03:20pm 02 November 2026
NEWS
വയോജന ക്ഷേമവും മിഷൻ സമുദ്രയും; ശുഭപ്രതീക്ഷ നൽകിയ നിയമസഭാസമ്മേളനം
02/11/2026  02:22 PM IST
ചെറുകര സണ്ണീലൂക്കോസ്
വയോജന ക്ഷേമവും മിഷൻ സമുദ്രയും; ശുഭപ്രതീക്ഷ നൽകിയ നിയമസഭാസമ്മേളനം

പ്രവർത്തനമികവ്, ജനാധിപത്യപരമായ ചർച്ചകൾ, സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവ കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ പാർലമെന്ററി സംവിധാനത്തിൽ കേരള നിയമസഭ സവിശേഷമായ ഒരു സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. നിയമസഭാ സമിതികളുടെ മികച്ച പ്രവർത്തനം, ചോദ്യോത്തര വേളകളുടെ കാര്യക്ഷമത എന്നിവയിൽ രാജ്യത്തെ ഏറ്റവും മികച്ചതും മാതൃകാപരവുമായ നിയമസഭ എന്ന നിലയിലാണ് കേരള നിയമസഭയെ കണക്കാക്കുന്നത്.

ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയ സഭയാണ് കേരളത്തിലേത്. രാജ്യത്താദ്യമായി പൊതുജനങ്ങൾക്കും നിയമസഭയിൽ ചോദ്യം ചോദിക്കാൻ കേരള നിയമസഭയുടെ ഇ- നിയമസഭാ വെബ് പോർട്ടലിൽ സൗകര്യം ഒരുക്കിക്കഴിഞ്ഞു. നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ നിലവിൽ എം.എൽ.എമാർക്ക് മാത്രമാണ് അവകാശമുള്ളത്. ഇനി മുതൽ ജനങ്ങൾക്കും സർക്കാരിനോട് നേരിട്ട് ചോദ്യം ചോദിക്കാൻ അവസരം നൽകുന്ന 'പീപ്പിൾസ് ക്വസ്റ്റ്യൻ അവറിന്'(ജനങ്ങളുടെ ചോദ്യോത്തരവേള) സോഫ്റ്റ്‌വെയർ തയ്യാറായി കഴിഞ്ഞു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഈ ആശയം നടപ്പാകാൻ നിയമസഭാ ചട്ടം ഭേദഗതി ചെയ്താൽ മതി. പൊതുപ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ വീഡിയോയിൽ ചിത്രീകരിച്ച് വെബ്‌പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഒരു ഉപചോദ്യം ചോദിക്കണമെന്നുണ്ടെങ്കിൽ ചോദ്യകർത്താവ് ഓൺലൈനിൽ ഹാജരാകണം.

നിയമസഭ സമ്മേളിക്കുന്ന ദിവസങ്ങളുടെ എണ്ണത്തിലും കേരളം മുന്നിലാണ്. ഒരു വർഷം ശരാശരി 40 ദിവസം മുതൽ 50 ദിവസം വരെ സഭ സമ്മേളിക്കുന്നുണ്ട്. 2022 ൽ 41 ദിവസവും 2023 ൽ 29 ദിവസവും 2024 ൽ 38 ദിവസവും 2025 ൽ 39 ദിവസവുമാണ് കേരളനിയമസഭ സമ്മേളിച്ചത്. അതേസമയം 2025 ൽ 25 ദിവസം സമ്മേളിച്ച തമിഴ്‌നാട് നിയമസഭ ഈ വർഷം ഇതുവരെ 37 ദിവസം സമ്മേളിച്ചു. തമിഴ്‌നാട് നിയമസഭയെ സംബന്ധിച്ച് ഇത് അസാധാരണമാണ്. എന്നാൽ ഈ വർഷം കേരള നിയമസഭ ഇതുവരെ 53 ദിവസം സമ്മേളിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് മാർച്ച് 26 വരെ 32 ദിവസം സഭ സമ്മേളിച്ചിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ 16-ാം നിയമസഭയുടെ ഒന്നാം സമ്മേളനം മേയ് 21 മുതൽ 12 ദിവസമാണ് ചേർന്നത്. രണ്ടാം സമ്മേളനം ഒക്‌ടോബർ 12 മുതൽ 29 വരെയുള്ള 9 ദിവസവും സമ്മേളിച്ചു.

ഒക്‌ടോബർ 12 മുതൽ നടന്ന നിയമസഭ സമ്മേളനം ഏതാനും ദിവസത്തേതുമാത്രമായിരുന്നെങ്കിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായ ചരിത്രപ്രധാനമായ ചില നിയമങ്ങൾ(ബില്ലുകൾ) അവതരിപ്പിച്ചുകൊണ്ടാണ് ശ്രദ്ധേയമായത്. അതിൽ ഏറ്റവും സവിശേഷമായത് മുതിർന്ന പൗരന്മാർക്ക് ചൂഷണങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും മുക്തരായി അന്തസ്സുറ്റ ജീവിതം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിലവതരിപ്പിച്ച 'കേരളം മുതിർന്ന പൗരന്മാരുടെ(പരിചരണവും അവകാശസംരക്ഷണവും) ബിൽ' തന്നെയായിരുന്നു. ബിൽ ഏകകണ്ഠമായിട്ടാണ് സെലക്ട് കമ്മിറ്റിക്ക് വിട്ടത്.

വയോജന ക്ഷേമത്തിനായി കരുതൽനിധി രൂപീകരിക്കാനും അൽഷ്‌മൈഴ്‌സ്, ഡിമെൻഷ്യ, പാർക്കിസൺസ് തുടങ്ങിയ രോഗങ്ങളുള്ളവർക്ക് പ്രത്യേക പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കാനും ബിൽ നിർദ്ദേശിക്കുന്നു. ആരോഗ്യകരമായ വാർദ്ധക്യം വീട്ടിൽതന്നെ ഉറപ്പാക്കുന്നതിനൊപ്പം തൊഴിലിനോ വരുമാനദായക പ്രവർത്തനങ്ങൾക്കോ ഉള്ള അവസരം, ഭക്ഷ്യ-പാർപ്പിട- ആരോഗ്യ സുരക്ഷ, ഇൻഷുറൻസ് എന്നിവയും ഉറപ്പുവരുത്തും.

സർക്കാർ ഗ്രാന്റ്, തദ്ദേശ സ്ഥാപനഫണ്ട്, സി.എസ്.ആർ ഫണ്ട്, ഫീസ്, പിഴ, സംഭാവനകൾ, ഒസ്യത്ത് എന്നിവ ഉൾപ്പെടുത്തി രൂപീകരിക്കുന്ന കരുതൽനിധി വകുപ്പിന്റെ ഡയറക്ടർമാരുടെ പേരിൽ ദേശസാൽകൃത ബാങ്കിൽ സൂക്ഷിക്കണം. നിയമം പ്രാബല്യത്തിൽ വന്നശേഷം നിർമ്മിക്കുന്ന എല്ലാ പൊതു-താമസ കെട്ടിടങ്ങളും വ്യാപാരസമുച്ചയങ്ങളും വയോജന സൗഹൃദമായിരിക്കണം എന്ന് പെർമിറ്റ് നൽകുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. പൊതുഓഫീസുകളിൽ പ്രായമായവർക്ക് പ്രത്യേക ക്യൂ, എല്ലാ പോലീസ് സ്റ്റേഷനുകളിലും നോഡൽ ഓഫീസർ, ആശുപത്രികളിൽ വയോജന ഒ.പി, ക്ലിനിക്കുകൾ എന്നിവ നിർബന്ധമാക്കും. ദുർബലരായ മുതിർന്ന വനിതകൾക്ക് സർക്കാർ പരിചരണ കേന്ദ്രങ്ങളിൽ മുൻഗണന നൽകും. സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന വ്യത്യസ്ത സ്വഭാവത്തിലുള്ള, മുതിർന്ന പൗരന്മാരുടെ പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലെ അടിസ്ഥാന നിലവാരവും സുതാര്യതയും ഉറപ്പുവരുത്തുന്നതിലേക്കായി അവയുടെ രജിസ്‌ട്രേഷൻ, നിയന്ത്രണം, നിരീക്ഷണം എന്നിവ സാധ്യമാക്കും. ആശാസ്യകരവും ഊർജ്ജസ്വലവുമായ വാർദ്ധക്യം പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബാംഗങ്ങൾക്കും പരിചരണ ദാതാക്കൾക്കും പിന്തുണയും ശേഷിവികസനവും നൽകുന്നതിനും ബിൽ ലക്ഷ്യമിടുന്നു.

അവകാശലംഘനങ്ങൾക്കും വീഴ്ചകൾക്കും കർശന ശിക്ഷയാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ളയാൾ ഉപേക്ഷിക്കുക, പരിചരണ കേന്ദ്രത്തിലെ അന്തേവാസിയുടെ സ്വത്ത് കൈവശപ്പെടുത്തുക, ശാരീരിക മാനസിക പീഡനത്തിനിരയാക്കുക എന്നീ കുറ്റങ്ങൾക്ക് 3 വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും.

നിയമം നടപ്പാക്കുന്നത് നിരീക്ഷിക്കാൻ 4 സമിതികളും രൂപീകരിക്കും. വയോധികർക്ക് സൈബർ തട്ടിപ്പിൽ നിന്നുള്ള സംരക്ഷണം, സൗജന്യനിയമ സഹായം, ന്യായവിലയ്ക്ക് ചലന ശ്രവണ സഹായികൾ എന്നിവയും ഉറപ്പുവരുത്തുന്നതടക്കം കാലഘട്ടത്തിന്റെ ആവശ്യമായി മാറിയ സമഗ്രമായ ഒരു നിയമനിർമ്മാണം രാജ്യത്താദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളത്തിൽ നടപ്പാക്കുന്നു എന്നത് മലയാളികൾക്ക് മുഴുവൻ അഭിമാനിക്കാൻ വക നൽകുന്നു.

പ്രതിപക്ഷ നേതാവായിരിക്കുമ്പോഴേ കേരളത്തിന്റെ വികസനത്തിന് വി.ഡി. സതീശൻ സ്വപ്നം കണ്ടിരുന്ന പദ്ധതിയാണ് മിഷൻ സമുദ്ര. സംസ്ഥാനത്തിന്റെ സമുദ്രഭരണം പുനഃക്രമീകരിക്കുന്നതിനായി ഒക്‌ടോബർ 14 ന് മുഖ്യമന്ത്രി കേരള നിയമസഭയിൽ 'കേരളം മാരിടൈം ബോർഡ്(ഭേദഗതി) ബിൽ' അവതരിപ്പിച്ചു. 2017 ലെ മാരിടൈം ബോർഡ് നിയമത്തിൽ സമൂലമായ മാറ്റങ്ങൾ ആണ് പുതിയ നിയമത്തിലുള്ളത്. കേരളത്തിന്റെ 600 കിലോമീറ്റർ തീരപ്രദേശം, രണ്ട് അന്താരാഷ്ട്രതുറമുഖങ്ങൾ, ഒരു കണ്ടെയ്‌നർ ടെർമിനൽ, 18 ചെറുകിട തുറമുഖങ്ങൾ എന്നിവ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാൽ കേരളത്തിന്റെ വികസനത്തിൽ അത്ഭുതങ്ങൾ രചിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വപ്നം കാണുന്നു.

അദ്ദേഹം ബിൽ അവതരിപ്പിച്ചുകൊണ്ട് നിയമസഭയിൽ പറഞ്ഞു: 'സാർ കടൽ നമുക്ക് അതിരുമാത്രമല്ല ചരിത്രത്തിലേക്കും ഭാവിയിലേക്കുമുള്ള വാതിലാണ്. സിയാറ്റിലും സിംഗപ്പൂരുംപോലെ കേരളം ഒരു തുറമുഖ നഗരമാകും. കൊച്ചിയിലും കോഴിക്കോട്ടും ക്രൂയിസ് ടെർമിനലുകൾ വരും. ദുബായ്‌ലേക്കും മാലദ്വീപിലേക്കും ശ്രീലങ്കയിലേയ്ക്കും ഗോവയിലേയ്ക്കുമൊക്കെ ക്രൂയിസ് കപ്പലുകൾ ഓടും. കാസർഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്ക് കടലിലൂടെ ഉല്ലാസയാത്ര നടത്താം. നമ്മുടെ 44 നദികളിലും വരും റിവർക്രൂയിസ്. അതാണ് സാർ എന്റെ സ്വപ്നം.'
അംഗങ്ങളും ആ സ്വപ്നത്തിൽ ആവേശഭരിതരായി. 3 പേർക്ക് ആണ് പ്രസംഗിക്കാൻ അവസരം നൽകിയിരുന്നതെങ്കിലും 10 പേർ എഴുന്നേറ്റ് തങ്ങളുടേതായ നിർദ്ദേശങ്ങൾ വെച്ചു. ക്ഷമയോടെ അവർക്കെല്ലാം മുഖ്യമന്ത്രി വഴങ്ങിക്കൊടുത്തു. പദവിയില്ലെങ്കിലും പ്രതിപക്ഷ ഉപനേതാവായി ആക്ട് ചെയ്യുന്ന കെ.എൻ. ബാലഗോപാൽ ഇടപെട്ടു. 2 തവണ മുഖ്യമന്ത്രി ചർച്ചയ്ക്ക് മറുപടി പറഞ്ഞു. അതിനുശേഷവും എം.എൽ.എമാർ പ്രസംഗിക്കുന്നു. എന്താണിത് സാർ? നമുക്ക് ഒരു സിസ്റ്റമുള്ളതല്ലേ? മറുപടി പറഞ്ഞത് മുഖ്യമന്ത്രിയാണ്.' ഇത് അങ്ങനെ ഒരു നിയമമല്ല. നമ്മൾ പാസാക്കി വിടുന്ന നിയമം ഏതെങ്കിലും ജഡ്ജി എടുത്തുവായിച്ചിട്ട് ഇതാരുണ്ടാക്കിയതാണെന്ന് ചോദിക്കരുത്. അതുകൊണ്ടാണ് പരമാവധി നിർദ്ദേശങ്ങൾ സ്വീകരിച്ചത്.' തുടർന്ന് എതിർപ്പൊന്നുമില്ലാതെ മാരിടൈം ബോർഡ് ഭേദഗതി ബിൽ സബ്ജക്റ്റ് കമ്മിറ്റിയിലേക്ക് പോയി.
25 കോടി രൂപയ്ക്ക് മുകളിലുള്ള വ്യവസായ നിക്ഷേപപദ്ധതികളുടെ അനുമതി വേഗത്തിലാക്കുന്ന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ച ബിൽ 'സരൾ'(സിംപ്ലിഫൈഡ് ആൻഡ് ആക്‌സിലറേറ്റഡ് റെഗുലേറ്ററി അപ്രൂവൽസ് ആൻഡ് ലൈസൻസിംഗ്) കേരളം' പുതിയ വ്യവസായ സംരംഭങ്ങൾ വരുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കും എന്നതിൽ സംശയമില്ല.

ഒരു സംസ്ഥാനം, ഒരു  അനുമതി, ഒരു രേഖ എന്ന തത്വം അടിസ്ഥാനമാക്കിയുള്ള 'സരൾ' ബിൽ ഈ സഭാസമ്മേളനത്തിലെ ഒരു സുപ്രധാന കാൽവെപ്പാണ്. വിവിധ നിയമപ്രകാരമുള്ള ലൈസൻസുകൾ, ക്ലിയറൻസുകൾ, പെർമിറ്റുകൾ തുടങ്ങിയവ ബന്ധപ്പെട്ട വകുപ്പുകളുടെയോ ഏജൻസികളുടെയോ പരിശോധനകളുടെ അടിസ്ഥാനത്തിൽ 75 ദിവസത്തിനകം നൽകുന്നത് നിർബന്ധമാക്കുന്നതാണ് ഈ ബിൽ. സംസ്ഥാന ജില്ലാതലങ്ങളിൽ പരിശോധനയ്ക്കും അംഗീകാരത്തിനും സമിതികളുണ്ടാകും. സരൾ കേരളം എന്ന പേരിൽ സ്റ്റാറ്റിയൂട്ടറി അതോറിറ്റിയും രൂപീകരിക്കും. നിക്ഷേപകർക്ക് മുന്നിൽ നിയമങ്ങൾ തടസ്സമാകരുതെന്നാണ് സർക്കാരിന്റെ നിലപാട് എന്നത് വ്യക്തമാക്കുന്നത് കൂടിയാണ് 'സരൾ' ബിൽ.

കേരള കോർട്ടുഫീസും സ്യൂട്ട് വാലുവേഷനും(ഭേദഗതി) ബിൽ 2026, മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്(ഭേദഗതി) ബിൽ 2026 എന്നിവയും ഈ സമ്മേളനത്തിലവതരിപ്പിക്കുകയുണ്ടായി.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തൃതി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടുന്ന നിയമസഭാ പ്രമേയം പാസാക്കാൻ യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയും ഒരുമിച്ചു എന്നത് കൗതുകകരമായി. അതേസമയം പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മാംഗ്ലൂരു മേഖലയെ വേർപെടുത്തിയത് പിൻവലിക്കണമെന്ന രമേശ് പിഷാരടിയുടെ പ്രമേയത്തിന് ബി.ജെ.പിയുടെ പിന്തുണയുണ്ടായില്ല. ഗ്യാനേഷ്‌കുമാറിനെതിരായ പ്രമേയം വോട്ടിനിട്ടു പാസാക്കിയപ്പോഴും ബി.ജെ.പിയുടെ 3 പേർ എതിർത്തു.

ഒന്നരവർഷം മുൻപ് എൽ.ഡി.എഫ് സർക്കാർ കാലത്ത് നിയമസഭാ പാസാക്കിയ സ്വകാര്യസർവ്വകലാശാല ബിൽ പിൻവലിക്കാനുള്ള പ്രമേയം പാസായത് എൽ.ഡി.എഫിന്റെ വിയോജിപ്പോടെയാണ്. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ഒരു ബിൽ പിൻവലിക്കാനുള്ള പ്രമേയം, കേരള നിയമസഭാ പാസാക്കുന്നത് ചരിത്രത്തിലാദ്യമായാണ്.

മറ്റെല്ലാ നിയമസഭാ സമ്മേളനങ്ങളും പോലെ പ്രതിപക്ഷം ദിവസവും ഏതെങ്കിലും വിഷയത്തിൽ അടിയന്തിരപ്രമേയം അവതരിപ്പിക്കുന്നുണ്ടായിരുന്നു. ആരോഗ്യമേഖലയിലെ പ്രതിസന്ധി, യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ എസ്.എഫ്.ഐക്കാർക്കുനേരെയുണ്ടായ പോലീസ് ലാത്തിചാർജ്ജ്, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി, ഇടുക്കിയിലെ വന്യജീവി ശല്യവും വനം വകുപ്പിന്റെ കർഷകവിരുദ്ധ ഉത്തരവുകളും എല്ലാം പ്രതിപക്ഷത്തിന് അടിയന്തിരപ്രമേയ വിഷയങ്ങളായി. ഉരുളയ്ക്ക് ഉപ്പേരി എന്നപോലെ മറുപടി കൊടുക്കുന്നതിൽ മന്ത്രിമാരായ കെ. മുരളീധരനും രമേശ് ചെന്നിത്തലയും മികവ് തെളിയിച്ചു.

മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ വിമാനയാത്രയും വിദേശയാത്രയും സംബന്ധിച്ച നിയമസഭയിലെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ഉണ്ടായില്ല. എന്നാൽ മുൻസർക്കാരിന്റെ കാലത്ത് പിണറായി വിജയൻ നടത്തിയ 30 വിദേശ യാത്രകൾ അടക്കം സകല മുൻമന്ത്രിമാരുടെയും യാത്രാവിവരങ്ങൾ നാട്ടകം സുരേഷ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി സർക്കാർ പുറത്തുവിട്ടു. 

ആദ്യസമ്മേളനത്തിലെന്നപോലെ ഈ സമ്മേളനത്തിലും സഭ നടത്തിക്കൊണ്ടുപോകുന്നതിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സമാനതകളില്ലാത്ത വൈഭവം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു. കേരള നിയമസഭയുടെ പ്ലാറ്റിനം ജൂബിലി 2027 ഏപ്രിൽ 27 ന് ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഇപ്പഴേ തുടങ്ങിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img