
2026 മെയ് 27-ന് ഈദുൽ അദ്ഹ ദിനത്തിൽ രാവിലെ 6 മണി മുതൽ 8 മണി വരെ വക്റ വെളിച്ചം ഹാളിൽ വെച്ച് QIIC
വക്റ & വക്റ ജദീദ് യൂണിറ്റുകൾ സംയുക്തമായും MGM Qatar വക്റ സോണിന്റെ സഹകരണത്തോടെയും സംഘടിപ്പിച്ച "പെരുന്നാളരങ്ങ്, ഈദ് സ്നേഹസംഗമം" ശ്രദ്ധേയമായി. കുട്ടികളും സ്ത്രീകളുമടക്കം ഏകദേശം 100-ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.
ഫൈഹ ഫഹ്സിറിന്റെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തിൽ വക്റ ജദീദ് യൂണിറ്റ് സെക്രട്ടറി റിയാസ് പി.വി.കെ സ്വാഗതം ആശംസിച്ചു. വക്റ ജദീദ് യൂണിറ്റ് പ്രസിഡന്റ് മഹറൂഫ് മാട്ടൂൽ അധ്യക്ഷത വഹിച്ചു.
QIIC മുൻ പ്രസിഡന്റും സീനിയർ അംഗവുമായ സുബൈർ വക്റ അല്ലാഹുവിന്റെ നാമത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. തന്റെ പതിവ് ശൈലിയിൽ "ഹക്കാന കോനമറാൽ
മക്കാവ് വിട്ട് നബി
പക്കാ മദീനത്തണവായ്...
ആറേതും എത്തിടുക
ഇരാറും ഒത്തെ ശഹർ
ബാറാൽ പൊറുത്ത പിറകേ...." എന്ന ഗാനത്തിന്റെ ഏതാനും വരികൾ ആലപിക്കുകയും അതിന്റെ ആശയം വിശദീകരിക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം പരിപാടിക്ക് തുടക്കം കുറിച്ചത്.
വക്റ വെളിച്ചം ഖുർആൻ ക്ലാസ് ഉസ്താദ് മുനീർ സലഫി മങ്കട ഈദ് സന്ദേശം നൽകി. വക്റ യൂണിറ്റ് സെക്രട്ടറി മർസൂഖ് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളുടെയും മുതിർന്നവരുടെയും ഇസ്ലാമിക ഗാനങ്ങൾ, തൗഹീദ് ഗാനങ്ങൾ, കഥകൾ എന്നിവയും MGM വക്റ മേഖലയുടെ നേതൃത്വത്തിൽ പിഞ്ചുകുട്ടികളുടെ ഒപ്പനയും പരിപാടിക്ക് മാറ്റുകൂട്ടി.
വക്റ യൂണിറ്റ് പ്രസിഡന്റ് അബ്ദുല്ല നബീൽ സമാപന പ്രസംഗം നടത്തി. തുടർന്ന് എല്ലാവരും ഒന്നിച്ച് ബ്രേക്ക് ഫാസ്റ്റിൽ പങ്കുചേർന്നു.
സീനിയർ അംഗങ്ങൾക്ക് പഴയകാല ഈദ് മീറ്റുകളുടെ മധുരസ്മരണകൾ പുതുക്കാനും പുതിയ അംഗങ്ങൾക്ക് പുതിയ ആവേശവും സൗഹൃദവും പകരാനും പെരുന്നാളരങ്ങിന് സാധിച്ചു. പെരുന്നാൾ ദിനത്തിൽ സംഘടിപ്പിച്ച ഈ സ്നേഹസംഗമം എല്ലാവർക്കും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ അനുഭവമായി മാറി.










