
തിരുവനന്തപുരം: ജിഎൻഎ വഴി തൽക്കാലം വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കെഎസ്ഇബി ചെയർമാനുമായും ഊർജ സെക്രട്ടറിയുമായും മുഖ്യമന്ത്രി സംസാരിച്ചതായാണ് വാർത്തകളിലൂടെ മനസിലാക്കിയത്. മുഖ്യമന്ത്രി വകുപ്പ് മന്ത്രിക്ക് മുകളിലാണെന്നും ആവശ്യമായ സാഹചര്യങ്ങളിൽ ഏതു വകുപ്പിലും ഇടപെടാൻ അദ്ദേഹത്തിന് അധികാരമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ദീർഘനേരം ചർച്ച നടത്തിയിരുന്നതായും മന്ത്രി വ്യക്തമാക്കി. വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകി കെഎസ്ഇബി മുൻ ചെയർമാൻ റിപ്പോർട്ട് സമർപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്താനുള്ള നീക്കത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബറിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ കഴിഞ്ഞത് ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി ലഭിച്ചതുകൊണ്ടാണെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. നവംബർ മുതൽ 2027 മേയ് വരെ ഹിമാചലിൽനിന്ന് വൈദ്യുതി ലഭ്യമാക്കുന്നത് സംസ്ഥാനത്തിന് ഗുണകരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇതുമായി ബന്ധപ്പെട്ട ഫയൽ മുന്നോട്ടുപോയതെന്നും മന്ത്രി വിശദീകരിച്ചു.










