
ദോഹ: എഞ്ചിനീയേഴ്സ് ഫോറംഖത്തർസിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കേരളോത്സവം 2026’-ന് മുന്നോടിയായി സ്പോൺസേഴ്സ് മീറ്റ്
നടത്തി.
ഒക്ടോബർ 23 വെള്ളിയാഴ്ച ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) അരങ്ങേറുന്ന കേരളോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഷെറാട്ടൺ ഗ്രാൻഡ് ദോഹ റിസോർട്ട് ആൻഡ് കൺവെൻഷൻ ഹോട്ടലിൽ
പരിപാടി സംഘടിപ്പിച്ചത്. “Elevate EF” എന്ന പ്രമേയത്തിലാണ് ഫോറത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ നടക്കുന്നത്.
എഞ്ചിനീയേഴ്സ് ഫോറം ഖത്തർ പ്രസിഡന്റ് അഷീഖ് അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രൊഫഷണൽ മികവ്, സംരംഭകത്വം, സാമൂഹിക ഇടപെടൽ, പരസ്പര സഹകരണം എന്നിവ ശക്തിപ്പെടുത്തി ഫോറത്തെ പുതിയ തലത്തിലേക്ക് ഉയർത്തുന്നതിനായി ആവിഷ്കരിച്ച ഒരു വർഷം നീണ്ടുനിൽക്കുന്ന “Elevate EF” പദ്ധതിയുടെ ലക്ഷ്യങ്ങൾ പ്രസിഡന്റ് വിശദീകരിച്ചു. സംഘടനയുടെ 25 വർഷത്തെ യാത്രയ്ക്ക് കരുത്തുപകർന്ന മുൻകാല നേതൃത്വങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
കേരളോത്സവം 2026-ൽ ദക്ഷിണേന്ത്യൻ ചലച്ചിത്രതാരം ധ്യാൻ ശ്രീനിവാസൻ മുഖ്യാതിഥിയായും, കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ എസ്. നായർ വിശിഷ്ടാതിഥിയായും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എഞ്ചിനീയേഴ്സ് ഫോറത്തിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 19 പൂർവവിദ്യാർഥി സംഘടനകൾ അണിനിരക്കുന്ന പൂക്കളമത്സരമാണ് ആഘോഷങ്ങളുടെ പ്രധാന ആകർഷണം. ഇതിനുപുറമെ, അംഗങ്ങൾ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ, പ്രശസ്ത സംഗീതബാൻഡായ 'ഗന്ധർവാസ്' നയിക്കുന്ന ലൈവ് സംഗീതനിശ, ജനപ്രിയ ഗായകരായ ശ്രീരാഗ്, നന്ദ എന്നിവരുടെ സംഗീതവിരുന്ന്, ഡിജെ കാർത്തിക്കിന്റെ പ്രകടനം എന്നിവയും ഉണ്ടായിരിക്കും.
ചടങ്ങിൽ ജോയിന്റ് ട്രഷറർ ഫെൻസീർ സ്പോൺസർഷിപ്പ് ക്യാമ്പയിന്റെ പുരോഗതി വിശദീകരിക്കുകയും സ്പോൺസർമാർക്കുള്ള അംഗീകാര രേഖകൾ കൈമാറുകയും ചെയ്തു. ടൈറ്റിൽ സ്പോൺസറായ BYD-യെ പ്രതിനിധീകരിച്ച് സിന്തിയ, പ്ലാറ്റിനം സ്പോൺസറായ ഗൾഫ് ലൈറ്റ്സിനെ പ്രതിനിധീകരിച്ച് മാനേജിങ് ഡയറക്ടർ സനാഉല്ല, QM Controls-നെ പ്രതിനിധീകരിച്ച് എഞ്ചിനീയർ അരുൺ ബി.എം., വൈബ്രന്റ് അക്കാദമിയിൽ നിന്ന് സന്തോഷ്, മൈൻഡ് എക്സ് പ്രതിനിധി തുടങ്ങിയവരും വിവിധ സ്പോൺസർമാരുടെ പ്രതിനിധികളും പങ്കെടുത്തു.
ജനറൽ സെക്രട്ടറി നിധീഷ് ഒ.സി. സ്വാഗതവും ടെക്നിക്കൽ കമ്മിറ്റി അസോസിയേറ്റ് ടീമിലെ പ്രശാന്ത് മാത്യു നന്ദിയും പറഞ്ഞു.
ആൻസി മോഹൻ അവതാരകയായിരുന്നു.











