സംശയം ജനിപ്പിക്കുന്നുണ്ട്. നീ ഫെമിനിച്ചിയാണോ എന്ന് ഒരു ഘട്ടത്തിൽ ഭർത്താവ് ഫാത്തിമയോട് ചോദിക്കുന്നുണ്ട്. കാര്യം പിടികിട്ടിയ ഫാത്തിമ പറയുന്ന മറുപടി അതേ എന്നാണ്. ഫാത്തിമ മെല്ലെ മെല്ലെ സ്വന്തം വ്യക്തിത്വം നേടിയെടുക്കുന്നതും ചെറിയ സ്വപ്‌നങ്ങൾ സഫലീകരിക്കുന്നതുമാണ് സിനിമ അവസാനിക്കുമ്പോൾ കാണുന്നത്. തിരുവനന്തപുരം ഫെസ്റ്റിലെന്നപോലെ പ്രേക്ഷകരുടെ പ്രശംസ, ബംഗളുരു ഫെസ്റ്റിലും ഈ ചിത്രം പിടിച്ചുപറ്റി. ഫെസ്റ്റിന്റെ മറ്റൊരു വേദിയായ സുചിത്ര ഫിലിം സൊസൈറ്റിയിൽ നാളെ വൈകീട്ട് ആറിന് ഈ ചിത്രം വീണ്ടും പ്രദർശിപ്പിക്കും. എം ടിയോടുള്ള ആദരസൂചകമായി ഓറിയൻ മാളിലെ മൂന്നാമത്തെ സ്‌ക്രീനിൽ ഇന്നലെ നിർമ്മാല്യം പ്രദർശിപ്പിച്ചിരുന്നു. ക്ലാസിക് സിനിമാവിഭാഗത്തിൽ അരവിന്ദന്റെ തമ്പും ഇന്ത്യൻ മത്സരവിഭാഗത്തിൽ 'അപ്പുറ'വും(സംവിധാനം: ഇന്ദുലക്ഷ്മി) ഇന്ന് മേളയിൽ പ്രദർശനത്തിനെത്തുന്നുണ്ട്.
Photo Courtesy - Google











