
ജയ്പൂർ: ജയിലിലെ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് കൊലക്കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രണ്ട് വനിതാ തടവുകാരെ സ്വന്തം ഫ്ലാറ്റിലെത്തിച്ച് ശുചീകരണ ജോലികൾ ചെയ്യിപ്പിച്ചെന്ന കേസിൽ വനിതാ ജയിലർ അറസ്റ്റിൽ. അജ്മീർ സെൻട്രൽ ജയിലിലെ ജയിലറായ ദിവ്യ ചൗധരിയെയാണ് രണ്ടുമാസത്തോളം ഒളിവിൽ കഴിഞ്ഞതിനു ശേഷം കോട്ടയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കിരൺ, സന എന്നീ തടവുകാരെയാണ് ജയിലിൽനിന്ന് അനധികൃതമായി പുറത്തേക്ക് കൊണ്ടുപോയത്. ഇരുവരും വ്യത്യസ്ത കൊലക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവിൽ കഴിയുന്നവരാണ്. ജൂലൈ 12ന് കോടതിയുടെ അനുമതിയില്ലാതെയും ജയിൽ രേഖകളിൽ വിവരങ്ങൾ രേഖപ്പെടുത്താതെയും സ്വകാര്യ വാഹനത്തിൽ ഇവരെ പുറത്തേക്ക് കൊണ്ടുപോയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
അജ്മീറിലെ എആർജി സിറ്റിയിലുള്ള ദിവ്യയുടെ സ്വകാര്യ ഫ്ലാറ്റിലെത്തിച്ച ശേഷം തടവുകാരെക്കൊണ്ട് വീട് വൃത്തിയാക്കിച്ചെന്നാണ് ആരോപണം. തടവുകാരെ ജയിലിന് പുറത്തേക്ക് കൊണ്ടുപോകുന്നതിനെ എതിർത്ത വനിതാ ജീവനക്കാരെ ദിവ്യയും ജയിൽ ഗാർഡായ സോണിയ ചൗധരിയും ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് അഞ്ചിന് സിവിൽ ലൈൻസ് പൊലീസ് കേസെടുത്തു. പിന്നാലെ ദിവ്യയെയും സോണിയയെയും സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. കേസിൽ അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോയ ദിവ്യയെ സാങ്കേതിക തെളിവുകൾ പിന്തുടർന്നാണ് കോട്ടയിലെ താമസസമുച്ചയത്തിൽ നിന്ന് കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി ശക്തമാക്കിയത്. കേസിലെ മറ്റൊരു പ്രതിയായ സോണിയ ചൗധരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.










