01:27am 11 July 2026
NEWS
പിണറായി-ഗോവിന്ദൻ അച്ചുതണ്ടിന് ഇ.പിയുടെ 'വെട്ട്'; സി.പി.എമ്മിൽ പടലപ്പിണക്കം മറനീക്കുന്നു
10/07/2026  10:56 AM IST
ന്യൂസ് ബ്യൂറോ
പിണറായി-ഗോവിന്ദൻ അച്ചുതണ്ടിന് ഇ.പിയുടെ വെട്ട്; സി.പി.എമ്മിൽ പടലപ്പിണക്കം മറനീക്കുന്നു

​തിരുവനന്തപുരം: വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉയർത്തിയ കടുത്ത അഴിമതി ആരോപണങ്ങളെ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ പരസ്യമായി തള്ളിപ്പറഞ്ഞത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു. തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വമായിരുന്ന പിണറായി-ഗോവിന്ദൻ ദ്വയത്തിന്റെ നിലപാടുകൾക്കെതിരെ വലിയ രീതിയിലുള്ള പടലപ്പിണക്കങ്ങളാണ് ഇതോടെ പുറത്തുവരുന്നത്.
​സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാൻ പൊളിറ്റ് ബ്യൂറോ അംഗങ്ങൾ കൂടിയായ പിണറായിയും ഗോവിന്ദനും മെനഞ്ഞ രാഷ്ട്രീയ നീക്കത്തിന് സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാവിൽ നിന്ന് തന്നെ തിരിച്ചടിയേറ്റത് സംസ്ഥാന സർക്കാരിനെയും പാർട്ടിയെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നിഗൂഢമെന്നും സംസ്ഥാനത്തിന് ദോഷകരമെന്നും ഇരുവരും ആവർത്തിച്ച് ആരോപിച്ചിരുന്ന വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നസ്വരമുണ്ടെന്ന് ഇതോടെ പരസ്യമായി.
​കണ്ണൂരിലെ കരുത്തൻ്റെ പടയൊരുക്കം
​എം.വി. ഗോവിന്ദനെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റണമെന്ന് ആവശ്യപ്പെടുന്ന സി.പി.എമ്മിലെ വിഭാഗത്തിന്റെ മുൻനിരയിൽ നിൽക്കുന്ന നേതാവാണ് ഇ.പി. ജയരാജൻ. തന്റെ പ്രസ്താവന പാർട്ടിയിലുണ്ടാക്കാവുന്ന വലിയ ചർച്ചകൾ മുൻകൂട്ടി കണ്ടുതന്നെയാണ് അദ്ദേഹം ഈ വെടിപൊട്ടിച്ചതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
​കരാർ വ്യവസ്ഥയിൽ മാറ്റം വരുത്തണമെങ്കിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ അനുമതി നിർബന്ധമാണെന്നും കരാറുകാരന് മാത്രമായി പുറംകരാർ ഉണ്ടാക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയ ഇ.പി, വിഴിഞ്ഞം വിഷയത്തിൽ വിവാദമുണ്ടാക്കുന്നത് കേരളത്തിന് ഒട്ടും ഗുണകരമല്ലെന്നും അഴിമതി ആരോപിക്കാൻ താനില്ലെന്നും വ്യക്തമാക്കി. "ആരെങ്കിലും ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിൽ അവർ തന്നെ അത് വിശദീകരിക്കട്ടെ" എന്ന ഇ.പിയുടെ വാക്കുകൾ പിണറായിക്കും ഗോവിന്ദനും നേരെ തുടുത്ത കൂരമ്പുകളായി.
​വിമത വിഷയത്തിലും പരസ്യമായ ഭിന്നത
​വിഴിഞ്ഞത്തിന് പുറമെ പാർട്ടി വിട്ട വിമതരുടെ കാര്യത്തിലും സംസ്ഥാന സെക്രട്ടറിയെ ഇ.പി ജയരാജൻ പൂർണ്ണമായി തള്ളിപ്പറഞ്ഞു. പാർട്ടിക്ക് എതിരെ മത്സരിച്ച് ജയിച്ചവർ 'വർഗവഞ്ചകർ' ആണെന്നും അവർ തിരിച്ചുവരുമെന്ന പ്രതീക്ഷ വേണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇ.പിയുടെ തിരുത്ത് വന്നത്. തെറ്റ് തിരുത്തിയവരെ തിരിച്ചെടുത്ത ചരിത്രം പാർട്ടിക്കുണ്ടെന്നും നക്സൽ പ്രസ്ഥാനത്തിലേക്ക് പോയവർ പോലും സി.പി.എമ്മിലേക്ക് തിരിച്ചുവന്നിട്ടുണ്ടെന്നും ഓർമ്മിപ്പിച്ച ജയരാജൻ, എം.വി. ഗോവിന്ദന്റെ കടുംപിടുത്തങ്ങളെ പൂർണ്ണമായും നിരാകരിച്ചു.
​അടിയൊഴുക്കുകൾ ശക്തം: രണ്ടുപതിറ്റാണ്ടായി ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നപ്പോഴും പിണറായി വിജയൻ അദ്ദേഹത്തെ തള്ളിപ്പറഞ്ഞിരുന്നില്ല. എന്നാൽ പാർട്ടി സെക്രട്ടറിക്കെതിരെ പരസ്യമായി രംഗത്തുവന്ന കണ്ണൂരിലെ ഈ കരുത്തനെ ഇനിയും പിണറായി സംരക്ഷിക്കുമോ അതോ തള്ളിപ്പറയുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. വരും ദിവസങ്ങളിൽ സി.പി.എമ്മിനകത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് ഈ പ്രസ്താവന വഴിവെക്കുമെന്നുറപ്പാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img