
ദോഹ: പൊതുസുരക്ഷ മുൻനിർത്തി രാജ്യത്തെ എല്ലാത്തരം സമുദ്രവിനോദങ്ങൾക്കും വിനോദസഞ്ചാര-മത്സ്യബന്ധന യാനങ്ങളുടെ സർവീസുകൾക്കും ഗതാഗത മന്ത്രാലയം താൽക്കാലിക വിലക്കേർപ്പെടുത്തി. വിനോദ ബോട്ടുകൾ, മത്സ്യബന്ധന ബോട്ടുകൾ, ജെറ്റ് സ്കീകൾ എന്നിവയുൾപ്പെടെയുള്ള എല്ലാത്തരം ചെറുകിട, ഇടത്തരം ജലവാഹനങ്ങൾക്കും ഈ നിർദ്ദേശം ബാധകമാണ്.
ഇന്നലെമുതൽ ( ജൂൺ 29) പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചത്.അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ കടലിൽ പോകുന്നതും സമുദ്രവിനോദങ്ങളിൽ ഏർപ്പെടുന്നതും പൂർണ്ണമായും നിർത്തിവെക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര കപ്പലുകൾക്ക് ഇളവ്
അതേസമയം, അന്താരാഷ്ട്ര സമുദ്ര സുരക്ഷാ കരാറുകളുടെ പരിധിയിൽ വരുന്ന വലിയ ചരക്കുകപ്പലുകൾക്കും മറ്റ് യാനങ്ങൾക്കും ഈ വിലക്ക് ബാധകമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇവ നിലവിലുള്ള നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി തങ്ങളുടെ സർവീസുകൾ തുടരും.
രാജ്യത്തെ ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് ഈ താൽക്കാലിക മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകൾ ഔദ്യോഗിക ചാനലുകൾ വഴി യഥാസമയം അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.











