12:44pm 09 November 2026
NEWS
പ്രവാസിവോട്ടവകാശം: പോരാട്ടംആഗോളതലത്തിലേക്ക്; തുടക്കം മട്ടന്നൂരിൽ
09/11/2026  12:32 PM IST
nila
പ്രവാസിവോട്ടവകാശം: പോരാട്ടംആഗോളതലത്തിലേക്ക്; തുടക്കം മട്ടന്നൂരിൽ

മട്ടന്നൂർ: വിദേശ ഇന്ത്യക്കാരുടെ വോട്ടവകാശം അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടുമുള്ള പ്രവാസി സംഘടനകളുടെp സഹകരണത്തോടെ 'ഇന്ത്യൻ ആക്ഷൻ കൗൺസിൽ ഫോർ സിവിൽ റൈറ്റ്‌സ്' രംഗത്ത്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര പ്രവാസി വോട്ടവകാശ സമ്മേളനങ്ങൾക്ക് മട്ടന്നൂരിൽ ഔദ്യോഗിക തുടക്കമായി. ഭൂമിയിൽ എവിടെയെല്ലാം പ്രവാസികളുണ്ടോ, അവിടെയെല്ലാം ഈ അവകാശക്കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വേളകളിൽ വോട്ട് ചെയ്യാനായി മാത്രം ലക്ഷക്കണക്കിന് പ്രവാസികൾ നാട്ടിൽ എത്തണമെന്ന് ശഠിക്കുന്ന കേന്ദ്രസർക്കാർ ഉത്തരവ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. പോസ്റ്റൽ വഴിയോ, ഓൺലൈൻ വഴിയോ അല്ലെങ്കിൽ അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ വഴിയോ പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താനുള്ള സുവർണ്ണാവസരം തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കണമെന്ന് സമ്മേളനം ശക്തമായി ആവശ്യപ്പെട്ടു.  കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലും പ്രവാസി വോട്ടവകാശ സമ്മേളനങ്ങൾ വിപുലമായി സംഘടിപ്പിക്കുമെന്ന് ആക്ഷൻ കൗൺസിൽ ദേശീയ പ്രസിഡന്റ് രാജീവ് ജോസഫ് പ്രഖ്യാപിച്ചു.ആക്ഷൻ കൗൺസിൽ ദേശീയ പ്രസിഡന്റ് രാജീവ് ജോസഫ് അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങ്, റാസൽഖൈമ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ മുൻ സ്റ്റേഷൻ ഡയറക്ടറും പ്രമുഖ സാമൂഹ്യപ്രവർത്തകനുമായ കെ.പി.കെ. വെങ്ങര ഉദ്ഘാടനം ചെയ്തു. പ്രവാസി വോട്ടവകാശത്തിന് വേണ്ടി പോരാടുന്ന മുഴുവൻ സാമൂഹ്യപ്രവർത്തകർക്കും സമർപ്പിക്കുന്ന 'വിവേകാനന്ദ് ഇന്റർനാഷണൽ എക്സലൻസ് അവാർഡ്' ചടങ്ങിൽ വെച്ച് കെ.പി.കെ. വെങ്ങരയ്ക്ക് സമ്മാനിച്ചു.ആക്ഷൻ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബ്ദുൾ അസീസ് പാലക്കി, എ.കെ.വി. നൂറുദ്ദീൻ, ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് താജുദ്ദീൻ, ടി.കെ. റിയാസ്, പ്രവാസി കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.പി. മോഹനാഗൻ, എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുമാ പള്ളാത്ത്, ഫോറം ഫോർ സീനിയർ സിറ്റിസൺസ് സംസ്ഥാന പ്രസിഡന്റ് ജോർജ്ജ് കൊല്ലപ്പള്ളി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img