
സോൾ:രക്തപരിശോധനയ്ക്ക് മുന്നോടിയായി മണിക്കൂറുകളോളം വ്രതമെടുക്കുന്നതും (fasting) പട്ടിണി കിടക്കുന്നതും മിക്ക ലബോറട്ടറി പരിശോധനകൾക്കും അത്യാവശ്യമല്ലെന്ന് പുതിയ പഠന റിപ്പോർട്ട്. ഭക്ഷണ രീതിയിലുണ്ടാകുന്ന വ്യത്യാസങ്ങൾ മിക്ക ലാബ് പരിശോധനാ ഫലങ്ങളെയും കാര്യമായി ബാധിക്കുന്നില്ലെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.2021-നും 2023-നുമിടയിൽ ഏകദേശം 1,01,000 മുതിർന്ന രോഗികളിൽ നിന്നായി ശേഖരിച്ച 97 ലക്ഷത്തിലധികം രക്ത സാമ്പിളുകളാണ് ഗവേഷകർ വിശകലനം ചെയ്തത്. എട്ട് മണിക്കൂറിൽ താഴെ, 8 മുതൽ 12 മണിക്കൂർ വരെ, 12 മണിക്കൂറിൽ കൂടുതൽ എന്നിങ്ങനെ വിവിധ സമയദൈർഘ്യത്തിൽ ഉപവസിച്ചവരുടെ പരിശോധനാ ഫലങ്ങൾ തമ്മിൽ താരതമ്യം ചെയ്താണ് പഠനം നടത്തിയത്.
പഠനവിധേയമാക്കിയ 121 തരം പരിശോധനകളിൽ 10 എണ്ണത്തിൽ മാത്രമാണ് ഉപവാസ സമയവുമായി കൃത്യമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.ഗ്ലൂക്കോസ്, ട്രൈഗ്ലിസറൈഡ്സ്, ജിജിടി (GGT), ലിപേസ് എന്നിവയുടെ അളവ് എട്ട് മണിക്കൂറിൽ താഴെ മാത്രം പട്ടിണി കിടന്നവരിൽ കൂടുതലായി രേഖപ്പെടുത്തി.
മിക്ക മറ്റ് രക്തപരിശോധനാ ഫലങ്ങളെയും ഉപവാസ ദൈർഘ്യം കാര്യമായി ബാധിച്ചിട്ടില്ല.
12 മണിക്കൂറിൽ കൂടുതൽ ഉപവസിക്കുന്നത് പരിശോധനാ ഫലങ്ങളിൽ വലിയ വ്യത്യാസമൊന്നും ഉണ്ടാക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.
എല്ലാ രക്തപരിശോധനകൾക്കും ഒരേപോലെ 'ഫാസ്റ്റിംഗ്' നിർബന്ധമാക്കുന്നതിന് പകരം, ഓരോ പരിശോധനയുടെയും സ്വഭാവമനുസരിച്ച് മാത്രം നിബന്ധനകൾ ഏർപ്പെടുത്തുന്നതാണ് അഭികാമ്യമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഡോക്ടർമാരോ ലബോറട്ടറികളോ നൽകുന്ന മുൻകരുതൽ നിർദ്ദേശങ്ങൾ പൂർണ്ണമായി ഒഴിവാക്കരുതെന്നും ഗവേഷകർ ഓർമ്മിപ്പിക്കുന്നു. പ്രത്യേക ആരോഗ്യപ്രശ്നങ്ങൾക്കോ നിർദ്ദിഷ്ട പരിശോധനകൾക്കോ ഉപവാസം ഇപ്പോഴും അത്യാവശ്യമാണ്. പരിശോധനയ്ക്ക് മുന്നോടിയായുള്ള ഫാസ്റ്റിംഗ് രീതികളെക്കുറിച്ച് കൂടുതൽ പുനർചിന്തനത്തിന് ഈ പഠനഫലം വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.










