
കേരളത്തിലെ 2.7 കോടി വോട്ടർമാർ ഏപ്രിൽ ഒൻപതിന് വിധിയെഴുതും. ഏപ്രിൽ ഒൻപതിന് തന്നെയാണ് ആസമിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വോട്ടെടുപ്പ്. തമിഴ്‌നാട്ടിൽ ഏപിൽ 23 നും പശ്ചിമബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിലായും വോട്ടെടുപ്പ് നടക്കും. എല്ലായിടത്തും മേയ് നാലിനാണ് വോട്ടെണ്ണൽ.
അസമിൽ 126 സീറ്റാണ് ആകെയുള്ളത്. 2021 ൽ ഫലം വരുമ്പോൾ എൻ.ഡി.എ ഇവിടെ 75 സീറ്റുമായി ഭരണം പിടിച്ചു. കോൺഗ്രസ് സഖ്യത്തിന് 50 സീറ്റാണ് ലഭിച്ചത്. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് പോയ ഹിമന്ത ബിശ്വശർമ്മയാണ് മുഖ്യമന്ത്രിയായത്. തുടർച്ചയായി മൂന്നുതവണ മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗോയിയെ മാറ്റി മുഖ്യമന്ത്രിയാക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടപ്പോഴാണ് ഹിമന്ത ബിശ്വശർമ്മ ബി.ജെ.പിയിലെത്തിയത്.
ബി.ജെ.പി നേതാവെന്ന നിലയിൽ ബംഗ്ലാദേശ് കുടിയേറ്റത്തെ വിട്ടുവീഴ്ചയില്ലാതെ എതിർത്ത് മുസ്ലീം വിരോധം പ്രകടിപ്പിച്ച് തീവ്രഹിന്ദുത്വത്തിന്റെ വക്താവായി മാറി. 2016 ൽ ബി.ജെ.പിക്ക് അധികാരം ലഭിച്ചപ്പോൾ സർബാനന്ദ സോനോവാളിനെയാണ് മുഖ്യമന്ത്രിയാക്കിയതെങ്കിലും അനധികൃത കുടിയേറ്റക്കാരെ അതിർത്തി കടത്തണമെന്ന പ്രചാരണത്തിൽ 2021 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഹിമന്തബിശ്വ ശർമ്മ കത്തിക്കയറിയപ്പോൾ 2021 ൽ മുഖ്യമന്ത്രിസ്ഥാനം ഹിമന്ത ബിശ്വശർമ്മയ്ക്ക് നൽകുകയല്ലാതെ ബി.ജെ.പിക്ക് നിവൃത്തിയില്ലായിരുന്നു.
തരുൺ ഗോഗോയിയുടെ മകനും ലോക്‌സഭയിലെ കോൺഗ്രസ് ഉപനേതാവുമായ ഗൗരവ് ഗോഗോയിയാണ് പി.സി.സി അദ്ധ്യക്ഷൻ. ഗോഗോയിയെ മുന്നിൽ നിർത്തിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മുൻ പി.സി.സി അദ്ധ്യക്ഷൻ ഭൂപേൻകുമാർ ബോറ കഴിഞ്ഞമാസം ബി.ജെ.പിയിലേയ്ക്ക് പോയി. കഴിഞ്ഞതവണ കോൺഗ്രസിന് 29 ഉം ഒപ്പമുണ്ടായിരുന്ന ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും എൻ.ഡി.എഫിന് ഒപ്പം പോയി. എങ്കിലും ജീവന്മരണ പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത്.
33 അംഗ പുതുച്ചേരി നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 17 സീറ്റാണ്. 2021 ൽ എൻ.ആർ.സി 10, ബി.ജെ.പി 6, സ്വതന്ത്രർ 6, ഡി.എം.കെ 6, കോൺഗ്രസ് 20 എന്നിങ്ങനെയായിരുന്നു കക്ഷി നില. കോൺഗ്രസ് പിളർന്നുണ്ടായ എൻ.ആർ.സിയും ബി.ജെ.പിയും ഒരു ഭാഗത്തും ഡിഎംകെയും കോൺഗ്രസും മറുഭാഗത്തും അണിനിരന്ന് മത്സരിക്കുന്നു.
234 സീറ്റുള്ള തമിഴ്‌നാട്ടിൽ കേവലഭൂരിപക്ഷം ലഭിക്കാൻ 118 സീറ്റു വേണം. കഴിഞ്ഞതവണ ഡി.എം.കെ സഖ്യത്തിന് 159 സീറ്റും അണ്ണാ ഡി.എം.കെ സഖ്യത്തിന് 75 സീറ്റുമാണ് ലഭിച്ചത്. മുഖ്യമന്ത്രി എ.കെ. സ്റ്റാലിന്റെ ഭരണനേട്ടങ്ങളും ഡി.എം.കെയുടെ കേന്ദ്രനയങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടും കൊണ്ട് ഭരണവിരുദ്ധത വോട്ടർമാരിൽ ഇല്ലെന്നു ഡി.എം.കെ വിലയിരുത്തുന്നു. എടപ്പാടി പളനിസ്വാമിയുടെ അണ്ണാ ഡി.എം.കെ പഴയതിലും ദുർബലമായി. വിജയ്‌യുടെ ടി.വി.കെയ്ക്ക് തമിഴ്‌നാട് രാഷ്ട്രീയത്തിൽ എന്ത് പ്രസക്തി എന്നതിന്റെ കൂടി വിലയിരുത്തലാവും ഈ തിരഞ്ഞെടുപ്പ്.
പശ്ചിമബംഗാളിൽ എന്ത് സംഭവിക്കും എന്ന് രാജ്യം ഉറ്റുനോക്കുകയാണ്. 294 സീറ്റുള്ള ഇവിടെ കേവല ഭൂരിപക്ഷത്തിന് 148 സീറ്റുവേണം. കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസിന് 216 സീറ്റ് ലഭിച്ചപ്പോൾ ബി.ജെ.പിക്ക് ലഭിച്ചത് 77 സീറ്റുകളാണ്. കേന്ദ്ര സർക്കാർ ബംഗാൾ ഭരണം പിടിക്കാൻ കഴിഞ്ഞതവണ വരെ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളിലെ മുഖ്യമന്ത്രി മമത ബാനർജിയോടും തൃണമൂൽ കോൺഗ്രസിനോടുമുള്ള ബി.ജെ.പിയുടെ ശത്രുത രാജ്യം മുഴുവൻ അറിയാവുന്നതാണ്.
ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടൽ തിരഞ്ഞെടുപ്പ് സമയത്ത് എന്തെല്ലാം അനിഷ്ടസംഭവങ്ങൾക്കിടയാക്കും എന്ന ആശങ്ക രാജ്യത്തെ ജനാധിപത്യവാദികൾക്ക് മുഴുവനും ഉണ്ട്. സംസ്ഥാന സർക്കാരിനോട് മൃദുസമീപനം സ്വീകരിച്ചു എന്നതിന്റെ പേരിലാണ് ഗവർണർ സി.വി. ആനന്ദബോസിനെ മാറ്റി കടുത്ത നിലപാടുകാരനായ ആർ.എൻ.രവിക്ക് ചുമതല കൊടുത്തത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പുകമ്മീഷൻ നേരിട്ടും ബംഗാൾ സംസ്ഥാന ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, ക്രമസമാധാന എ.ഡി.ജി.പി, ജയിൽ ഡി.ജി, കൊൽക്കത്ത കമ്മീഷണർ തുടങ്ങിയവരെ തിരഞ്ഞെടുപ്പ് പ്രക്രിയ കഴിയുംവരേക്ക് ഒന്നിച്ചു സ്ഥലം മാറ്റുന്ന അസാധാരണ നടപടിയും രാജ്യം കണ്ടു. ബംഗാളിലടക്കം എല്ലാ സംസ്ഥാനങ്ങളിലും, പാർലമെന്ററി ജനാധിപത്യത്തിന്റെയും ഇന്ത്യൻ ഭരണഘടനയുടെയും മഹത്വം നഷ്ടപ്പെടാത്തവിധം തിരഞ്ഞെടുപ്പ് പ്രക്രിയ നിയമവാഴ്ചയും സുതാര്യതയും ഉറപ്പാക്കി സമാധാനപൂർവ്വം നടക്കണം.










