
ദോഹ: മേഖലയിലെ വിവിധ രാജ്യങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ഖത്തറും അമേരിക്കയും അയൽരാജ്യങ്ങളും ചേർന്ന് സംയുക്തമായി അപലപിച്ചു. ഖത്തർ, സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഇറാന്റെ നടപടിക്കെതിരെ ഒന്നിച്ചുനിന്നത്.ബഹ്‌റൈൻ, ഇറാഖ് (കുർദിസ്ഥാൻ മേഖല ഉൾപ്പെടെ), ജോർദാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെച്ചാണ് ഇറാൻ ആക്രമണം നടത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു.ഇറാന്റെ നടപടികൾ മേഖലയിലെ സമാധാനവും സുസ്ഥിരതയും തകർക്കുന്നതാണ്. യുദ്ധത്തിൽ നേരിട്ട് ഏർപ്പെടാത്ത രാജ്യങ്ങളെ പോലും ലക്ഷ്യം വെക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണെന്ന് കൗൺസിൽ ആരോപിച്ചു.അയൽരാജ്യങ്ങളുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ഇറാൻ ചോദ്യം ചെയ്തിരിക്കുന്നുവെന്ന് കൗൺസിൽ വ്യക്തമാക്കി.മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകർക്കാൻ സഹായിച്ച സംയുക്ത വ്യോമ പ്രതിരോധ സംവിധാനങ്ങളെ പ്രസ്താവനയിൽ പ്രശംസിച്ചു. ഈ സഹകരണം മൂലമാണ് വൻതോതിലുള്ള നാശനഷ്ടങ്ങളും ജീവഹാനിയും ഒഴിവാക്കാൻ സാധിച്ചത്.
മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ ഇറാൻ ഇത്തരം സൈനിക നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്നും ചർച്ചകളുടെ പാതയിലേക്ക് മടങ്ങണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.











