02:11am 07 November 2026
NEWS
ഇടുക്കിയിൽ തീപാറും പോരാട്ടം: മുന്നണികൾ ഒപ്പത്തിനൊപ്പം
30/03/2026  08:57 PM IST
സാജൻ മാത്യു
ഇടുക്കിയിൽ തീപാറും പോരാട്ടം: മുന്നണികൾ ഒപ്പത്തിനൊപ്പം

ഇടുക്കിയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും പ്രചരണം കൊട്ടിക്കലാശത്തിലേയ്ക്ക് നീങ്ങുമ്പോൾ രാഷ്ട്രീയകാലാവസ്ഥ വേനൽച്ചൂടിനെപ്പോലും വെല്ലുന്നതാണ്. കേരള കോൺഗ്രസ്  ജോസഫ് ഗ്രൂപ്പിലെ തലമുറമാറ്റവും കോൺഗ്രസിലെ സീറ്റ് പിടിവലിയുമൊക്കെ മറികടന്ന് യുഡിഎഫ് പ്രചരണത്തിൽ മുന്നേറുമ്പോൾ, സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ ജയചന്ദ്രനും മന്ത്രി റോഷി അഗസ്റ്റിനും അടക്കം ശക്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി എൽഡിഎഫും കരുനീക്കങ്ങളുമായി രംഗത്തുണ്ട്.
തൊടുപുഴ, ഉടുമ്പൻചോല, ഇടുക്കി, പീരുമേട് സംവരണ മണ്ഡലമായ ദേവികുളം എന്നിങ്ങനെ അഞ്ച് നിയമസഭാ സീറ്റുകളാണ് ഇടുക്കി ജില്ലയിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൊടുപുഴയൊഴികെ നാലിടത്തും എൽഡിഎഫാണ് വിജയിച്ചത്. പി.ജെ ജോസഫ്, എം.എം.മണി, റോഷി അഗസ്റ്റിൻ തുടങ്ങിയ പ്രമുഖർ ജില്ലയിൽ നിന്നും കഴിഞ്ഞ തവണ നിയമസഭയിലെത്തിയെങ്കിൽ പി.ജെ ജോസഫും എം.എം മണിയും ഇത്തവണ മത്സര രംഗത്തില്ല എന്ന പ്രത്യേകതയുമുണ്ട്. 

കേരള രാഷ്ട്രീയത്തിലെ അതികായൻ പി.ജെ ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിന്മാറിയെന്ന വാർത്തയാണ് തൊടുപുഴയിൽ നിന്നും ആദ്യം എത്തിയത്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നതാണ് രാഷ്ട്രീയ-ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പി.ജെ ജോസഫിനെ ഇത്തരമൊരു തീരുമാനത്തിലേയ്ക്ക് നയിച്ചത്. തിരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിയായാൽ പഴയതുപോലെ പ്രവർത്തിക്കാനാകില്ല എന്ന ചിന്തയാണ് അദ്ദേഹത്തെ തലമുറമാറ്റത്തിന് പ്രേരിപ്പിച്ചത്. പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ മകൻ അപു ജോൺ ജോസഫാണ് യുഡിഎഫിനു വേണ്ടി ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്. സ്വിറ്റ്‌സർലൻഡിൻ ഐ.ടി രംഗത്ത് ദീർഘകാലം ജോലിനോക്കിയ ശേഷം നാല് വർഷങ്ങൾക്കുമുമ്പാണ്  പാർട്ടിയുടെ പ്രൊഫഷണൽ ആൻഡ് ഐ.ടി വിഭാഗം ചെയർമാനായി നിയമിക്കപ്പെട്ടത്. കഴിഞ്ഞവർഷം പാർട്ടിയുടെ സംസ്ഥാന കോ-ഓർഡിനേറ്ററും ഹൈപ്പവർ കമ്മിറ്റി അംഗവുമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഘാടകനും പ്രഭാഷകനും സൗമ്യനുമൊക്കെയായ  അപുവിന്  സമകാലിക വിഷയങ്ങളിൽ അപാരമായ അറിവും പരിജ്ഞാനവുമുണ്ട്. തൊടുപുഴയിലുടനീളം നടക്കുന്ന  റോഡ്‌ഷോകളിലും പര്യടനങ്ങളിലും അഭൂതപൂർവ്വമായ ജനപങ്കാളിത്തവും ആവേശവുമാണ് ദൃശ്യമാകുന്നത്. പി.ജെ ജോസഫിന് ലഭിച്ചുവന്നിരുന്ന വ്യക്തിപരമായ വോട്ടുകൾ കൂടി അപു ജോസഫിന് ലഭിക്കുമെന്നതിനാൽ ഇത്തവണ 30000-50000 വോട്ടുകളുടെയെങ്കിലും പൂരിപക്ഷം ലഭിച്ചേക്കാമെന്നാണ് വിലയിരുത്തൽ.  കെ.സി.വൈ.എം സംസ്ഥാന പ്രസിഡണ്ടും യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ടുമായ സിറിയക് ചാഴിക്കാടനാണ് എൽഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർത്തിയായി മത്സരിച്ച അഡ്വ. റോയി വാരിക്കാട്ട് ഇത്തവണ കാലുമാറി എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുവെന്നതാണ് തൊടുപുഴയിലെ മറ്റൊരു കൗതുകം. 

ഇടുക്കിയിൽ ശ്രദ്ധേയമായ  മത്സരം നടക്കുന്ന മറ്റൊരു മണ്ഡലമാണ് ഉടുമ്പൻചോല. ഇവിടെ കസ്തൂരിരംഗൻ, ഏലമലക്കാടുകളുടെ കുത്തകപ്പാട്ടം, സി. എച്ച്. ആർ ഭൂമി  അടക്കം ജനകീയ പ്രശ്‌നങ്ങളാണ് മുന്നണികൾ പരമ്പരാഗതമായി തലങ്ങും വിലങ്ങും പ്രചരണത്തിന് ഉപയോഗിച്ചുവരുന്നത്. കർഷകരെ കൂടാതെ തോട്ടം തൊഴിലാളികളും തമിഴ്‌വോട്ടർമാരും മണ്ഡലത്തിൽ ധാരാളമുണ്ട്.  ഉടുമ്പൻചോല ,നെടുംകണ്ടം, പാമ്പാടുംപാറ,  വണ്ടന്മേട് , ഇരട്ടയാർ, കരുണാപുരം, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, സേനാപതി, എന്നിവയാണ് മണ്ഡലത്തിൽ വരുന്ന പത്ത് പഞ്ചായത്തുകൾ.

ഇതുവരെ നടന്ന പതിനാല് തിരഞ്ഞെടുപ്പുകളിൽ എട്ടുതവണ എൽ. ഡി. എഫും ആറ് തവണ യു.ഡി. എഫും ജയിച്ചുകയറി.  മണ്ഡലരൂപീകരണത്തിനു ശേഷം 1965 ലും 1967 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ സി. പി. ഐ യിലെ  കെ. ടി ജേക്കബായിരുന്നു വിജയി. 1970 ൽ കേരളാ കോൺഗ്രസ് നേതാവ് വി. ടി. സെബാസ്റ്റ്യൻ സി. പി. എമ്മിലെ വി. എം വിക്രമനെ തോൽപിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. 1977 ലും 1980 ലും കേരള കോൺഗ്രസിലെ തോമസ് ജോസഫ് വിജയിച്ചു. 1982 ലെ തിരഞ്ഞെടുപ്പിൽ സി. പി. എം നേതാവ് എം ജിനദേവൻ മണ്ഡലം തിരിച്ചുപിടിച്ചു. എന്നാൽ 1987 ലെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് നേതാവ് മാത്യു സ്റ്റീഫൻ മണ്ഡലം വീണ്ടെടുത്തു. 1991 ലും 1996 ലും യു. ഡി. എ ഫിലെ ഇ. എം അഗസ്തി ഇവിടെ നിന്നും വിജയിച്ചു. 2016 ൽ എം.എം മണി വിജയിച്ച് മന്ത്രിയായി. 2021 ൽ  നാൽപ്പതിനായിരത്തോളും  വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്  മണി  കോൺഗ്രസ് നേതാവ് ഇ.എം ആഗസ്തിയെ തകർത്തത്.   

മൂന്ന് തവണ ഹാട്രിക് വിജയം നേടിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ ജയചന്ദ്രനും 2016 ൽ ആയിരത്തിലേറെ വോട്ടുകൾക്ക് എം.എം  മണിയോട് പരാജയപ്പെട്ട അഡ്വ. സേനാപതി വേണുവുമാണ് ഇത്തവണ ഏറ്റുമുട്ടുന്നത്. 2001 ൽ സി.പി.എമ്മിലെ കെ. കെ ജയചന്ദ്രൻ കേരള കോൺഗ്രസിലെ മാത്യു സ്റ്റീഫനെ 8841 വോട്ടുകൾക്ക് മലർത്തിയടിച്ച്  മണ്ഡലത്തിൽ തേരോട്ടം ആരംഭിച്ചു. വിജയിച്ച് നിയമസഭയിലേയ്ക്ക് പോയാൽ മണ്ഡലത്തിലേക്ക് എത്തിനോക്കുകപോലും ചെയ്യാത്ത  എം. എൽ. എമാരെക്കണ്ട് പരിചയിച്ച ഉടുമ്പൻചോലയിലെ വോട്ടർമാർക്ക് ജയചന്ദ്രന്റെ നേതൃപാടവം നന്നേ ബോധിച്ചു. 2006 ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുത്തനെ ഉയർത്തി ഇബ്രാഹിംകുട്ടി കല്ലാറിനെ 19648 വോട്ടുകൾക്ക് ജയചന്ദ്രൻ തറപറ്റിച്ചു. എൽ. ഡി. എഫിന് സംസ്ഥാന ഭരണം നഷ്ടമായ 2011 ലെ തിരഞ്ഞെടുപ്പിലും കോൺഗ്രസിലെ  ജോസി സെബാസ്റ്റ്യനെ 9833 വോട്ടുകൾക്ക് പരാജയപ്പെടുത്തി ജയചന്ദ്രൻ മേധാവിത്വം നിലനിർത്തി.

സൗമ്യനും ജനകീയനുമായ സേനാപതി വേണു കരസേനയിൽ ഓഫീസർ, അഭിഭാഷകൻ, വാഗ്മി,  തുടങ്ങി വിവിധ നിലകളിൽ കഴിവുതെളിയിച്ചിട്ടുണ്ട്. എ. ഐ. സി.സി യോഗത്തിൽ ഓഫീസിൽ ചായ വാങ്ങിക്കൊണ്ടുവരുന്നവർ നേതാക്കളാകുന്ന പ്രവണതക്കെതിരെ ആഞ്ഞടിച്ചത് ദേശീയ തലത്തിൽ ശ്രദ്ധനേടിയിരുന്നു. നെടുംകണ്ടത്ത് നടത്തിയ പന്ത്രണ്ട് മണിക്കൂർ നീണ്ട മാരത്തൺ പ്രസംഗത്തിലൂടെ റെക്കോർഡ് സൃഷ്ടിച്ചും വേണു വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഉടമ്പൻചോല ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടായി ഏഴ് വർഷം പ്രവർത്തിച്ച് പരിചയമുള്ള വേണുവിന് മേഖലയിൽ  സ്വാധീനവും വ്യക്തിപ്രഭാവവുമുണ്ട്. മണ്ഡലത്തിന്റെ വികസനത്തിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും, ഏലം ഉൾപ്പെടെ കാർഷികവിളകൾക്ക് മികച്ച വില ഉറപ്പാക്കാൻ മുൻകയ്യെടുക്കുമെന്നും, ടൂറിസം രംഗത്തടക്കം യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാൻ ഉതകുന്ന നൂതന പദ്ധതികൾ നടപ്പാക്കുമെന്നും വാഗ്ദാനം നൽകി വേണുവിന്റെ പ്രചരണം പുരോഗമിക്കുകയാണ്. അഡ്വ. സംഗീത വിശ്വനാഥാണ് എൻഡിഎ സ്ഥാനാർത്ഥി. മുന്നണികൾ ഒപ്പത്തിനൊപ്പം മുന്നേറുന്ന ഉടുമ്പൻചോലയിൽ വിജയ സാധ്യത പ്രവചിക്കാൻ കഴിയില്ലെന്നതാണ് സത്യം.

കേരള കോൺഗ്രസ് മാണിയിലെ രണ്ടാമനായ ജലസേജന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇരുപത്തിയഞ്ച് വർഷങ്ങളായി വിജയക്കൊടി പാറിക്കുന്ന മണ്ഡലമാണ് ഇടുക്കി. ഇത്തവണ റോഷിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുൻകൈയ്യെടുത്ത് ജോസഫ് ഗ്രൂപ്പിൽ നിന്നും സീറ്റ് ഏറ്റെടുത്തു. ഇടുക്കിയിൽ വൻ സ്വാധീവും കത്തോലിക്കാ സഭയുടെ പിന്തുണയുമുള്ള കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴിയെ മത്സരിപ്പിക്കുകയായിരുന്നു ഉദ്ദേശം. പക്ഷേ ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ജോയി വെട്ടിക്കുഴിയെ പാലം വലിച്ചതോടെ വേണുഗോപാൽ വിഭാഗം സീറ്റ് കൈവശപ്പെടുത്തി റോയി കെ.പൗലോസിനെ സ്ഥാനാർത്ഥിയാക്കി. അഭിപ്രായ വ്യത്യാസങ്ങൾ മറന്ന്  നേതാക്കളെല്ലാം ഇപ്പോൾ പ്രചരണ രംഗത്തുണ്ട്. 

മന്ത്രിയെന്ന നിലയിലുള്ള വ്യക്തിപ്രഭാവവും അടിയുറച്ച  ജനകീയതയും മുതലാക്കിയാണ് റോഷിയുടെ പ്രചരണം. ജനപ്രതിനിധിയെന്ന നിലയിൽ ഭൂരിഭാഗം വോട്ടർമാരെയും നേരിട്ടറിയാമെന്നതും കുട്ടിക്കാനം-കട്ടപ്പന സംസ്ഥാന പാതയുടെ നിർമ്മാണവും വികസനപ്രവർത്തനങ്ങളുമെല്ലാം റോഷിക്ക് മേൽക്കൈ നേടിക്കൊടുക്കുന്നുവെന്നതാണ് സത്യം. അഡ്വ. പ്രജീഷ് പ്രഭയാണ് എൻഡിഎ സ്ഥാനാർത്ഥി. 
മുൻ എം എൽഎ അന്തരിച്ച കെ. കെ തോമസിന്റെ മകൻ സിറിയക് തോമസ് മൂന്നാം തവണയും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങുന്ന മണ്ഡലമാണ് പീരുമേട്. രണ്ടുതവണയും പരാജയപ്പെട്ടെങ്കിലും ഇത്തവണ വിജയപ്രതീക്ഷയുണ്ടെന്നതാണ്  വിലയിരുത്തൽ. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറാണ് എൽഡിഎഫ് സ്ഥാനാർത്ഥി. പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളിലെ തൊഴിലാളി പ്രശ്‌നങ്ങളും കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവുമൊക്കെയാണ് ഉയർത്തിക്കാട്ടിയാണ് ഇവിടെ പ്രചരണം. രതീഷ് വരകുമലയാണ് എൻഡിഎ സ്ഥാനാർത്ഥി. 

 2006 മുതൽ 2021 വരെ  എം എൽഎ യായിരുന്ന എസ് രാജേന്ദ്രൻ പാർട്ടിവിട്ട്  ബിജെപിയിൽ ചേർന്ന് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുവെന്നതാണ് സംവരണ മണ്ഡലമായ ദേവികുളം സീറ്റിന്റെ പ്രത്യേകത. തമിഴ്‌വംശജരായ തോട്ടം തൊഴിലാളികൾക്ക് മേൽക്കെയുള്ള മണ്ഡലത്തിൽ  എംഎൽഎ എ രാജയാണ്  എൽഡിഎഫ് സ്ഥാനാർത്ഥി. യുഡിഎഫ് സ്ഥാനാർത്ഥിയാകട്ടെ എഫ് രാജയും. സ്ഥാനാർത്ഥികളെല്ലാം തമിഴ്‌വംശജരും തൊഴിലാളി മേഖലകളിൽ വേരോട്ടവുമുള്ളവരായതിനാൽ ഇവിടെയും മത്സരം പ്രവചനാതീതം.
ഇടുക്കിയിൽ നിലവിലുള്ള  അഞ്ച് സീറ്റുകളിൽ നാലും കൈവശമുള്ള എൽഡിഎഫിന്  ഇത്തവണ ചിലതെങ്കിലും കൈവിട്ടുപോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img