
ദോഹ:ഉപയോഗശൂന്യമായി തള്ളുന്ന വസ്തുക്കൾക്ക് സർഗ്ഗാത്മകതയിലൂടെ പുനർജനിയേകി കത്താറ കൾച്ചറൽ വില്ലേജിൽ അപൂർവ്വ ചിത്രകലാ പ്രദർശനം. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര ജീവിതരീതികളും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന 'പരിസ്ഥിതിയും ജീവിതവും' (Environment and Life) പ്രദർശനം കലയും പുനരുപയോഗവും തമ്മിലുള്ള മനോഹരമായ ചേർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു.
സീഷോർ ഗ്രൂപ്പുമായി (Seashore Group) സഹകരിച്ച് കത്താറ സംഘടിപ്പിക്കുന്ന ഈ എക്സിബിഷനിൽ 30-ലധികം സൃഷ്ടികളാണ് പൊരുത്തപ്പെട്ടിരിക്കുന്നത്. കത്താറ ബിൽഡിംഗ് 18, ഹാൾ 2ലാണ് പ്രദർശനംഓഗസ്റ്റ് 2 ന് സമാപിക്കും.
ദിവസവും രാവിലെ 10:00 മുതൽ രാത്രി 10:00 വരെയാണ് പ്രവേശനം.
പാഴായിപ്പോകുന്ന വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കിയ പെയിന്റിംഗുകൾ, ശില്പങ്ങൾ, മിക്സഡ് മീഡിയ സൃഷ്ടികൾ എന്നിവയാണ് ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്.ഖത്തറി കലാകാരികളായ ജവാഹിർ അൽ അതിയ്യ, നോറ റദ്വി എന്നിവരോടൊപ്പം തായ്‌ലാന്റിൽ നിന്നുള്ള പ്രമുഖ കലാകാരന്റെയും ശ്രദ്ധേയമായ സൃഷ്ടികൾ പ്രദർശനത്തിലുണ്ട്. ഉപയോഗശൂന്യമെന്ന് കരുതി തള്ളുന്ന വസ്തുക്കളെപ്പോലും ആശയ സമ്പുഷ്ടമായ മികച്ച കലാസൃഷ്ടികളാക്കി മാറ്റാമെന്ന് ഇവർ തെളിയിക്കുന്നു. പ്രകൃതിയിൽ നിന്നും ജീവന്റെ വിവിധ തലങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഓരോ സൃഷ്ടിയും നിർമ്മിച്ചിരിക്കുന്നത്.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ ഓർമ്മിപ്പിക്കുന്നതിനൊപ്പം, വിഭവങ്ങളുടെ ഉത്തരവാദിത്തമുള്ള ഉപയോഗത്തിലേക്കും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തിലേക്കും ഈ പ്രദർശനം വെളിച്ചം വീശുന്നു. ഭാവി തലമുറയ്ക്കായി പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഏവരുടെയും സംയുക്ത ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് ഇത് നൽകുന്നത്.കത്താറ ഡെപ്യൂട്ടി ജനറൽ മാനേജരും ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടറുമായ സൈഫ് സാദ് അൽ ദോസരിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. സാംസ്കാരിക-പരിസ്ഥിതി രംഗത്തെ പ്രമുഖരും കലാസ്നേഹികളും ചടങ്ങിൽ പങ്കെടുത്തു.
കേവലം ആവിഷ്കാര മാധ്യമം എന്നതിനപ്പുറം, കലയെ സാമൂഹിക-പരിസ്ഥിതി ബോധവൽക്കരണത്തിനുള്ള വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായി പ്രയോജനപ്പെടുത്താനാണ് കത്താറ ലക്ഷ്യമിടുന്നത്.











