05:37pm 25 August 2026
NEWS
കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിൽ തള്ളി; ശേഖരിക്കാൻ ആളുകളുടെ തിരക്ക്; വീഡിയോ വൈറൽ
25/08/2026  05:20 PM IST
NILA
കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിൽ തള്ളി; ശേഖരിക്കാൻ ആളുകളുടെ തിരക്ക്;  വീഡിയോ വൈറൽ

 

കാൺപൂർ∙ കാലാവധി കഴിഞ്ഞ ചോക്ലേറ്റുകളും ടോഫികളും റോഡരികിൽ തള്ളിയതിനു പിന്നാലെ അവ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെ എത്തിയ സംഭവം വിവാദത്തിൽ. ഉത്തർപ്രദേശിലെ കാൺപൂർ പാങ്കി ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. ചോക്ലേറ്റുകൾ ശേഖരിക്കുന്നവരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിമർശനവും ശക്തമായി.

പാങ്കിയിലെ ഫെർട്ടിലൈസർ ഫാക്ടറിക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് ട്രക്കിലെത്തിച്ച ചോക്ലേറ്റുകൾ തള്ളിയതെന്നാണ് പ്രചരിക്കുന്ന വിഡിയോയിൽ പറയുന്നത്. വിൽപ്പനയ്ക്ക് അനുയോജ്യമല്ലാത്തതിനാലാണ് ചോക്ലേറ്റുകൾ ഉപേക്ഷിച്ചതെന്നാണ് വിവരം.

ചോക്ലേറ്റുകൾ പെട്ടികളിലാക്കി ഉപേക്ഷിച്ചെന്ന വിവരം അറിഞ്ഞതോടെ സമീപവാസികളും വഴിയാത്രക്കാരും ഉൾപ്പെടെ നിരവധി പേർ സ്ഥലത്തെത്തി. ചോക്ലേറ്റുകൾക്കായി ആളുകൾ തമ്മിൽ തർക്കിക്കുന്നതും പെട്ടികൾ ബൈക്കുകളിലും സൈക്കിളുകളിലും കയറ്റിക്കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.

നാല് ദിവസം മുൻപ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ട്. ചോക്ലേറ്റുകൾ 2024ൽ തന്നെ കാലാവധി കഴിഞ്ഞവയാണെന്ന് പ്രദേശവാസികൾ പറഞ്ഞതായി വിഡിയോ പങ്കുവെച്ചയാൾ അവകാശപ്പെടുന്നു. ഇവ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ ചോക്ലേറ്റുകൾ ശേഖരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതേസമയം, വിഡിയോയുടെ ആധികാരികത സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പാങ്കി പൊലീസ് സ്റ്റേഷൻ ഓഫീസർക്ക് നിർദേശം നൽകിയതായി കാൺപൂർ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്.എം. ഖാസിം ആബിദി അറിയിച്ചു.

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുന്നതിന്റെ അപകടസാധ്യത ചൂണ്ടിക്കാട്ടിയും സൗജന്യമായി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമാണോയെന്ന് പരിശോധിക്കാതെ സ്വീകരിക്കുന്നതിനെതിരെയും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img