
തിരുവനന്തപുരം: എക്സാലോജിക് - സി.എം.ആർ.എൽ ഇടപാടിൽ ഇ.ഡി അന്വേഷണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെ, രാഷ്ട്രീയ കേന്ദ്രങ്ങളെ മുഴുവൻ അമ്പരപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മിന്നൽ നീക്കം. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ വാടക വീട് ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിലാണ് അതീവ രഹസ്യമായി ഇ.ഡി റെയ്ഡ് നടത്തിയത്.
ലോക്കൽ പൊലീസിനെപ്പോലും മുൻകൂട്ടി അറിയിക്കാതെ, അവധി ദിവസം പ്രയോജനപ്പെടുത്തിയായിരുന്നു ഇ.ഡിയുടെ ഈ 'സർപ്രൈസ്' ഓപ്പറേഷൻ. ഹൈക്കോടതി വിധി വന്ന് 24 മണിക്കൂർ തികയുന്നതിനു മുൻപ് ഇങ്ങനെയൊരു നീക്കം പാർട്ടിയോ പിണറായി വിജയനോ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. യാതൊരു സൂചനയും ലഭിക്കാതിരുന്നതിനാൽ ആദ്യമണിക്കൂറുകളിൽ പ്രതിരോധം തീർക്കാൻ പോലുമാകാതെ സി.പി.എം നേതൃത്വം പൂർണ്ണമായും പകച്ചുപോയി.
എട്ടു മണിക്കൂർ നീണ്ട പരിശോധന; തെരുവിൽ പ്രതിഷേധം
പിണറായി വിജയന്റെ വസതിയിലും മകളുടെ ഓഫീസിലും ഒരേസമയം പുലർച്ചെ ആരംഭിച്ച പരിശോധന എട്ടു മണിക്കൂറോളമാണ് നീണ്ടുനിന്നത്. തിരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതത്തിലായിരുന്ന പാർട്ടി നേതൃത്വം ആദ്യ ഘട്ടത്തിൽ അമ്പരന്നെങ്കിലും, ഉച്ചയോടെ അണികളെ അണിനിരത്തി ശക്തമായ പ്രതിരോധം തീർത്തു. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വേട്ടയാടലാണ് ഇതെന്ന് ആരോപിച്ച് സംസ്ഥാനത്തുടനീളം സി.പി.എം പ്രവർത്തകർ തെരുവിലിറങ്ങി.
തലസ്ഥാനത്ത് കൈവിട്ട കാര്യങ്ങൾ, നേതാക്കൾക്ക് ഗതികേട്
സംസ്ഥാനവ്യാപകമായി പ്രതിഷേധം ഉയർന്നപ്പോൾ തലസ്ഥാന നഗരിയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയുണ്ടായി. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന പ്രതിഷേധം ഒടുവിൽ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം തകർക്കുന്നതിലും കൈയേറ്റ ശ്രമത്തിലുമാണ് കലാശിച്ചത്. അക്രമം അതിരുകടന്നതോടെ, പാർട്ടിക്ക് ഒടുവിൽ അക്രമികളെ പൊലീസിന് കൈമാറേണ്ടി വന്നത് വലിയ തിരിച്ചടിയായി.
“തളർത്തിക്കളയാമെന്നത് വ്യാമോഹം”
ഇ.ഡി റെയ്ഡ് കൊണ്ട് തന്നെ തളർത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യത്തെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ബി.ജെ.പി സർക്കാർ നടത്തുന്ന കരുതിക്കൂട്ടിയുള്ള ആക്രമണമാണിത്. വീടിനു മുന്നിൽ കണ്ടത് പാർട്ടി സഖാക്കളുടെയും നാടിന്റെയും വികാരമാണെന്നും, ശത്രുക്കൾ കൊത്തിവലിക്കാൻ നോക്കുമ്പോഴെല്ലാം പാർട്ടി തനിക്ക് കാവലായി നിന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് റെയ്ഡ്
നേരത്തെ ബിനീഷ് കോടിയേരിയുടെ വസതിയിൽ ഇ.ഡി റെയ്ഡ് നടന്നപ്പോൾ പുലർത്തിയ നിസ്സംഗതയും, ഇപ്പോൾ മകളുടെ വിഷയം വന്നപ്പോൾ പാർട്ടിയെ മുഴുവൻ തെരുവിലിറക്കിയതുമായ പിണറായിയുടെ നിലപാട് രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. എങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി യോഗങ്ങളിൽ പിണറായി വിജയനും എം.വി. ഗോവിന്ദനും നേരിട്ടിരുന്ന നിർദ്ദയമായ വിമർശനങ്ങളുടെ ദിശ തിരിച്ചുവിടാൻ ഒരു പരിധി വരെ ഈ ഇ.ഡി റെയ്ഡ് കാരണമായി എന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.










