10:32pm 30 September 2026
NEWS
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി ഈ കടമ്പയില്ല; കേരളത്തിൽ ഡിക്ലറേഷൻ ഫോം ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
30/09/2026  09:34 AM IST
nila
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി ഈ കടമ്പയില്ല; കേരളത്തിൽ ഡിക്ലറേഷൻ ഫോം ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: കേരളത്തിൽ പുതിയ വോട്ടറായി പേര് ചേർക്കാൻ ഇനി ഡിക്ലറേഷൻ ഫോം നൽകേണ്ടതില്ല. എസ്ഐആർ നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിലെ പുതിയ വോട്ടർ അപേക്ഷകളിൽനിന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അധിക ഫോം ഒഴിവാക്കിയത്. വോട്ടേഴ്സ് പോർട്ടലിൽനിന്ന് ഇന്നലെ രാത്രിയോടെ ഡിക്ലറേഷൻ ഫോം നീക്കി.

ഇതോടെ കേരളത്തിൽ പുതിയ വോട്ടറായി രജിസ്റ്റർ ചെയ്യാൻ ‘ഫോം 6’ സമർപ്പിച്ചാൽ മതിയാകും. എസ്ഐആർ നടപടികൾ പൂർത്തിയായതിന് ശേഷവും പുതിയ വോട്ടർമാർ എസ്ഐആറുമായി ബന്ധപ്പെട്ട അധിക നടപടികൾ പാലിക്കേണ്ട സാഹചര്യം ഇതോടെ ഒഴിവായി.

അതേസമയം, എസ്ഐആർ ഇപ്പോഴും നടക്കുന്ന ഡൽഹി ഉൾപ്പെടെയുള്ള 13 സംസ്ഥാനങ്ങളിൽ ഡിക്ലറേഷൻ ഫോം നിലവിൽ തുടരും. അവിടെയും എസ്ഐആർ നടപടികൾ പൂർത്തിയാകുന്നതോടെ അധിക ഫോം ഒഴിവാക്കും.

പഴയ വോട്ടർപട്ടികയുടെ രേഖകൾ തേടേണ്ട സാഹചര്യമില്ല

ഡിക്ലറേഷൻ ഫോം വഴി അപേക്ഷകൻ പഴയ എസ്ഐആർ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിരുന്നുവോ, അല്ലെങ്കിൽ മാതാപിതാക്കളിൽ ആരെങ്കിലും ആ പട്ടികയിൽ ഉണ്ടായിരുന്നോ എന്നതിന്റെ വിവരങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. ഇത് തെളിയിക്കാൻ കഴിയാത്തവർക്ക് അധിക രേഖകൾ ഹാജരാക്കേണ്ടിവന്നിരുന്നു.

പുതിയ വോട്ടറായി പേര് ചേർക്കുന്നതിനൊപ്പം ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വോട്ട് മാറ്റുന്നതിനുള്ള ‘ഫോം 8’ അപേക്ഷയിലും ഡിക്ലറേഷൻ ഫോം ആവശ്യപ്പെട്ടിരുന്നു.

ചട്ടഭേദഗതിയില്ലാതെ ഫോം ചേർത്തതിനെതിരെ വിയോജിപ്പ്

നിലവിലുള്ള ‘ഫോം 6’ ചട്ടത്തിൽ ഭേദഗതി വരുത്താതെയാണ് ഡിക്ലറേഷൻ ഫോം അധികമായി ഉൾപ്പെടുത്തിയതെന്നതായിരുന്നു വിവാദത്തിന്റെ പ്രധാന കാരണം. 1960ലെ Registration of Electors Rules ഭേദഗതി ചെയ്യാതെ ഇത്തരമൊരു അധിക നിബന്ധന കൊണ്ടുവരാനാകില്ലെന്ന നിലപാടുമായി തിരഞ്ഞെടുപ്പ് കമ്മിഷണർ വിവേക് ജോഷി മേയ് 16ന് വിയോജനക്കുറിപ്പ് നൽകിയിരുന്നു.

തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.എസ്. സന്ധുവും ഓഗസ്റ്റ് 13ന് ഇതിനെതിരെ കത്തെഴുതി. നിയമപരമായ ഭേദഗതിയില്ലാതെ വരുത്തിയ മാറ്റത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തത്.

എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ ഇനി നടപടിക്രമം ലളിതം

പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നതോടെ കേരളം പോലുള്ള എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ പുതിയ വോട്ടറായി രജിസ്റ്റർ ചെയ്യുന്നതിനും മറ്റൊരു സംസ്ഥാനത്തേക്ക് വോട്ട് മാറ്റുന്നതിനും പഴയ എസ്ഐആർ പട്ടിക പരിശോധിച്ച് അധിക രേഖകൾ കണ്ടെത്തേണ്ടതില്ല.

എന്നാൽ എസ്ഐആറിന്റെ ഭാഗമായി നടക്കുന്ന ക്ലെയിംസ് ആൻഡ് ഒബ്ജക്ഷൻസ് നടപടികളിൽ ഡിക്ലറേഷൻ ഫോം ആവശ്യമായി തുടരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img