
ദോഹ: അൽ മസ്രുവ (Al Mazrouah) മേഖലയിൽ ശുദ്ധീകരിച്ച മലിനജലം നിയമവിരുദ്ധമായി ഒഴുക്കിയ കമ്പനിക്കെതിരെ ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നിയമനടപടി സ്വീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി നിലവിലുള്ള ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.ഇത്തരം നിയമലംഘനങ്ങൾ പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും വലിയ ഭീഷണിയുണ്ടാക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി എല്ലാ സ്ഥാപനങ്ങളും പരിസ്ഥിതി നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.പരിസ്ഥിതി സംരക്ഷണത്തിനായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
അറിയിക്കുന്നതിനായി മന്ത്രാലയത്തിന്റെ എൻവയോൺമെന്റൽ ഓപ്പറേഷൻസ് റൂം ഹോട്ട്‌ലൈൻ നമ്പറായ 16066-ൽ ബന്ധപ്പെടാവുന്നതാണ്.
പരിസ്ഥിതി സംരക്ഷണം മുൻനിർത്തി വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.










