10:26am 28 October 2026
NEWS
മരുന്നുകളുടെ അമിതവില: കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രീം കോടതി; ഉത്തരവ് പറയാൻ മാറ്റി
28/10/2026  08:46 AM IST
നിയമകാര്യലേഖകൻ
മരുന്നുകളുടെ അമിതവില: കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രീം കോടതി; ഉത്തരവ് പറയാൻ മാറ്റി

ന്യൂഡൽഹി: കൂടുതൽ മരുന്നുകളെ വിലനിയന്ത്രണ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ വിമുഖത കാണിക്കുന്നതെന്തുകൊണ്ടെന്ന് സുപ്രീം കോടതി. ചില്ലറ വിൽപ്പനക്കാർ മരുന്നുകൾ വാങ്ങുന്ന വിലയും രോഗികളിൽനിന്ന് ഈടാക്കുന്ന പരമാവധി ചില്ലറ വിൽപ്പനവിലയും തമ്മിലുള്ള വലിയ അന്തരത്തിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു.
കേന്ദ്രസർക്കാരിന്റെ ഔഷധവില നയം സംബന്ധിച്ച വാദം കേട്ട ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് കേസ് ഉത്തരവ് പറയാൻ മാറ്റി.
ഔഷധ വിലനിയന്ത്രണ ഉത്തരവ്, 2013 പ്രകാരമുള്ള കർശന വിലനിയന്ത്രണ സംവിധാനത്തിനു പുറത്തു വലിയൊരു വിഭാഗം മരുന്നുകൾ തുടരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. തുടക്കത്തിൽത്തന്നെ ഉയർന്ന വില നിശ്ചയിക്കാൻ നിർമാതാക്കൾക്ക് കഴിയുമ്പോൾ, വാർഷിക വിലവർധനയ്ക്കുള്ള നിയന്ത്രണം രോഗികൾക്ക് എത്രത്തോളം സംരക്ഷണം നൽകുമെന്നും ബെഞ്ച് ആരാഞ്ഞു.
മരുന്നുകളുടെ ലഭ്യതയെ ജനങ്ങളുടെ, പ്രത്യേകിച്ച് രാജ്യത്തെ ഏറ്റവും ദരിദ്രരായവരുടെ, ജീവന്റെ പ്രശ്നമായി കാണണമെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത ഓർമിപ്പിച്ചു.
കാൻസർ ചികിത്സയിലായിരുന്ന ഭാര്യയ്ക്കുവേണ്ടി ഒരു മരുന്നുവ്യാപാരി കീമോതെറാപ്പി കുത്തിവയ്പ് മരുന്ന് വാങ്ങാൻ ശ്രമിച്ച സംഭവം അദ്ദേഹം വിവരിച്ചു. വ്യാപാരിക്ക് 11,000 രൂപയ്ക്ക് ലഭിക്കുമായിരുന്ന മരുന്ന് ഉപയോഗിക്കാൻ ആശുപത്രി വിസമ്മതിക്കുകയും അതേ മരുന്നിന് 1.3 ലക്ഷം രൂപ ഈടാക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, മരുന്നുകളുടെ താങ്ങാനാകുന്ന വിലയ്‌ക്കൊപ്പം നൂതന ഗവേഷണം, മത്സരം, വ്യവസായ വളർച്ച, തൊഴിൽ എന്നിവയും സന്തുലിതമായി പരിഗണിക്കേണ്ടതുണ്ടെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വാദിച്ചു. സമ്പൂർണ വിലനിയന്ത്രണത്തിനു പകരം ആവശ്യാനുസരണമുള്ള ഇടപെടലുകളാണ് സർക്കാരിന്റെ സമീപനമെന്നും അവർ വ്യക്തമാക്കി.
നിലവിലെ സംവിധാനത്തിൽ, വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകൾക്ക് പരമാവധി വില നിശ്ചയിച്ചിട്ടുണ്ട്. പട്ടികയ്ക്കു പുറത്തുള്ള മരുന്നുകളുടെ പ്രാരംഭ ചില്ലറവിൽപ്പനവില നിർമാതാക്കൾക്ക് നിശ്ചയിക്കാം. എന്നാൽ തുടർന്നുള്ള വിലവർധനയ്ക്ക് നിയന്ത്രണങ്ങളുണ്ട്.
വിപണിശക്തികളെ ആശ്രയിക്കുന്ന ഈ സമീപനം അമിതവിലയിൽനിന്ന് രോഗികളെ മതിയായ രീതിയിൽ സംരക്ഷിക്കുന്നുണ്ടോയെന്ന് ബെഞ്ച് ചോദിച്ചു. വിഷയത്തിൽ കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img