
ദോഹ: ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ) പ്രമാണിച്ചുള്ള അവധി ദിനങ്ങളിലെ ഹെൽത്ത് സെന്ററുകളുടെ പ്രവൃത്തി സമയം പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) പ്രഖ്യാപിച്ചു. മേയ് 26 മുതൽ 30 വരെയുള്ള അവധിക്കാലത്ത് രാജ്യത്തെ ആരോഗ്യ സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കാൻ ആകെ 31 ഹെൽത്ത് സെന്ററുകളിൽ 21 എണ്ണം തുറന്നുപ്രവർത്തിക്കും.
നിശ്ചയിക്കപ്പെട്ട 21 ഹെൽത്ത് സെന്ററുകളിൽ ദിവസവും രാവിലെ 7:00 മണി മുതൽ രാത്രി 11:00 മണി വരെ ഈ സേവനങ്ങൾ ലഭ്യമായിരിക്കും. അൽ വക്ര, എയർപോർട്ട്, അൽ മഷാഫ്, അൽ തുമാമ, റൗദത്ത് അൽ ഖൈൽ, അൽ സദ്ദ്, വെസ്റ്റ് ബേ, ലെബൈബ്, ഉം സലാൽ, അൽ റയ്യാൻ, മുഐതർ, അൽ ഖോർ, അൽ റുവൈസ്, അൽ ശഹാനിയ, അൽ വജ്ബ എന്നിവയുൾപ്പെടെയുള്ള 21 സെന്ററുകളിലാണ് സേവനം ലഭിക്കുക.ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) കീഴിലുള്ള അടിയന്തര പരിചരണ സേവനങ്ങൾ രാജ്യത്തെ 15 ഹെൽത്ത് സെന്ററുകളിൽ 24 മണിക്കൂറും ലഭ്യമായിരിക്കും. കുട്ടികൾക്കായുള്ള അടിയന്തര ചികിത്സാ സൗകര്യം (Pediatric Urgent Care) അൽ വജ്ബ, അൽ തുമാമ, ലെബൈബ്, മുഐതർ, അൽ മഷാഫ്, അൽ സദ്ദ്, അൽ ഖോർ, റൗദത്ത് അൽ ഖൈൽ ഉൾപ്പെടെയുള്ള 10 ഹെൽത്ത് സെന്ററുകളിൽ ഉണ്ടായിരിക്കുമെന്ന് പി.എച്ച്.സി.സി അറിയിച്ചു.










