
ദോഹ: രാജ്യമെങ്ങും വിശ്വാസതീക്ഷ്ണതയോടെയുംആഘോഷപ്പൊലിമയോടെയും ഖത്തർ ഈദുൽ അദ്ഹ (ബലിപെരുന്നാൾ) ആഘോഷിച്ചു. ഇന്നലെ പുലർച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മസ്ജിദുകളിലും ഈദ്ഗാഹുകളിലും പ്രത്യേക പെരുന്നാൾ നമസ്കാരത്തിനായി ആയിരക്കണക്കിന് വിശ്വാസികളാണ് ഒത്തുചേർന്നത്.
ഒരുമയുടെയും ഔദാര്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം വിളിച്ചോതിക്കൊണ്ട്, പരമ്പരാഗത വിരുന്നുകളോടെയും ജീവകാരുണ്യ പ്രവർത്തനങ്ങളോടെയും കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്ന് പെരുന്നാൾ ദിനം മനോഹരമാക്കി.
രാജ്യവ്യാപകമായി 733 മസ്ജിദുകളും പൊതു ഈദ്ഗാഹുകളുമാണ് പെരുന്നാൾ നമസ്കാരത്തിനായി ഔഖാഫ് (ഇസ്ലാമിക കാര്യ മന്ത്രാലയം) ഒരുക്കിയിരുന്നത്. പുലർച്ചെ 5 മണിയോടെയാണ് പെരുന്നാൾ നമസ്കാരം ആരംഭിച്ചത്.
അവധിദിനങ്ങൾ പ്രമാണിച്ച് ഷോപ്പിംഗ് മാളുകൾ, പൊതുവിനോദ കേന്ദ്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവടങ്ങളിലെല്ലാം വിപുലമായ കുടുംബ സൗഹൃദ പരിപാടികളും വിനോദ പരിപാടികളുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തുടനീളം വലിയ ആഘോഷ അന്തരീക്ഷമാണ് പ്രകടമാകുന്നത്. കൂടാതെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പരസ്പരം പെരുന്നാൾ ആശംസകളും ഒരുമയുടെ സന്ദേശങ്ങളും കൈമാറുന്നതിലും പ്രവാസികൾ ഉൾപ്പെടെയുള്ള ജനങ്ങൾ സജീവമായിരുന്നു.










