
കൽപാന്ത കാലങ്ങളായി നിലനിൽക്കുന്ന ഭാരതത്തിലെ വേദങ്ങൾക്കും ഇതിഹാസങ്ങൾക്കും ഇന്നും കാലികപ്രസക്തിയുണ്ട്. കുരുക്ഷേത്ര ഭൂമിയിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ ശംഖുനാദത്തിലൂടെ മുഴങ്ങിയ സംഭവാമി യുഗേ യുഗേ എന്ന ആഹ്വാനം യുഗാന്തരങ്ങളായി ഭാരതത്തിന്റെ കാലികശബ്ദമായി മുഴങ്ങിക്കൊണ്ടിരിക്കുന്നു.
യുഗങ്ങളിൽ ഏറ്റവും സവിശേഷമായ ദ്വാപരയുഗാന്ത്യകാലത്താണ് ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണം നടക്കുന്നത്. കൃഷ്ണൻ ജനിച്ച യാദവകുലം തമ്മിലടിച്ചു തുടങ്ങി. കൃഷ്ണൻ ഭരിച്ച ദ്വാരക രാജ്യം പ്രളയത്തിനടിയിലായി.
ദ്വാപരയുഗാന്ത്യകാലത്ത് അധികാരത്തിനുവേണ്ടി നാട്ടുരാജാക്കന്മാർ പരസ്പര യുദ്ധം തുടങ്ങി. യാദവകുലത്തിന്റെ തകർച്ചയോടെ ദർഭപ്പുല്ലുകൾപോലും മൂർച്ചയായ വാളുകളായി മാറിയ പുരാണം ഇന്ന് ഏറ്റവും അന്വർത്ഥമായിരിക്കുകയാണ്.
2016 മുതൽ കോൺഗ്രസ് സംവിധാനം യാദവകുലത്തിന്റെ ദുരവസ്ഥയിലായിരിക്കുകയാണ്.
2011 ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യു.ഡി.എഫിന് 72 സീറ്റും, വി.എസ്സിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് 68 സീറ്റും കിട്ടി. കോൺഗ്രസിന് 38 സീറ്റും മുസ്ലീംലീഗിന് 20 സീറ്റും മാത്രം. സി.പി.എംന് 45 സീറ്റുണ്ടായിരുന്നു. ഇത് ഇപ്പോഴും സി.പി.എം മുന്നണിയുടെ സ്ഥിരം നിക്ഷേപമായി നിലനിൽക്കുന്നു. ഘടകകക്ഷികളുടെ പതിനഞ്ച് സീറ്റുകൾ കൂടി കൂട്ടിയാൽ എൽ.ഡി.എഫിന് 60 സീറ്റുകളുടെ സ്ഥിരം നിക്ഷേപം ഉണ്ട്.
അന്ന് പാർലമെന്ററി പാർട്ടിയിൽ മത്സരമുണ്ടായിരുന്നെങ്കിൽ ഉമ്മൻചാണ്ടിക്ക് 18 വോട്ടും, രമേശ് ചെന്നിത്തലയ്ക്ക് 20 വോട്ടും കിട്ടിയേനെ.കോൺഗ്രസിന്റെ സീറ്റ് കുറഞ്ഞതിന്റെ കൂട്ടുത്തരവാദിത്വം രമേശനും ഏറ്റെടുത്തു. കെ. സുധാകരനടക്കം ഐ ഗ്രൂപ്പുനേതാക്കൾ മത്സരത്തിന് രമേശന്റെമേൽ സമ്മർദ്ദം ചെലുത്തിയതാണ്.
മുൻമഹാരാഷ്ട്ര മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന പരേതനായ വിലാസ് റാവു ദേശ്മുഖ് സോണിയാഗാന്ധിയുടെ ദൂതനായി ചങ്ങനാശ്ശേരിയിൽ എൻ.എസ്.എസ്സുമായി അനുനയചർച്ച നടത്തി. ഉമ്മൻചാണ്ടി തന്നെ മുഖ്യമന്ത്രിയാകട്ടെയെന്നും, രമേശ് ചെന്നിത്തലയ്ക്ക് ഡെപ്യൂട്ടി മുഖ്യമന്ത്രിസ്ഥാനവും ആഭ്യന്തര വകുപ്പും എന്ന എൻ.എസ്.എസ്സിന്റെ നിർദ്ദേശം വിലാസ്‌റാവു സോണിയയുടെ മുൻപാകെ സമർപ്പിച്ചു. അന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായിരുന്ന പി.കെ. നാരായണപ്പണിക്കരു സാറിന് അനുകൂല മറുപടിയും ഹൈക്കമാന്റിന് വേണ്ടി സോണിയാഗാന്ധി നൽകിയിരുന്നു.
വിലാസ് റാവുവിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചുസ്വീകരിച്ചശേഷമാണ് എൻ.എസ്.എസ് ലെയ്‌സൺ ഓഫീസറായിരുന്ന ഞാൻ അദ്ദേഹത്തെ പെരുന്നയിലേക്ക് ആനയിച്ചുകൊണ്ടുപോയത്.
മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ഉഭയകക്ഷി ചർച്ചകളിലും ഉമ്മൻചാണ്ടി വഴങ്ങിയില്ല. 'എ' ഗ്രൂപ്പിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള ചില നേതാക്കളുടെ പിടിവാശികൊണ്ടാണ് ഉമ്മൻചാണ്ടിക്ക് ഹൈക്കമാന്റ് തീരുമാനം പാലിക്കാൻ കഴിയാഞ്ഞത്. അങ്ങനെയാണ് എൻ.എസ്.എസ് സമ്മേളനത്തിൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വച്ച് സുകുമാരൻ നായരുസാറിന് പൊട്ടിത്തെറിക്കേണ്ടി വന്നത്. വിലാസ് റാവുവും പ്രൊഫ. പി.ജെ. കുര്യൻ സാറും നേരിട്ട് സോണിയാഗാന്ധിയോട് ഇടപെട്ട് ആവശ്യപ്പെട്ട പ്രകാരമാണ് 2013 ജനുവരി 2-ാം തീയതിക്കു മുൻപുതന്നെ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര മന്ത്രി സ്ഥാനം നൽകിയത്.
2016 ൽ യു.ഡി.എഫ് എന്തുകൊണ്ട് തോറ്റു ?
2016 ൽ യു.ഡി.എഫ് തിരിച്ചുവരില്ല എന്ന് ഏറ്റവും ഉറപ്പുള്ള ആൾ ഉമ്മൻചാണ്ടി തന്നെയായിരുന്നു. 2016 ൽ ആദ്യമായി കേരള സംസ്ഥാന മുന്നോക്ക കമ്മീഷൻ രൂപീകരിച്ചപ്പോൾ മുന്നോക്ക സമുദായ പ്രതിനിധിയായി എന്നെ നിയമിക്കണമെന്ന് എൻ.എസ്.എസ് മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായ വാസുദേവശർമ്മ സാറിനാണ് ഉമ്മൻചാണ്ടി നിയമനം നൽകിയത്. ഏറ്റവും സീരിയസ്സായ അസുഖം ബാധിച്ചിരുന്ന ശർമ്മയ്ക്ക് വേണ്ടിയുള്ള കരുതലാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശർമ്മാജിക്ക് നൽകിയത്. അതിൽ നിന്നാണ് തുടർഭരണത്തിൽ ഉമ്മൻചാണ്ടി പ്രതീക്ഷ വയ്ക്കാതിരുന്നത്. എങ്കിലും തെരഞ്ഞെടുപ്പിന് മുൻപുതന്നെ പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനത്തേക്ക് താൻ ഒരു വിലങ്ങുതടിയാകില്ലെന്ന് രമേശിന് ഉമ്മൻചാണ്ടി ഉറപ്പുനൽകിയിരുന്നു.
ആഭ്യന്തര മന്ത്രിസ്ഥാനം തിരുവഞ്ചൂരിൽ നിന്നെടുത്തു രമേശ് ചെന്നിത്തലയ്ക്ക് നൽകിയതോടെ 'എ' ഗ്രൂപ്പിൽ ഉമ്മൻചാണ്ടിയോട് അസ്വസ്ഥതകൾ തുടങ്ങിയിരുന്നു. തിരുവഞ്ചൂരിന്റെ നേതൃത്വത്തിൽ തുടങ്ങിയ ആ നീക്കം പൂവണിഞ്ഞത് 2021 ലാണ്. ഉമ്മൻചാണ്ടിയുടെ 'എ'യിലെ പ്രതാപകാലത്ത് എയിൽ നിന്നോ ഒറ്റയ്‌ക്കോ കോൺഗ്രസ് സ്ഥാനാർത്ഥി കോട്ടയത്തുണ്ടായിട്ടില്ല. കെ. കരുണാകരൻ പോലും വിചാരിച്ചിട്ട് ആ മേധാവിത്വത്തിന് തടയിടാൻ പറ്റിയില്ല. അതുകൊണ്ടാണ് 1987 ൽ ഏറ്റുമാനൂരിൽ കോൺഗ്രസ്(ഐ) നേതാവായ ജോർജ്ജ് ജോസഫ് പൊടിപ്പാറ സ്വതന്ത്രനായി മത്സരിച്ചത്. 1989 ൽ ലോക്‌സഭയിൽ കോട്ടയത്തുനിന്ന് രമേശ് ചെന്നിത്തല ജയിച്ച് എം.പിയായതോടെയാണ് കോട്ടയത്തേക്ക് കാലുകുത്താൻ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ഇടം കിട്ടിയത്. 1991 ലെ ആദ്യത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ചെറിയാൻ ഫിലിപ്പായിരുന്നു എന്നാണ് എന്റെ ഓർമ്മ. വാമനപുരത്തും അടൂരും ഒക്കെ മത്സരിച്ച തിരുവഞ്ചൂരിന് പോലും കോട്ടയത്തിടം കിട്ടിയത് രമേശൻ വന്നതിനുശേഷമാണ്. ഇത്തരം കാര്യങ്ങൾ മറക്കാനുള്ള ഒരു രാഷ്ട്രീയ അടവിനെയാണ് മറവി എന്നുവിശേഷിപ്പിക്കുന്നത്.
2021 ൽ എന്ത് സംഭവിച്ചു?
2021 ൽ കേരളത്തിലെ കോൺഗ്രസ്സുകാരുടെ മനസ്സിൽ അഹങ്കരിച്ചുകൊണ്ടിരുന്നത് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുഫലമാണ്. 2021 ആയപ്പോൾ ശബരിമല അയ്യപ്പന്റെ പേരിൽ വോട്ടുകിട്ടിയ കോൺഗ്രസുകാരും മറന്നു; ഒപ്പം അയ്യപ്പൻ അവരെയും മറന്നു. പ്രായശ്ചിത്ത വിളിവിളിച്ച കമ്മ്യൂണിസ്റ്റുകാരെ അയ്യപ്പൻ തുണച്ചു. തുടർഭരണവും കൊടുത്തു. ഇപ്പോൾ എൽ.ഡി.എഫും പിണറായിയും മൂന്നാം തുടരിന് വട്ടം കൂട്ടുകയാണ്. മിക്കവാറും തുണയാകാൻ പോകുന്നതു കോൺഗ്രസുകാർ തന്നെയായിരിക്കും എന്നാണ് പിണറായി കരുതുന്നത്.
2021 ലും കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയവും മുഖ്യമന്ത്രി സ്ഥാനാർത്ഥി മൗനവും യു.ഡി.എഫിനും ദോഷം ചെയ്തു. 2021 ൽ ഭരണം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനത്തിന് തർക്കമുണ്ടായില്ലെന്നു ഉമ്മൻചാണ്ടി രമേശന് ഉറപ്പുകൊടുത്തതാണ്. എന്നാൽ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ മത്സരിക്കട്ടെ എന്ന രമേശന്റ നിർദ്ദേശത്തിനുപകരം പുതുപ്പള്ളിയിലെ പുരപ്പുറത്ത് കൊടിപിടിച്ചുകയറിയ കോൺഗ്രസുകാരുടെ വികാരമാണ് ഉമ്മൻചാണ്ടി മാനിച്ചത്.
മീഡിയ ഉൾപ്പെടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തർക്കമില്ലെങ്കിലും തർക്കം ഉണ്ടാക്കി ചർച്ചകൾ സംഘടിപ്പിക്കുകയായിരുന്നു. പിണറായിയുടെ നേതൃത്വത്തിൽ നടന്ന സ്ഥാനാർത്ഥി നിർണ്ണയത്തിന്റേയും ന്യൂനപക്ഷ വോട്ടുകളുടെ സമാഹരണത്തിന്റേയും പൊരുൾ മനസ്സിലാക്കാനുള്ള ഉൾക്കാഴ്ച യു.ഡി.എഫിനില്ലായിരുന്നു. ഉമ്മൻചാണ്ടിക്ക് ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു. പുതുപ്പള്ളിക്കാർ പുരപ്പുറത്ത് കയറി കൊടിപിടിച്ചെങ്കിലും വോട്ടുകൊടുക്കുന്നതിൽ പിശുക്കു കാണിച്ചു. ഉമ്മൻചാണ്ടിയുടെ മരണത്തിന് ശേഷമേ കേരളത്തിലെ കോൺഗ്രസുകാരും പുതുപ്പള്ളിക്കാരും ഉമ്മൻചാണ്ടിയുടെ വില മനസ്സിലാക്കിയുള്ളൂ.
പ്രതിപക്ഷ നേതാവ് മത്സരം
2021 ൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കേരളത്തിലെ ജനങ്ങളും ഭരണം ദാഹിച്ചുനടന്ന കോൺഗ്രസിലൊരു വിഭാഗവും ദുഃഖം മാറ്റി പൊട്ടിച്ചിരിച്ചത് പ്രതിപക്ഷ നേതാവ് സ്ഥാനത്തേയ്ക്കുള്ള ചേരിതിരിവുകളും ചതിപ്രയോഗങ്ങളും ആസ്വദിച്ചാണ് പിണറായി വിജയൻ ആഘോഷപൂർവ്വം ഉത്സവപ്രതീതി സൃഷ്ടിക്കുമ്പോൾ ക്ലിഫ് ഹൗസില്ലെങ്കിൽ കന്റോൺമെന്റ് ഹൗസും സ്റ്റേറ്റ് കാറിനും വേണ്ടിയുള്ള പരക്കം പാച്ചിൽ തുടങ്ങിക്കഴിഞ്ഞു. ദൽഹിയിൽ നിന്നും രാഹുൽഗാന്ധി ഹൈക്കമാന്റ് എന്ന മിസൈൽ റോക്കറ്റിനെ കേരളത്തിലേക്ക് തൊടുത്തുവിട്ടു. രണ്ടാമത്തേത് ഒരു പൂരക്കമ്പത്തെ പോലെയുള്ള വാണം വിടീലായിരുന്നു. എ-ഐ ഗ്രൂപ്പുകളും പിരിച്ചുവിട്ടു. ഗ്രൂപ്പുകാരെല്ലാം പിരിഞ്ഞുപോകാൻ ഇന്ദിരാഭവനിൽ 144 പ്രഖ്യാപിച്ചു. യു.ഡി.എഫിനെ തോൽപ്പിക്കുകയും മറ്റും ചെയ്ത മത- സമുദായ ജാതി നേതാക്കന്മാരെ ചീത്ത പറയുന്നതാരാണോ അദ്ദേഹത്തിന് പ്രതിപക്ഷ നേതാവ് സ്ഥാനം ഹൈക്കമാന്റ് വാഗ്ദാനം ചെയ്തു. അവസരം പാഴാക്കാതെ വി.ഡി. സതീശൻ അത് ചാടിപ്പിടിച്ചു.
വീണ്ടും കണ്ണൂർക്കും കണിച്ചുകുളങ്ങരയും പോകണമല്ലോ എന്നുകരുതി കെ. സുധാകരൻ നെഞ്ചും വിരിച്ചു നിന്നതേയുള്ളൂ. എങ്കിലും ഗ്രൂപ്പില്ലാത്തതുകൊണ്ടും ഒരിടത്തും ഉറച്ചുനിൽക്കാത്തതുകൊണ്ട് കെ. സുധാകരനെ പാർട്ടി പ്രസിഡന്റാക്കി.
തന്റെ ഒന്നാം സർക്കാരിനെ വെള്ളപൂശുന്നതിന് മുൻകൈ എടുത്ത പ്രതിപക്ഷത്തെപ്പറ്റി പിണറായി മനസ്സിൽ ഊറിച്ചിരിച്ചു.
2016 ലും 2021 ലും എങ്ങനെ തോറ്റു- രമേശ് ചെന്നിത്തലയെ എന്തിന് പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും പുറത്താക്കി എന്നീ ചോദ്യങ്ങളുടെമേൽ കോൺഗ്രസ് ഒരു പരിശോധനയും നടത്തിയിട്ടില്ല ഇതുവരെ.
ഇപ്പോൾ തർക്കം;
ആര് മുഖ്യമന്ത്രി സ്ഥാനാർത്ഥി?
1967 മുതൽ ആണ് ഒൻപത് അംഗങ്ങളുടെ നേതാവായി കെ. കരുണാകരൻ പാർലമെന്ററി ലീഡറായത്. 1970 ലാണ് എ.കെ. ആന്റണിയും ഉമ്മൻചാണ്ടിയും പാർലമെന്ററി രംഗത്തുവന്നത്. 1977 ൽ തുടർഭരണം നേടിയ ഐക്യമുന്നണിയുടെ നേതാവായി മുഖ്യമന്ത്രിയായ ലീഡർ രാജൻ കേസിന്റെ പേരിൽ രാജിവച്ചപ്പോൾ കെ.കരുണാകരനുപകരം എ.കെ. ആന്റണി മുഖ്യമന്ത്രിയായി. 78 ൽ ഐ-എ കോൺഗ്രസുകൾ ഉണ്ടായി. 82 ൽ ലീഡർ വീണ്ടും മുഖ്യമന്ത്രിയായി. 79 ൽ ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചെങ്കിലും 'എ' ഗ്രൂപ്പും പാർട്ടിയും 'ഐ'യോടൊപ്പമായി. വയലാർ രവിയും ഉമ്മൻചാണ്ടിയും 'എ'നേതാക്കളായി. 80 ൽ എൽ.ഡി.എഫും യു.ഡി.എഫും ഉണ്ടായി. ഇ.കെ. നായനാർ എൽ.ഡി.എഫും കെ. കരുണാകരൻ യു.ഡി.എഫും നയിച്ചു. 2001 വരെ നായനാരും, 1995 വരെ കെ. കരുണാകരനും നയിച്ചു. 20 കൊല്ലം നായനാരും 15 കൊല്ലം തുടർച്ചയായി ലീഡറും ഭരിച്ചു. ഉമ്മൻചാണ്ടി ഒരുപാട് അദ്ധ്വാനിച്ചാണ് ലീഡറെ താഴെയിറക്കിയത്. തൂണുചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി എന്നാണ് എയിലെ അസ്‌കിത പിടിച്ച ഉമ്മൻചാണ്ടി ഭക്തർ കളിയാക്കിയത്. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ പേരിൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ പഴയ യു.ഡി.എഫ് ഘടകകക്ഷികളും ചേർന്നാണ് ഹൈക്കമാന്റിനെക്കൊണ്ട് ആന്റണിയെ രാജിവയ്പ്പിച്ചത്.
ഇത് ഒരു പശ്ചാത്തല വിശദീകരണം. 2005 മുതലുള്ളത് ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ആധുനികകാലം 20 കൊല്ലകാര്യങ്ങൾ. ഇവിടെ തുടങ്ങും മുഖ്യമന്ത്രി സ്ഥാന അവകാശങ്ങൾ.
ഇപ്പോഴത്തെ ഫോർ റണ്ണേഴ്‌സിൽ സീനിയറായി നിൽക്കുന്നത് രമേശ് ചെന്നിത്തലയാണ്. പ്രവർത്തകസമിതി അംഗമായ രമേശ് ആവശ്യം പരസ്യമായി ഉന്നയിച്ച് അച്ചടക്കം ലംഘിക്കാൻ തയ്യാറല്ല. തന്നെ ഏറ്റവും കൂടുതൽ ആക്ഷേപിക്കുകയും ചതിക്കുകയും പീഡിപ്പിക്കുകയും ഒക്കെ ചെയ്തിട്ടും തുറക്കാത്ത 'വ' അദ്ദേഹം കേരളത്തിലെ ജനങ്ങൾക്കും എ.ഐ.സി.സിക്കും മുൻപിലേ ഇനി പരസ്യമായി തുറക്കുകയുള്ളു എന്ന കർശനവാശിയിലാണ്. എന്നാൽ സോണിയാഗാന്ധിയോടും രാഹുൽഗാന്ധിയോടും പ്രിയങ്കഗാന്ധിയോടും തന്റെ ആവശ്യം തുറന്ന് അറിയിച്ചു എന്നാണ് അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. 2016 ൽ തന്റെ സീനിയോറിറ്റി പ്രകാരം ലഭിക്കേണ്ടത് 2021 ൽ ആസൂത്രിതമായി പ്ലാൻ ചെയ്തത് 2026 ൽ തെറിപ്പിക്കാൻ നോക്കുന്നു.
''തെരഞ്ഞെടുപ്പിൽ തോറ്റതിന് പ്രതിപക്ഷ നേതാവിനെ മാറ്റുന്ന ചരിത്രം എങ്ങുമില്ല. 2021 ൽ നടന്നത് ആസൂത്രിതമായ തീവ്രയോഗമാണ്. പറയേണ്ടി വരുമ്പോൾ എല്ലാം പറയും. ആദ്യം കേരളത്തിലെ കോൺഗ്രസുകാരോടും എന്നെ സ്‌നേഹിക്കുന്ന ജനങ്ങളോടും എന്റെ പ്രവർത്തനപാരമ്പര്യത്തിന് വിലയിടേണ്ടത് കോൺഗ്രസുകാരും ജനങ്ങളുമാണ്. എനിക്ക് മാർക്കിടാനോ മാറ്റുരയ്ക്കാനോ അളവെടുക്കാനോ ആരും വരണ്ട''. ബി.ജെ.പിയിലേക്ക് പോകും എന്ന ചോദ്യത്തിലാണ് രമേശ് വികാരഭരിതനായി പ്രതികരിച്ചത്, 'താനാണ് ആദ്യം കൊടിപിടിച്ചതെന്നും ഞാൻ കൊടുത്ത കൊടിപിടിച്ചവരാണ് ഇപ്പോൾ തന്നെ നയിക്കാൻ ശ്രമിക്കുന്നതെന്നും രമേശ് സൂചിപ്പിച്ചു.
രണ്ടാമത്തെ ആൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. വെസ്റ്റ് മിനിസ്റ്റർ പാരമ്പര്യം കീഴ്‌വഴക്കമായി മാറണമെന്ന് വാദിക്കുന്ന ആൾ. 2021 ൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായി യു.ഡി.എഫ് ഭരണം വന്നിരുന്നെങ്കിൽ മന്ത്രിസഭയിലെ ധനകാര്യമന്ത്രിയാകേണ്ടയാൾ. പക്ഷേ രണ്ടുപേരും നിർഭാഗ്യവാന്മാർ. എന്നാൽ വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായി. 2026 ൽ ഉണ്ടാകാൻ സാധ്യതയുള്ള യു.ഡി.എഫ് മന്ത്രിസഭയെ നയിക്കാൻ മുന്നിട്ടുനിൽക്കുന്ന രമേശ് ചെന്നിത്തലയും വി.ഡി. സതീശനും കർട്ടന് മുമ്പിലുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥികളാണ്. എന്നാൽ ഇവരെ രണ്ടുപേരേക്കാൾ പ്രബലനാണ് എ.ഐ.സി.സി ചാർജ്ജുകാരി ദീപാദാസ് മുൻഷിയുടെ പിന്നിലുള്ളതും. മറ്റുരണ്ടുപേരും തിരുകൊച്ചി നായന്മാരാണ്. മറ്റെ ആൾ എ.ഐ.സി.സിയുടെ സംഘടനാ സെക്രട്ടറി കെ.സി. വേണുഗോപാൽ, മലബാറുകാരൻ പൊതുവാൾ നായർ. രമേശന്റെ പഴയ ശിഷ്യൻ, സതീശന്റെ ഗുരു.
വെള്ളം കലക്കൽ ജോലി എറണാകുളവും കോഴിക്കോടും കേന്ദ്രീകരിച്ചുനടക്കുന്നുണ്ട്. കാശുമുടക്കിയും സ്‌പോൺസർഷിപ്പുവഴിയും. യു ട്യൂബ് ചാനലുകൾക്ക് കാശ് നേരിട്ടോ അല്ലാതെയോ കിട്ടിയാൽ മതി.
ഇതിനിടയിൽ കിടന്ന് പരിദേവനം നടത്തിയിട്ട് കാര്യമില്ല. 1964 ൽ ആർ. ശങ്കറിനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി. 1971 ൽ അദ്ദേഹത്തിന് ചിറയിൻകീഴ് ലോക്‌സഭാ സീറ്റ് നിഷേധിച്ചുകൊണ്ടാണ് വയലാർ രവിക്ക് നൽകിയത്. എസ്.എൻ.ഡി.പിയോഗത്തിൽ നിന്ന് കേസുകൊടുത്ത് പുറത്താക്കിയശേഷം വേദന കൊണ്ടാണ് 1972 നവംബറിൽ അദ്ദേഹം മരിച്ചത്. അതിനുശേഷം ഈഴവരായ കോൺഗ്രസ്സ് മുഖ്യമന്ത്രിമാർ കേരളം ഭരിച്ചിട്ടില്ല. എന്നാൽ 2006 മുതൽ അഞ്ചുവർഷം കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദനും 2016 മുതൽ പിണറായി വിജയൻ 2026 ൽ പത്തുവർഷം തികയ്ക്കാൻ പോകുന്നു. ഇനിയും ഒരു അഞ്ചുവർഷത്തിനുള്ള അങ്കം നടത്താൻ ബാല്യം കിട്ടിയാൽ 20 വർഷം ഒരു തീയ്യ- ഈഴവ മുഖ്യമന്ത്രി കേരളം ഭരിച്ച സുകൃതം എല്ലാ സ്വാമിമാർക്കും കിട്ടും.
വിരിവ് മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ
തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശശി തരൂർ എം.പി, കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവരെ 'വിരിവ്' എന്ന ലിസ്റ്റിൽപ്പെട്ട മുഖ്യമന്ത്രി സ്ഥാനാർത്ഥികളായിട്ടാണ് കോൺഗ്രസുകാർ കണക്കാക്കുന്നത്. വിരിവ് എന്നത് ആധാരം എഴുത്തുകാർ ഉപയോഗിക്കുന്ന ഒരു വാക്കാണ്. ഒർജിനൽ ഉടമസ്ഥാരേഖകളുള്ള വസ്തുവിനോട് ചേർന്നുകിടക്കുന്ന രേഖകളില്ലാത്ത വസ്തുക്കൾക്ക് നൽകുന്ന പേരാണ് വിരിവ്.
രാഷ്ട്രീയത്തിൽ ഈ വാക്ക് ഉപയോഗിച്ചുകേട്ടിരുന്നത് അന്തരിച്ച മുൻ എൻ.സി.പി പ്രസിഡന്റ് ഉഴവൂർ വിജയനിൽ നിന്നാണ്. ഇടതുപക്ഷ മുന്നണിയിൽ എൻ.സി.പി അധികപ്പറ്റ് കക്ഷിയാണെന്ന് കാണിക്കാൻ വിജയൻ പറഞ്ഞിരുന്നത് വിരിവ് കക്ഷികൾ എന്നാണ്. ഇന്ദിരാഭവന്റെ തിണ്ണയിൽ വരെ കോൺഗ്രസിന്റെ ഭാവി മുഖ്യമന്ത്രിമാർ കൂട്ടിമുട്ടി നടക്കുന്നതുകൊണ്ടാണ് വിരിവുകൾക്ക് വരെ പ്രസക്തിയേറുന്നത്.
സതീശൻ സർവ്വേയും 63+ഉം
ചീറ്റിക്കും
എൽ.ഡി.എഫിനിപ്പോൾ 99 സീറ്റും യു.ഡി.എഫിന് 41 സീറ്റുമാണ് കേരളനിയമസഭയിലുള്ളത്. ഈ അടുത്തകാലത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒരു രാഷ്ട്രീയ സർവ്വേ ഉദ്ധരിച്ചു. 63+ എന്ന പ്രസിദ്ധ സർവ്വേ. മുൻമന്ത്രി എ.പി. അനിൽകുമാർ ചാടി എഴുന്നേറ്റ് തടഞ്ഞു. പശ്ചാത്തലം മുസ്ലീംലീഗുമായുള്ള സീറ്റ് ചർച്ചയുണ്ടെന്നും കേൾക്കുന്നു. ആ കൂട്ടത്തിൽ വണ്ടൂരും ഉണ്ടോ? അതുകൊണ്ടാണോ അനിൽ പിണങ്ങിയതെന്നും ചോദിക്കുന്നവരുണ്ട്. ലീഗിന് സ്വാധീനമുള്ള കോൺഗ്രസ് മണ്ഡലത്തിൽ ഒന്നാണ് അനിൽകുമാറും പണ്ട് പന്തളം സുധാകരനും ഒക്കെ ജയിച്ച വണ്ടൂർ.
സതീശന്റെ പേരിലിറങ്ങിയ 63+ സർവ്വേ ഇപ്പോൾ സതീശനും നിഷേധിക്കുന്നു. ഓഫീസും നിഷേധിക്കുന്നു. എന്നാലും ഗുണം വല്ലതുമുണ്ടോ എന്ന് ചികഞ്ഞുനോക്കണം.
99 നെ മറികടക്കാൻ അതിൽ നിന്ന് 29 പിടിച്ചാൽ സമാസമം ആകും. 41 ഉം 63 ഉം കൂട്ടിയാൽ 104 ആകും. അത് സതീശന്റെ ആഗ്രഹമല്ല അത്യാഗ്രഹമാണ്. കാശുകൊടുത്താൽ യൂട്യൂബ് ചാനലുകൾ ചെയ്തുതരും. പക്ഷേ ജനങ്ങൾ വോട്ടുചെയ്യണ്ടെ.
യാഥാർത്ഥ്യം ആദ്യം അംഗീകരിക്കണം. മാറ്റക്കച്ചവടങ്ങൾക്കൊന്നും പ്രസക്തിയില്ല. ഏണിയും കോണിയും കണ്ട് വോട്ടുചെയ്യുന്ന കാലം കഴിഞ്ഞു.
2024 ലെ വോട്ട് ഒരു മാനദണ്ഡമാക്കണ്ട. 2019 ലെ വോട്ടിന്റെ വിലയേ അതിനുള്ളൂ. 2016 ലും 2021 ലുമുള്ള ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കണം; ഒരു സർവ്വേയും എങ്ങും എത്തില്ല.
ഉദാഹരണത്തിന് പി.വി. അൻവറിന് 2016 ൽ 11504 വോട്ടിന്റേയും 2021 ൽ 2700 വോട്ടിന്റേയും ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂ. 63+ സർവ്വേയിൽ നിലമ്പൂരിന്റെ വോട്ടുകണക്ക് നോക്കിയോ? യു.ഡി.എഫിന്റേയും എൽ.ഡി.എഫിന്റേയും കയ്യിൽ ഇതേപോലെ പരാപരം മുതൽ അയ്യായിരം വരെ ഭൂരിപക്ഷ വോട്ടുകളുള്ള മണ്ഡലങ്ങൾ ഉണ്ട്. യു.ഡി.എഫിന്റെ 12 ഉം എൽ.ഡി.എഫിന്റെ 18 ഉം. ഇതിന്റെ വ്യത്യാസം വെറും ആറുമണ്ഡലങ്ങൾ മാത്രമാണ്. ആ 6 മണ്ഡലങ്ങൾ പോയാലും എൽ.ഡി.എഫിന് സ്വന്തം അസ്തിത്വം ഉള്ള 93 മണ്ഡലങ്ങൾ ഉണ്ട്.
കെ. സുധാകരനെ നീക്കാൻ
ഉള്ള ഗൂഢാലോചന പൊളിഞ്ഞു
ഒരു ഭാഗത്തൂടെ ഈഴവ പിന്നോക്ക സ്‌നേഹം പറയും. എന്നാൽ ഒ.ബി.സി മുസ്ലീം വോട്ടിലാണ് നോട്ടം. അതിനെ വർഗ്ഗീയമെന്നോ തീവ്രവാദമെന്നോ വിളിച്ചാൽ ബി.ജെ.പി വിരുദ്ധതയിൽ ചാലിച്ചെടുക്കലാണ് 2024 ൽ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പിലും പരീക്ഷിച്ചത്. പാലം കടക്കുവോളം നാരായണ, പിന്നെ കീരായണ എന്ന പഴഞ്ചൊല്ലു പോലുള്ള ഗതിയായിപ്പോയി കെ. സുധാകരൻ. കെ. സുധാകരൻ ഇതുവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആകാൻ ചരടുവലിച്ചിട്ടില്ല. കെ. സുധാകരനെ രാഷ്ട്രീയമായി പീഡിപ്പിച്ചപ്പോൾ, ചോദ്യം ചെയ്തപ്പോൾ കോൺഗ്രസ്സിന്റെ നേതാക്കൾ മൗനം പാലിച്ചപ്പോഴാണ് വെള്ളാപ്പള്ളി നടേശൻ ഇടപെട്ടത്. അതിനെ ബി.ജെ.പി പേരുപറഞ്ഞ് വെള്ളാപ്പള്ളിയെ തരംതാഴ്ത്തി.
ഇപ്പോൾ തന്നെ നിരുപാധികം പറഞ്ഞയച്ചാൽ എം.പി സ്ഥാനവും രാജിവയ്ക്കും. ചുമ്മാവീട്ടിലിരിക്കില്ല എന്ന കെ. സുധാകരന്റെ ഭീഷണി എ.ഐ.സി.സിയിൽ ചെന്നുതറച്ചു. ആറ് പതിറ്റാണ്ടുമുമ്പ് ഒഴിഞ്ഞ ആർ. ശങ്കറിന്റെ പേരിൽ പരിതപിക്കുന്നവർ നിലവിലുള്ളവരെ ആദ്യം സംരക്ഷിക്കണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വർക്കലമണ്ഡലത്തിൽ കോൺഗ്രസ്സിന് മൂന്നാം സ്ഥാനത്താണ് വോട്ട് ചെയ്തത്.
ഈഴവ-തീയ്യ സമൂഹം ഒന്നിച്ചുനിന്നിരുന്നെങ്കിൽ കെ. സുധാകരനെ ഒരു കോൺഗ്രസുകാരനും കയറി ചൊറിയില്ലായിരുന്നു. ഈഴവവോട്ട് ആലപ്പുഴ, തിരുവനന്തപുരം, ആറ്റിങ്ങൽ, എറണാകുളം മണ്ഡലങ്ങളിൽ ചോർന്നുപോയത് തടയാൻ കഴിയാത്തവർ തൃശൂരടക്കം ക്രിസ്ത്യൻ വോട്ടു ഒഴുക്കിയത് തടയാൻ ഒരു കത്തോലിക്ക പ്രസിഡന്റിനെ പ്രതിഷ്ഠിക്കാനും കേരളാകോൺഗ്രസ്സ് മാണി ഗ്രൂപ്പ് വരാതിരുന്നതിന് സഭകളെ ഉപയോഗിച്ച് പ്രതിരോധിക്കാനും ഒപ്പം സുധാകരനെ തെറിപ്പിക്കുക എന്ന ഒരു വെടിക്ക് രണ്ട് പക്ഷിയായി പ്ലാൻ എ, ബി എന്ന പേരിൽ എ.ഐ.സി.സിയെക്കൊണ്ട് നടപ്പിലാക്കാൻ ശ്രമിച്ചത് എല്ലാം എന്നാൽ ചീറ്റിയിരിക്കുകയാണ്.
എം.പിമാർക്ക്
ഇരിക്കപ്പൊറുതിയില്ല
നാട്ടുകാർ വോട്ട് ചെയ്ത് ദൽഹിക്ക് അയപ്പിച്ചിട്ട് കഷ്ടിച്ച് ഏഴ് മാസമായി. കേരളത്തിൽ നിയമസഭയിലേക്ക് മത്സരിച്ച് സർക്കാർ വന്നാൽ ഒന്നുകിൽ മന്ത്രി. ചുളുവിലെങ്ങാനും പിടിച്ച് മുഖ്യമന്ത്രിയാക്കിയാൽ അങ്ങനെ. കെ.സി വേണുഗോപാൽ എം.പി സംഘടനാ ജനറൽ സെക്രട്ടറിയാണ്. ശശി തരൂർ എം.പിയാണെങ്കിൽ പ്രവർത്തകസമിതിയംഗമാണ്. കെ.സി തന്റെ പഴയ അസംബ്ലി മണ്ഡലമായ ആലപ്പുഴയിൽ ഉണ്ട്. ഒന്ന് പൊടിതട്ടി എടുക്കണം, അത്രമാത്രമേയുള്ളൂ. ശശി തരൂരിന് മണ്ഡലം സ്വന്തമായില്ല. പിന്നെ കൊടിക്കുന്നിൽ സുരേഷ് ആണ് അടുത്ത ഊഴക്കാരൻ. സുരേഷിന് സ്വന്തം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ഏതെങ്കിലും ഒന്ന് തപ്പിയെടുക്കാം. മന്ത്രിയില്ലെങ്കിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമായാലും മതി.
എറണാകുളത്ത് ഹൈബി ഈഡനും ചാലക്കുടിയിൽ ബന്നി ബെഹ്‌നാനും. ഹൈബിക്ക് മന്ത്രി മോഹവും ബന്നിക്ക് കെ.പി.സി.സി പ്രസിഡന്റും. ഒരു ക്രിസ്ത്യൻ പ്രസിഡന്റിനുവേണ്ടി കെ.പി.സി.സി ദാഹിക്കുന്നുവെന്നത് മധ്യതിരുവിതാംകൂർ കഥ. ഷാഫിക്ക് പാലക്കാട്ട് ഇനി ഒരങ്കത്തിനുകൂടി ബാല്യമുണ്ട് എന്ന് വിശ്വാസം. കെ. സുധാകരന്റേത് രാജിഭീഷണിയും വെല്ലുവിളിയുമാണ്. പാലക്കാട് ജില്ലയിൽ അസംബ്ലി മണ്ഡലങ്ങൾക്കും നല്ല തിരക്കാണ്. ഒറ്റപ്പാലത്ത് സന്ദീപ് വാര്യർ ക്യൂവിലാണ്. എൽ.ഡി.എഫിൽ ഇടമില്ല. സരിൻ നേരത്തെ ബുക്ക്ഡ്- മാങ്കൂട്ടത്തിൽ പത്തനംതിട്ട ജില്ലയ്ക്ക് ചാടേണ്ടി വരുമോ? ഇതിൽ ചിലരെങ്കിലും ജയിച്ചാൽ എൽ.ഡി.എഫിനും എൻ.ഡി.എയ്ക്കും പുതിയ ലോക്‌സഭാ സീറ്റുകൾ കിടയ്ക്കും. വീണ്ടും സംഭവാമി യുഗേ യുഗേ!